ഇന്നത്തെ നുബാത്തി ഖുതുബയുടെ അർത്ഥം (ദുൽഹിജ്ജ ഒന്നാമത്തെ വെള്ളിയാഴ്ച്ച)


       എവിടെയായിരുന്നാലും മുഖങ്ങൾ ലക്ഷ്യം വെക്കുന്നവനായ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും.

   മുഹമ്മദ് നബിﷺയിലും ഉന്നതകുലജാതരായ അവിടത്തെ കുടുംബത്തിലും അല്ലാഹു ﷻ ഗുണം ചെയ്യട്ടെ..,

   _*ജനങ്ങളെ...,*_ 
   അല്ലാഹുﷻവിനെ ഭയപ്പെട്ട് സൂക്ഷിച്ചു ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു.

   പരിശുദ്ധനായ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും അവൻ വർഷത്തിൽ നിന്നും നിങ്ങൾക്ക് വേണ്ടി ഏതാനും ദിവസങ്ങളെ തിരഞ്ഞെടുത്തു. അവയെ പവിത്രമാക്കി. ചില സമയങ്ങളേയും തിരഞ്ഞെടുത്തു. അവയെ നിങ്ങൾക്ക് അവൻ വ്യക്തമാക്കിത്തരികയും അറിയിച്ചു തരികയും ചെയ്തു. അല്ലാഹുﷻവിലേക്കുള്ള മാർഗ്ഗം ലക്ഷ്യം വെച്ചതിന്റെ മേൽ അറിയിക്കലായും അവന്നരികിൽ ഉള്ളതിനെ ആഗ്രഹിക്കുന്നവന്ന് -പ്രതിഫലം- അധികരിപ്പിക്കപ്പെടൽ കൊണ്ട് ഉറപ്പ് കൊടുക്കലായും പ്രസ്തുത ദിവസങ്ങളെയും സ്ഥലങ്ങളെയും നിങ്ങളുടെ കുറ്റങ്ങളെ മായ്ക്കാനും, സൽക്കർമ്മങ്ങൾക്ക് വളരാനും പറ്റിയ സ്ഥലങ്ങളും സമയങ്ങളുമാക്കി. ആരെങ്കിലും നന്ദി ചെയ്താൽ നിർഭയരിൽ അവൻ എഴുതപ്പെട്ടു. ആരെങ്കിലും നന്ദി കേട് കാണിച്ചാൽ അല്ലാഹു ﷻ ലോകരെ തൊട്ട് ഐശ്വര്യമായവനാണ്.

   അല്ലാഹു ﷻ നിങ്ങളെ അനുഗ്രഹിക്കട്ടെ. ഇവ പത്ത് ദിവസങ്ങളാകുന്നു. മറ്റെല്ലാ മാസങ്ങളേക്കാളും ദുൽഹിജ്ജ മുന്തിക്കപ്പെടുന്നത് ഈ പത്ത് ദിവസങ്ങൾ കൊണ്ടാണ്. ബലിദിനത്തോടെ ഇവക്ക് അല്ലാഹു ﷻ അന്ത്യം നൽകുന്നു. അയ്യാമുന്നഫ്റിനെ ഹാജിമാർ മിനയിൽ നിന്നും മക്കയിലേക്ക് മടങ്ങുന്ന ദിവസങ്ങളെ അവയോട് പിന്തുടർത്തി. തന്നെ അനുസരിക്കുന്നവരുടെ പ്രാർത്ഥനക്ക് ഉത്തരം നൽകാനായി ഒരു മഹത്തായ സമ്മേളനം -അറഫ- അവയിൽ അവൻ ഏർപ്പെടുത്തി. 

