സയ്യിദുൽ ഖൗം ജിഫ്രി മുത്തുക്കോയ തങ്ങൾ
സയ്യിദുൽ ഉലമാ എന്ന് മാത്രം പറഞ്ഞാൽ പോരാ "സയ്യിദുൽ ഖൗം" എന്ന് തന്നെ വിശേഷിപ്പിക്കണം സമസ്തയുടെ അമരക്കാരൻ ബഹു: സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളെ. അനുയായികൾക്ക് സ്നേഹവും പരിരക്ഷയും നൽകി അഭിമാന അസ്തിത്വം നൽകാനാവലാണല്ലോ ഒരു നേതാവിന്റെ ഏറ്റവും വലിയ കഴിവും മികവും. സയ്യിദുൽ ഖൗം സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളിൽ ഈ അത്യപൂർവ്വ ശേഷിയുള്ളത് യമാനിയ്യയിലെ നാല് വർഷത്തെ വിദ്യാർത്ഥിക്കാലത്ത് തന്നെ മനസ്സിലാക്കിയതും വേണ്ടുവോളം ആസ്വദിച്ചതുമാണ്. പാടിപ്പുകഴ്ത്തിയതോ പറഞ്ഞുണ്ടാക്കിയതോ ആയിരുന്നില്ല അത്. അവിടുന്ന് ഉരുവിടുന്ന ഓരോ വാക്കിലും ഇടപെടുന്ന ഓരോ മണ്ഡലത്തിലും ഇത് പ്രതിഫലിച്ചിരുന്നു. അവിടുത്തെ ശിഷ്യനായ ശേഷം കിട്ടിയ ആ അഭിമാന അസ്തിത്വ ബോധം ജീവിതത്തിലുടനീളം അനുഭവിക്കുന്നു. തന്റെ ഓരോ ശിഷ്യരുടെയും പേരും നാടും കുടുംബവും എല്ലാം ഓർത്തുവെച്ച്, അവരുടെ റിലേഷനിലുള്ള ആരെ കണ്ടാലും ശിഷ്യരുടെ സുഖവിവരമന്വേഷിക്കുന്ന ആ കരുതൽ ജീവിതത്തിൽ കിട്ടിയ "വലിയ ഖൈർ" തന്നെയെന്ന് നിസ്സംശയം അവിടുത്ത ഓരോ ശിഷ്യനും പറയാൻ കഴിയും.
സയ്യിദുൽ ഖൗം ജിഫ്രി തങ്ങളെ (ഞങ്ങൾ ശിഷ്യരുടെ ഭാഷയിലെ "തങ്ങളുസ്താദിനെ") മുശാവറയിലെടുത്തപ്പോഴും അവരെ ട്രഷററും പിന്നീട് പ്രസിഡന്റുമായ് തിരഞ്ഞെടുത്തപ്പോഴും വലിയ സംതൃപ്തി തോന്നിയിരുന്നു. ഞങ്ങളുടെ ഉസ്താദായി എന്നത് കൊണ്ടല്ല, മറിച്ച് ഞങ്ങൾ അനുഭവിക്കുന്ന ഈ അഭിമാനവും കരുതലും ഇനി കേരളീയ മുസ്ലിം സമൂഹത്തിന് മൊത്തം കിട്ടുമല്ലോ എന്നോർത്ത്. (ഇതെല്ലാം "അൽഹംദുലില്ലാഹ്" ചൊല്ലി മലനസിൽ വെക്കാറാണ് പതിവ്. പബ്ലിക്കിൽ പറയാനും എഴുതാനും പേടിയായിരുന്നു, അവർക്കിഷ്ടമാവില്ലല്ലോ എന്ന് കരുതി. എന്നാലിന്ന് ഈ മഹാരഥരെ താറടിക്കുന്ന കൂലിയെഴുത്തുകാരുടെ സാമ്രാജ്യത്തിൽ ഇനി മൗനം ഭൂഷണമല്ല എന്ന് മനസിലാകുന്നതിനാൽ എഴുതാൻ തന്നെ തീരുമാനിച്ചിരിക്കുകയാണ്.) എന്റെ/ ഞങ്ങളുടെ കണക്ക് കൂട്ടൽ ഒട്ടും പിഴച്ചില്ല. സയ്യിദുൽ ഖൗം തങ്ങളുസ്താദ് പ്രസിഡന്റായി സമസ്തയുടെ ഏറ്റവും ഉയർന്ന പദവിയിൽ വന്നതോടെ തങ്ങൾക്ക് ഒരു നേതാവുണ്ടെന്ന തോന്നൽ അധികം വൈകാതെ സമുദായത്തിന് കൈവന്നു. അവിടുത്തെ സൗമ്യമായ, കൃത്യമായ, പുഞ്ചിരി വിടർത്തിയുള്ള ആ ഇടപെടലുകളും അറത്തുമുറിച്ച നിലപാടുകളും സമൂഹം നെഞ്ചേറ്റി. ശത്രു പക്ഷത്തുള്ളവരെ പോലും മാന്യമായ് പരിഗണിച്ച് എത്ര സുന്ദരമായിരുന്നു ഓരോ ഇടപെടലും.
