മദ്യം ഹറാമാണെന്നതിന് 8 തെളിവുകൾ ഈ രണ്ട് ആയതുകളിൽ കാണാം

മദ്യ നിരോധനവുമായി ബന്ധപ്പെട്ട് സൂറതുൽ മാഇദയിൽ വന്ന രണ്ട് ആയതുകൾ:

يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْخَمْرُ وَالْمَيْسِرُ وَالْأَنصَابُ وَالْأَزْلَامُ رِجْسٌ مِّنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ ﴿٩٠﴾ إِنَّمَا يُرِيدُ الشَّيْطَانُ أَن يُوقِعَ بَيْنَكُمُ الْعَدَاوَةَ وَالْبَغْضَاءَ فِي الْخَمْرِ وَالْمَيْسِرِ وَيَصُدَّكُمْ عَن ذِكْرِ اللَّـهِ وَعَنِ الصَّلَاةِ ۖ فَهَلْ أَنتُم مُّنتَهُونَ ﴿٩١﴾
(സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും വിഗ്രഹങ്ങളും പ്രശ്‌നം വെക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തിയത്രേ. തന്മൂലം അത് വര്‍ജിക്കുക; നിങ്ങള്‍ വിജയികളാകാൻവേണ്ടി. മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ജനിപ്പിക്കാനും അല്ലാഹുവിന്റെ സ്മരണയിൽ നിന്നും നമസ്‌കാരത്തിൽ നിന്നും നിങ്ങളെ തടയുവാനും മാത്രമേ പിശാച് ലക്ഷ്യമിടുന്നുള്ളു. അതുകൊണ്ട് നിങ്ങള്‍ക്കത് നിറുത്താനായില്ലേ!)

മദ്യം ഹറാമാണെന്നതിന് 8 തെളിവുകൾ ഈ രണ്ട് ആയതുകളിൽ കാണാം:

ഒന്ന്- رِجْسٌ എന്ന പദം. رِجْسٌ എന്നാൽ نجَس (മാലിന്യം, മ്ലേച്ഛം, അഴുക്ക്) എന്നാണ് അർത്ഥം. എല്ലാ നജസും ഹറാമാണ്.

രണ്ട്- مِنْ عَمَلِ الشَّيْطَانِ (പിശാചിന്റെ പ്രവർത്തിയിൽ പെട്ടതാണ്) എന്ന പ്രയോഗം. പിശാചിന്റെ പ്രവർത്തിയിൽപെട്ട കാര്യം ചെയ്യൽ ഹറാമാണ്.

മൂന്ന്- فَاجْتَنِبُوهُ (നിങ്ങളതിനെ ഉപേക്ഷിക്കണം) എന്ന വാക്ക്. ഉപേക്ഷിക്കണമെന്ന് അല്ലാഹു കൽപ്പിച്ച കാര്യം ചെയ്യൽ ഹറാമാണ്.

നാല്- لَعَلَّكُمْ تُفْلِحُونَ (നിങ്ങൾ വിജയികളാകാൻ വേണ്ടി) എന്ന വാക്യം. ഒരു കാര്യം ഉപേക്ഷിക്കുക വഴി വിജയികളാകാം എന്ന് അല്ലാഹു പറയുന്ന ഒരു കാര്യം ചെയ്യൽ ഹറാമാണ്.

അഞ്ച്- إِنَّمَا يُرِيدُ الشَّيْطَانُ أَنْ يُوقِعَ بَيْنَكُمُ الْعَدَاوَةَ وَالْبَغْضَاءَ فِي الْخَمْرِ وَالْمَيْسِرِ (മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ജനിപ്പിക്കാൻ മാത്രമേ പിശാച് ലക്ഷ്യമിടുന്നുള്ളു) എന്ന വാക്യം. വിശ്വാസികൾക്കിടയിൽ ശത്രുതയും വിദ്വേഷവും ഉണ്ടാക്കുന്ന കാര്യം ചെയ്യൽ ഹറാമാണ്.

ആറ്- وَيَصُدَّكُمْ عَنْ ذِكْرِ اللَّهِ وَعَنِ الصَّلَاةِ (ദൈവ സ്മരണയിൽ നിന്നും നമസ്‌കാരത്തിൽ നിന്നും നിങ്ങളെ തടയുവാനും) എന്ന വാക്. അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയിൽ നിന്നും നിസ്കാരത്തിൽ നിന്നും വിശ്വാസികളെ തടയുന്ന കാര്യം ചെയ്യൽ ഹറാമാണ്.

ഏഴ്- فَهَلْ أَنْتُمْ مُنْتَهُونَ (നിങ്ങൾക്കിത് നിറുത്താനായില്ലേ!) എന്ന അല്ലാഹുവിന്റെ കല്പനയെ സൂചിപ്പിക്കുന്ന പ്രയോഗം. അല്ലാഹു തന്റെ അടിമകളോട് അവസാനിപ്പിക്കാൻ പറഞ്ഞ കാര്യം പിന്നീട് ചെയ്യൽ ഹറാമാണ്.

എട്ട്- إِنَّمَا الْخَمْرُ وَالْمَيْسِرُ وَالْأَنْصَابُ وَالْأَزْلَامُ എന്നത്. ഇവിടെ മദ്യത്തെ ബിംബങ്ങളോട് ചേർത്ത് പറഞ്ഞു. സത്യനിഷേധത്തോട് ചേർത്തിപ്പറഞ്ഞതിനാൽ അവിടെയും ഹറാം വരുന്നു.

(അവ: മിർഖാത്)

ശഫീഖ് ഫൈസി ചാപ്പനങ്ങാടി