   ജനങ്ങൾ അവരുടെ പിതാവ് ഇബ്റാഹീം നബി (അ) മിന്റെ ക്ഷണം സ്വീകരിക്കുന്നവരായി എല്ലാ വിശാലമായ വഴികളിൽ നിന്നും, രാജ്യങ്ങളിൽ നിന്നും പ്രസ്തുത സമ്മേളനത്തിലേക്ക് പുറപ്പെടുന്നു. അദ്ദേഹത്തിന്റെ മേൽ ശ്രേഷ്ഠമായ ഗുണം ചെയ്യലും, രക്ഷ നൽകലും ഉണ്ടാവട്ടെ. കാരണം, ഇതുപോലുള്ള ഒരു പത്തിലാണ് തന്റെ മകനെ അറുക്കൽ കൊണ്ട് അദ്ദേഹത്തെ അല്ലാഹു ﷻ പരീക്ഷിച്ചത്. സ്വന്തം കൈ കൊണ്ട് തന്നെ ആ പ്രവർത്തനം ഏറ്റെടുക്കാൻ അദ്ദേഹത്തോട് അല്ലാഹു ﷻ കൽപിച്ചു. തന്റെ രക്ഷിതാവിന്റെ കൽപനയിലേക്ക് അദ്ദേഹം എത്തിച്ചേർന്നു. അവന്റെ തൃപ്തിയുടെ പ്രകാശം കൊണ്ട് അദ്ദേഹത്തിന്റെ ഹൃദയത്തിലെ തീയെ അദ്ദേഹം അണച്ചു കളഞ്ഞു. കല്പിക്കപ്പെട്ട സ്ഥലത്തേക്ക് തന്റെ മകനെയുമായി അദ്ദേഹം പുറപ്പെട്ടു. നിശ്ചയിക്കപ്പെട്ട കാര്യം ആ മകനെ അദ്ദേഹം അറിയിച്ചു. നിർബന്ധമായ വിധിക്ക് അവർ കീഴടങ്ങി. തങ്ങളുടെ കാര്യം നിർവഹിക്കാൻ അവർ തീരുമാനിച്ചു. അങ്ങനെ കുട്ടിയെ കമഴ്ത്തിക്കിടത്തി വലം കയ്യിൽ കത്തിയെടുത്തു മകനെ അറുക്കാൻ വേണ്ടി അതുമായി കുനിഞ്ഞു. അപ്പോൾ അല്ലാഹുﷻവിന്ന് സ്തുതിപാടലും നന്ദി പ്രകടിപ്പിക്കലും വെളിവാക്കിയവനായി മലക്കുകൾ അവർക്ക് വേണ്ടി ഉച്ചത്തിൽ പ്രാർത്ഥിച്ചു കൊണ്ടിരുന്നു. കാട്ടുമൃഗം അവരോടുള്ള പ്രേമത്താൽ അട്ടഹസിക്കുന്നു. അവർക്ക് മീതെ ആകാശം മഴ വർഷിക്കുന്നു. ഭൂമി അവർക്കു താഴെ കുലുങ്ങുന്നു.

   ഇത്രയുമായപ്പോൾ അല്ലാഹു ﷻ അവരുടെ ഉദ്ദേശശുദ്ധി മനസ്സിലാക്കി. തന്റെ പരീക്ഷണത്തിന്റെ മേലുള്ള ക്ഷമയുടെ ശക്തിയും. അല്ലാഹു ﷻ അദ്ദേഹത്തെ വിളിച്ചു: “ഓ ഇബ്രാഹിം, നീ സ്വപ്നത്തിൽ കൽപിക്കപ്പെട്ട കാര്യം സത്യമായി സ്വീകരിച്ചിരിക്കുന്നു. നിശ്ചയം നാം അപ്രകാരമാണ് ഗുണം ചെയ്യുന്നവർക്ക് പ്രതിഫലം നൽകുന്നത്. നിശ്ചയം ഇത് ഒരു വ്യക്തമായ പരീക്ഷണമാകുന്നു.

