പ്രവാചക വിമർശനം : ബി ജെ പി പോലും നടപടിക്ക് നിർബ്ബന്ധിതരാകുമ്പോൾ.!!
ബിജെപി ദേശീയ വക്താവ് നുപുർ ശർമ്മയെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു. തിരുനബി(സ)യെ അധിക്ഷേപിച്ചതാണ് കാരണം. ലോക രാജ്യങ്ങളിൽ നിന്ന് പോലും ശക്തമായ എതിർപ്പ് വന്നതിനെ തുടർന്ന് പറഞ്ഞ വാക്കുകൾ താൻ തിരിച്ചെടുക്കുന്നുവെന്ന് ശർമ്മ പറഞ്ഞെങ്കിലും ശർമ്മക്കെതിരെയുള്ള രോഷം കെട്ടടങ്ങിയിട്ടില്ല. പ്രവാചകർരായ മുഹമ്മദ് നബി(സ) തങ്ങൾ അങ്ങനെയാണ്.
പ്രവാചക തിരുമേനി(സ)യും മുസ്ലിംകളും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ച് മൈക്കിൾ എച്ച് ഹാർട്ട് തന്നെ പുസ്തകപ്രസാധനത്തോടനുബന്ധിച്ച് അത്ഭുതത്തോടെ വിശദീകരിക്കുന്നുണ്ട്.
അമേരിക്കയിലെ പ്രമുഖ ചരിത്രകാരനും ഗവേഷകനും ശാസ്ത്രജ്ഞനുമായ മൈക്കൽ എച്ച് ഹാർട്ട് എഴുതിയ 'ദ ഹൺടഡ്' എന്ന ഗ്രന്ഥം ലോകപ്രശസ്തമാണ്. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പുസ്തകമാണിത്. ലോകചരിത്രത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ നൂറ് പ്രമുഖരുടെ ചരിത്രമാണ് ഈ ഗ്രന്ഥത്തിൽ. ജൂതനായ ഗ്രന്ഥകാരൻ നൂറിൽ ഒന്നാം സ്ഥാനം നൽകിയത് പ്രവാചകനായ മുഹമ്മദ് (സ) തങ്ങൾക്ക് ആയിരുന്നു. 28 വർഷം കൊണ്ട് ഗ്രന്ഥരചന പൂർത്തിയാക്കിയ മൈക്കൽ എച്ച് ഹാർട്ട് ലണ്ടനിൽ നടത്തിയ ഒരു പ്രഭാഷണത്തിലാണ് പുസ്തകരചന സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. തുടർന്ന് വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും ഇത് വഴി മരുന്നിട്ടു. മുഹമ്മദ് നബി (സ) യെ ഒന്നാമനാക്കിയതിനെതിരെ പല വിമർശനങ്ങളും ഉയർന്നുവന്നു.
മൈക്കൽ എച്ഛ് ഹാർട്ട് നൽകിയ മറുപടി ഇപ്രകാരം:"ഒരു മനുഷ്യൻ മക്ക എന്ന ഗ്രാമത്തിൽ വെച്ച് ആളുകളോട് ഇപ്രകാരം പറയുന്നു. ഞാൻ അല്ലാഹുവിന്റെ ദൂതനാണ്. സൽസ്വഭാവങ്ങളുടെ പൂർത്തീകരണമാണ് എന്റെ നിയോഗലക്ഷ്യം. തുടർന്ന് 4 പേർ മാത്രം അദ്ദേഹത്തെ വിശ്വസിക്കുന്നു.തന്റെ സഹധർമ്മിണിയും കൂട്ടുകാരനും 2 കുട്ടികളും.1400 വർഷം പിന്നിട്ടപ്പോൾ മുസ്ലിം അംഗസംഖ്യ 150 കോടി പിന്നിട്ടു. ഇപ്പോഴും അവരുടെ അംഗസംഖ്യ വർധിച്ചുകൊണ്ടിരിക്കുന്നു. 150 കോടി ജനങ്ങളെ ഒരാൾക്ക് ഒരിക്കലും 1400 വർഷക്കാലം വഞ്ചിക്കാൻ കഴിയില്ല. ഒരിക്കലും ഒരു കളവ് 1400 വർഷം നിലനിൽക്കില്ല.
ശ്രദ്ധേയമായ മറ്റൊരു കാര്യം : തിരു നബി(സ) യെ പരാമർശിക്കുന്ന മോശമായ ഒരു വാക്ക് ലോകത്ത് ആരെങ്കിലും പറഞ്ഞാൽ അതിനെതിരെ അതിശക്തമായ നിലപാട് മുസ്ലിംകൾ സ്വീകരിക്കുന്നു.അതു തിരുത്തിക്കാൻ ജീവാർപ്പണം ചെയ്യാനും അവർ തയ്യാറാണ്. ഒരു ക്രൈസ്തവനോ ജൂതനോ അവരുടെ പ്രവാചകനേയോ ദൈവത്തെ തന്നെയും ആരെങ്കിലും അതിക്ഷേപിച്ചാൽ ഇങ്ങിനെ പ്രതികരിക്കുമോ? മുഹമ്മദ് (സ) ചരിത്രത്തിലെ ഏറ്റവും വലിയ വ്യക്തിത്വം തന്നെ. "
ചരിത്രകാരന്മാർ തിരുനബി(സ)യെ എങ്ങനെ വിലയിരുത്തിയാലും മുസ്ലിംകൾക്ക് നബി (സ) അല്ലാഹുവിന്റെ തിരുദൂതരാണ്. അല്ലാഹുവിന്റെ സന്ദേശവാഹകനാണ് തിരുനബി(സ) എന്ന വിശ്വാസമാണ് പ്രധാനം. അത് വിശ്വസിക്കുന്നവർക്ക് മാത്രമാണ് ഇസ്ലാമിൽ അംഗത്വം.
യാ അല്ലാഹ് പ്രതിസന്ധികളിൽ പതറാതെ ഈ മാർഗത്തിൽ ഞങ്ങളെ നീ ഉറപ്പിച്ച് നിറുത്തേണമേ തിരു നബി (സ) യുടെ ശഫാഅത്ത് ലഭിക്കുന്ന ഭാഗ്യശാലികളിൽ ഞങ്ങളെ നീ ഉൾപ്പെടുത്തിയാലും.
✒️അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്
Post a Comment