വിവരദോഷിയുടെ_ഹജ്ജ്
#
ഹിജ്റ രണ്ടാം നൂറ്റാണ്ടിലെ, ബഗ്ദാദിലെ പ്രമുഖ പണ്ഡിതനും ന്യായാധിപനുമായ മഅറൂഫുൽ ഖാള്വിയും സംഘവും ഹജ്ജിനെത്തിയതാണ്. മഹാ പണ്ഡിതന്മാരും ജ്ഞാനികളും ഹജ്ജിൻ്റെ അനുഷ്ഠാന കർമങ്ങളോരോന്നും സൂക്ഷ്മമായി നിർവഹിക്കുന്നു. അദബും ചിട്ടയും പാലിച്ചുകൊണ്ട് പ്രാർത്ഥിക്കുന്നു. അവരുടെ പ്രാർത്ഥന കേൾക്കാൻ തന്നെ ചന്തവും വൃത്തിയുമുണ്ട്.
തുർക്കുമാനിസ്ഥാനിൽ നിന്നെത്തിയ സാധാരണക്കാരനായ ഒരു ഹാജി അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. മറ്റുള്ളവരുടെ ആരാധനയുടെ ചിട്ടയും പ്രാർത്ഥനയുടെ രാഗവും വൃത്തിയും കണ്ടപ്പോൾ തുർക്കുമാനിക്കു സങ്കടമായി. തനിക്ക് ഇവരെ പോലെ വിവരമില്ല. മനോഹമായ ഭാഷയിൽ പ്രാർത്ഥിക്കാനുള്ള കഴിവില്ല. ചിട്ടയിൽ കർമങ്ങൾ സമഗ്രമാക്കാനുള്ള അഗാധജ്ഞാനമില്ല.... അറിയാതെ ആ മനുഷ്യൻ കരഞ്ഞു പോയി.
കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അയാൾ ഇത്രമാത്രം പടച്ചവനോട് പറഞ്ഞു: "അല്ലാഹുവേ, എനിക്ക് ഇവരെ പോലെ പ്രാർത്ഥിക്കാൻ വിവരമില്ല. അതുകൊണ്ട് ഇവരെല്ലാം നിന്നോട് ചോദിക്കുന്നത് എനിക്കും നൽകേണമേ...''
ഹജ്ജ് കഴിഞ്ഞു പിരിഞ്ഞപ്പോൾ മഅറൂഫുൽ ഖാള്വി ഉൾപ്പടെ സച്ചരിതരായ പല പണ്ഡിതന്മാരും ആ വർഷത്തെ മുഴുവൻ ആളുകളുടെയും ഹജ്ജ് സ്വീകരിക്കപ്പെട്ടതായി സ്വപ്നം കണ്ടു. അതിൻ്റെ കാരണം സാധാരണക്കാരിൽ സാധാരണക്കാരനായ പാവം തുർക്കുമാനിയുടെ കണ്ണീരിൽ കുതിർന്നതും, ആത്മാർത്ഥത നിറഞ്ഞതുമായ ആ ഒറ്റവരി പ്രാർത്ഥനയായിരുന്നത്രെ!
Anwar Sadiq faizy Tanur
ചരിത്രത്തിലെ സുവർണ ചിത്രങ്ങൾ- 104,
(ശിഹാബുദ്ദീൻ അബ്ശീഹി: അൽ മുസ്തത്വിരിഫ് 2 /533)
Post a Comment