   മോചനദ്രവ്യവുമായി അറുക്കാനുള്ള മൃഗവുമായി ജിബ്രീൽ (അ) അദ്ദേഹത്തിനരികിൽ വന്നു. ഇബ്രാഹീം നബി കത്തിയുമായി അതിനെ സമീപിച്ചു. ബലിയായി അതിനെ അറുത്തു. അതിന്റെ മേൽ തക്ബീറിനെയും ബിസ്മില്ലാഹിയേയും അദ്ദേഹം ഉറക്കെ പറഞ്ഞു. അതിനാൽ പ്രസ്തുത ബലികർമ്മം തന്റെ പിൻഗാമികളിൽ അല്ലാഹു ﷻ സുന്നത്താക്കി, ചര്യയാക്കി. അതിലൂടെ നമ്മുടെ മേൽ അല്ലാഹു ﷻ അനുഗ്രഹത്തെ പൂർണ്ണമാക്കി.

   അതിനാൽ അല്ലാഹുﷻവിന്റെ അടിമകളെ, നിങ്ങളിൽ അല്ലാഹു ﷻ കരുണ ചെയ്യട്ടെ.., നിങ്ങൾ ഈ ദിവസങ്ങളുടെ പവിത്രതയിൽ നിന്നും അല്ലാഹു ﷻ ബഹുമാനിച്ചതിനെ ബഹുമാനിക്കുക. കുറ്റങ്ങളും നിരോധിക്കപ്പെട്ട കാര്യങ്ങളും നിങ്ങൾ ഉപേക്ഷിക്കുക.

   ബലിയറുക്കുന്നവർ അറുക്കുന്നതിനു മുമ്പ് നിയ്യത്ത് ചെയ്യട്ടെ. പരലോകത്ത് പോകുന്നവൻ സൽകർമ്മം ശേഖരിക്കുന്നതിൽ അശ്രദ്ധനാവരുത്. ദോഷങ്ങളുടെ വലകളിൽ നിന്നും നിങ്ങൾ അല്ലാഹുﷻവിലേക്ക് ഓടുക. അല്ലാഹുﷻവിന്റെ ചിഹ്നങ്ങളെ നിങ്ങൾ ആദരിക്കുക. ആരെങ്കിലും അല്ലാഹുﷻവിന്റെ ചിഹ്നങ്ങളെ ആദരിച്ചാൽ നിശ്ചയം അവ ഹൃദയങ്ങളുടെ ഭക്തിയിൽ പെട്ടതാണ്.

   നമ്മിൽ നിന്നും അല്ലാഹു ﷻ തൃപ്തിപ്പെടുന്നത് പ്രവർത്തിക്കാൻ  നമുക്കവൻ ഭാഗ്യം നൽകട്ടെ..,

   *നാം ആർക്ക് ആരാധന ചെയ്യുന്നുവോ അവന്റെ വചനം:*

*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*
*وَالْفَجْرِ ﴿١﴾ وَلَيَالٍ عَشْرٍ ﴿٢﴾ وَالشَّفْعِ وَالْوَتْرِ ﴿٣﴾ وَاللَّيْلِ إِذَا يَسْرِ ﴿٤﴾ هَلْ فِي ذَٰلِكَ قَسَمٌ لِّذِي حِجْرٍ ﴿٥﴾*

*(പ്രഭാതം തന്നെയാണ് സത്യം. പത്തു രാത്രികൾ തന്നെയാണ് സത്യം. ഇരട്ടയും ഒറ്റയും തന്നെയാണ് സത്യം. രാത്രി സഞ്ചരിച്ച് കൊണ്ടിരിക്കെ അത് തന്നെയാണ് സത്യം. അതിൽ (മേൽ പറഞ്ഞവയിൽ) കാര്യബോധമുള്ളവന്ന് സത്യത്തിന് വകയുണ്ടോ?)*
  *(ഫജ്ർ: 1-5)*

*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*
*يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾*

*സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്‍മങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു.*

*📍രണ്ടാമത്തെ ഖുതുബ*

     ഉദാരനും ആരാധ്യനുമായ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും. 