എന്നാൽ ആർക്കൊക്കെയോ ഇതും പിടിച്ചില്ല, അവർക്കെന്തൊക്കെയോ നഷ്ടപ്പെടുന്നുണ്ടായിരിക്കും. അല്ലാഹു അഅ്ലം.! മഹാനായ സയ്യിദുൽ ഖൗമിനെയും പരിഹസിക്കാനും പാരവെക്കാനും ട്രോളാനും വരെ ഇവർ രംഗത്ത് വന്നു. സമയ്തയുടെ പല തീരുമാനങ്ങളിലും ഇതവർ ഒളിഞ്ഞും തെളിഞ്ഞും പ്രയോഗിച്ചു. യഥാർത്ഥ നേതാവിനെ യഥാർത്ഥ അനുയായി യഥാർത്ഥ രീതിയിൽ സ്നേഹിക്കുമെന്നതിനാൽ "യഥാർത്ഥ ഖൗം" ഇതിൽ ഏറെ വേദനിച്ചു. അവ ഓരോന്നും എഴുതി പഴയ കുഴി തോണ്ടാനുദ്ദേശമില്ല. ഈ കുറിപ്പുകാരൻ ഏറ്റവും വേദനിച്ചത് മുഖ്യമന്ത്രി സമസ്തക്ക് നൽകിയ ഉറപ്പിൽ സമസ്ത നിലപാട് വ്യക്തമാക്കിയപ്പോൾ വന്ന വിമർശനങ്ങളും ട്രോളുകളും പരിഹാസങ്ങളുമായിരുന്നു. എല്ലാ സുമനസ്സുകൾക്കും ഇത് തന്നെയായിരുന്നു ഏറെ വേദനിപ്പിച്ചതെന്ന് ഇന്ന് മനസിലായി. മനസിനുള്ളിൽ എരിയടങ്ങാതെ കിടന്നിരുന്ന ഈ കനൽ ഇന്നത്തെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോടെ ഒന്ന് കൂടെ ആളിക്കത്തി കെട്ടണഞ്ഞു. ശുഭം ... എന്ന് പറയാമോ , പറ്റില്ലത്രെ, അന്ന് ട്രോളിയവരൊക്കെ ഇപ്പോൾ അവകാശ വാദത്തിന്റെ ക്യൂവിലാണ് പോലും. വേദന കടിച്ചിറക്കിയ "ഖൗം" ഇത് സമ്മതിക്കുമോ..ഇല്ല എന്ന് സോഷ്യൽ മീഡിയയിലെ "യഥാർത്ഥ ഖൗമിന്റെ" വികാര പ്രകടനങ്ങളിൽ നിന്ന് ബോധ്യമാകുന്നു.
ശംസുൽ ഉലമായെ ആവാഹിച്ചെടുത്ത മുത്തു നബിയുടെ പേരക്കിടാവാണ് നമ്മുടെ സയ്യിദ് സയ്യിദുൽ ഖൗം സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ഇനിയും പിന്നാമ്പുറം തിരിഞ്ഞ് നിൽക്കുന്നവർക്ക് കാലം മറുപടി നൽകട്ടെ. അവരുടെ ശർറിൽ പെടാതെ സമുദായത്തെ നാഥൻ കാത്ത് രക്ഷിക്കട്ടെ, സയ്യിദുൽ ഖൗം തങ്ങളുസ്താദിന് നാഥൻ ആഫിയതും ദീർഘായസ്സും വലിയ തൗഫീഖും നൽകട്ടെ. ആമീൻ.
✍ നജീബ് യമാനി പനങ്ങാങ്ങര
Post a Comment