   കരുണാനിധിയും സ്തുതിക്കപ്പെടുന്നവനുമായ അല്ലാഹു ﷻ മാത്രമേ ആരാധ്യനുള്ളൂ എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. പ്രസവിക്കപ്പെട്ടവരിൽ ഏറ്റവും പവിത്രതയുള്ള മുഹമ്മദ് നബി ﷺ അല്ലാഹുﷻവിന്റെ ദൂതനും അടിമയുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. 

   സുജൂദിൽ കിടന്ന് മലക്ക് തസ്ബീഹ് ചൊല്ലുന്ന കാലത്തോളം അല്ലാഹു ﷻ മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും ഗുണം ചെയ്യട്ടെ.

   *_ജനങ്ങളെ..,_*
   നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കേണ്ട വിധം സൂക്ഷിക്കുക. അവൻ നിർബന്ധമാക്കിയ കാര്യങ്ങൾ നിർവഹിക്കുന്നതിലേക്ക് ധൃതിപ്പെടുക. നിശ്ചയം അല്ലാഹു ﷻ തന്റെ സ്വന്തം സത്ത കൊണ്ട് ആരംഭിച്ച്, അവന്റെ പരിശുദ്ധിയെ വാഴ്ത്തി തസ്ബീഹ് ചൊല്ലുന്ന അവന്റെ മലക്കുകളെ രണ്ടാമതായി പറഞ്ഞ് തന്റെ സൃഷ്ടികളിൽ നിന്നും വിശ്വാസികളെ "ഓ" എന്ന് അഭിസംബോധന ചെയ്ത് വിളിച്ച് അവൻ ഒരു കാര്യം പ്രവർത്തിക്കാൻ നിങ്ങളോട് കൽപിച്ചിട്ടുണ്ട് എന്ന വസ്തുത നിങ്ങൾ അറിയുക. 

   അല്ലാഹു ﷻ പറഞ്ഞു : നിശ്ചയം അല്ലാഹുﷻവും അവന്റെ മലക്കുകളും അവന്റെ പ്രവാചകന്റെ (ﷺ) മേൽ സ്വലാത്ത് ചൊല്ലുന്നു അതിനാൽ "ഓ" സത്യവിശ്വാസികളെ, നിങ്ങൾ അദ്ദേഹത്തിന്റെ മേൽ സ്വലാത്തും സ്വലാമും ചൊല്ലുക.

   അല്ലാഹുﷻവേ, നീ നിന്റെ പ്രവാചകനും ഞങ്ങളുടെ നേതാവുമായ മുഹമ്മദ് നബിﷺയുടെ മേൽ ഗുണവും രക്ഷയും ചൊരിയേണമേ, ആ  പ്രവാചകന്റെ കയ്യിൽ വെച്ച് ചരൽക്കല്ല് തസ്ബീഹ് ചൊല്ലിയിരിക്കുന്നു. അവിടത്തെ വിരലുകൾക്കിടയിൽ നിന്നും ജലം ഉറവെടുത്തിരിക്കുന്നു. 

   സന്മാർഗ്ഗം സിദ്ധിച്ച് അവിടത്തെ പിൻഗാമികളിൽ ആദ്യത്തവരും മാർഗ്ഗദർശനം നൽകുന്ന നേതാക്കളിൽ ഉത്തമരും ആയവരേ തൊട്ട് നീ തൃപ്തിപ്പെടേണമേ. അദ്ദേഹം അനുകമ്പയുള്ള ഇമാമും
വിശ്വാസികളുടെ നായകനുമായ അബൂബക്കർ സിദ്ദീഖ് (റ) ആകുന്നു.

   അല്ലാഹുﷻവെ, സഹപാഠികളിൽ ബഹുമാനമർഹിക്കുന്ന ഇമാമിനെ തൊട്ടും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നായകനായ ഉമർബ്നുൽ ഖത്ത്വാബ്(റ)വിനെ.
പെൺമക്കളുടെ ഭർത്താവിനെയും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നേതാവായ ഉസ്മാനുബ്നു അഫ്ഫാൻ (റ)എന്നവരെ.

   അല്ലാഹുﷻവെ, അൽഭുതങ്ങൾ വെളിവാക്കിയവരെ നീ തൃപ്തിപ്പെടേണമേ. അതായത് വിശ്വാസികളുടെ നേതാവായ അലിയ്യുബ്നു അബീത്വാലിബ്(റ)വിനെ. നബിﷺയുടെ രണ്ട് പിതൃസഹോദരന്മാരായ ഹംസ(റ), അബ്ബാസ്(റ) എന്നിവരെ നീ തൃപ്തിപ്പെടേണമേ, നിന്റെ പ്രവാചകന്റെ അവശേഷിക്കുന്ന സ്വഹാബാക്കളെ തൊട്ടും നീ തൃപ്തിപ്പെടേണമേ. 

   അല്ലാഹുﷻവെ, വിശ്വാസികൾക്കും വിശ്വാസിനികൾക്കും മുസ്ലിംകൾക്കും മുസ്ലിമത്തുകൾക്കും നീ പൊറുത്ത് കൊടുക്കേണമേ. അവരിൽ നിന്നും ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും, നിശ്ചയം നീ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നവനാണ്. ആവശ്യങ്ങൾ വീട്ടുന്നവനെ അവരുടെ മണ്ണിനെ നീ നന്നാക്കേണമേ, അവരുടെ അഭയ കേന്ദ്രം സ്വർഗ്ഗവും ആക്കേണമേ..

   അല്ലാഹുﷻവെ, ഞങ്ങൾക്ക് ദുനിയാവിൽ നല്ലതിനെയും ആഖിറത്തിൽ നല്ലതിനേയും നീ നൽകേണമേ, നരകശിക്ഷയിൽ നിന്നും ഞങ്ങളെ കാക്കേണമേ. അല്ലാഹുﷻവെ, നരകത്തിൽ നിന്നും ഞങ്ങളെ നീ രക്ഷിക്കേണമേ. (ഇത് മൂന്നു പ്രാവശ്യം പറയണം)  അല്ലാഹുﷻവെ, തീ കൊണ്ട് ഞങ്ങളെ നീ ചൂടാക്കരുതേ, നരകത്തിന്റെ വിറകിൽ നീ ഞങ്ങളെ ഉൾപ്പെടുത്തരുതേ. നിശ്ചയം നരകം മോശമായ ഭവനമാണ്. സ്ഥിരതാമസം മോശമായതും. വാസസ്ഥലം ചീത്തയായതുമാണ്.

   ഞങ്ങളുടെ രക്ഷിതാവേ, നീ ഞങ്ങൾക്കും, വിശ്വാസത്തിൽ ഞങ്ങളുടെ മുൻകഴിഞ്ഞ് പോയ ഞങ്ങളുടെ സഹോദരങ്ങൾക്കും പൊറുത്ത് തരേണമേ.. വിശ്വസിച്ചവരോട് ഞങ്ങളുടെ ഹൃദയങ്ങളിൽ നീ പകയെ കുടിയിരുത്തരുതെ. ഞങ്ങളുടെ രക്ഷിതാവേ, നീ കൂടുതൽ കരുണ ചെയ്യുന്നവനും, അനുകമ്പ കാണിക്കുന്നവനുമാണ്.

   നിശ്ചയം അല്ലാഹു ﷻ നീതി കൊണ്ടും നന്മ കൊണ്ടും, അടുത്തവർക്ക് ദാനം നൽകൽ കൊണ്ടും കൽപിക്കുന്നു. ചീത്തയേയും, വെറുക്കപ്പെട്ടതിനെയും, അക്രമത്തേയും അവൻ തടയുന്നു. നിങ്ങൾ ചിന്തിക്കുന്നവരാകാൻ വേണ്ടി അവൻ നിങ്ങളെ ഉപദേശിക്കുന്നു.

   അല്ലാഹുﷻവിനെ സ്മരിക്കലാണ് ഏറ്റവും വലിയതായിട്ടുള്ളത്. നിങ്ങൾ പ്രവർത്തിക്കുന്നതിനെ അവൻ അറിയുന്നു.