ഫാസിസം വാളെടുത്ത കാലം വഹാബിസത്തെ കുറിച്ച് മിണ്ടരുത്

✒️⁩ഇഖ്ബാൽ റഹ്മാനി കാമിച്ചേരി.  

ചുറ്റുപാടുകൾ കലുഷിതമായികൊണ്ടിരിക്കുന്ന സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്.

ലോകാടിസ്ഥാനത്തിൽ മുസ് ലിംകൾ ഭീഷണി നേരിടുന്നുണ്ട്. ഇസ് ലാമും മുസ് ലിംകളും ഉള്ള കാലത്തോളം ഭീഷണികളും ആക്രമണങ്ങളും വിവിധ ഭാവത്തിൽ മുസ്ലിംകൾ നേരിട്ടു കൊണ്ടിരിക്കും.

"ഭയം, വിശപ്പ്, ധനത്തിലും ആൾക്കാരിലും വല്ലതും കൊണ്ട് നാം നിങ്ങളെ പരീക്ഷിക്കുക തന്നെ ചെയ്യും. ക്ഷമ പാലിക്കുന്നവർക്ക് സന്തോഷ വാർത്ത അറിയിച്ച് കൊള്ളുക". (അൽബഖറ155)

ഇന്ത്യൻ അന്തരീക്ഷത്തിൽ ഫാസിസ്റ്റുകൾ അഴിഞ്ഞാട്ടം കൂട്ടി കൊണ്ടിരിക്കുകയാണ്. പരീക്ഷണങ്ങൾ എന്നുമുണ്ടായിരിക്കും. അത് നേരിടാനുള്ള ഈമാനിക ശക്തിയാണ് നാം ആർജ്ജിക്കേണ്ടത്. അല്ലാതെ വൈകാരികമായി പ്രതികരിക്കുകയോ ഇസ് ലാമിന് ഉള്ളിലെ ആശയ കുഴപ്പക്കാരോട് മൗനം ഭുജിക്കെണമെന്ന പ്രചരണവുമല്ല ചെയ്യേണ്ടത്.

മുസ് ലിംകൾക്കിടയിലെ ആശയ വൈകല്യങ്ങൾ ചൂണ്ടികാണിക്കുന്നത് ഐക്യം നഷ്ടമാകുന്നുണ്ടെന്നും  അത് ഫാസിസ്റ്റുകൾ ശക്തി പ്രാപിക്കാൻ കാരണമാകുന്നുവെന്നും  വ്യാജ പ്രചരണം സമുദായത്തിനുള്ളിൽ വ്യാപിക്കുന്നുണ്ടിന്ന്.

വർഗ്ഗീയ ഫാസിസ്റ്റുകൾ അന്തരീക്ഷം കലക്കുന്ന സാഹചര്യം മുതലെടുത്ത് ഐക്യമെന്ന ഓമന വാക്കുമായി ചിലർ കടന്നു വന്നിട്ടുണ്ട്. സുന്നികൾ ബിദഇകൾക്കെതിരെ ഒന്നും പറയരുതെന്നാണ് അവരുടെ ഉപദേശം. എന്നാൽ ഐക്യം തകരുമെന്ന പേടി കാരണത്താൽ ബിദഇകൾ വായ പൂട്ടിയിരിക്കുമോ??? 

ബിദഅത്തിന്റെ ആശയം അൽപ്പം കുത്തിവെക്കപ്പെട്ടവരും തീവ്ര ചിന്താഗതിക്കാരുമാണ് ഇതിനു പിന്നിൽ. ഐക്യപ്പെടേണ്ട മേഖല ഏതാണ്. ആശയ ആദർശത്തിലോ? രാഷ്ട്രീയ മേഖലയിലോ?.

സമസ്തയുടെ ഉൽഭവം
--------------------------------
നൂറ് വർഷം മുമ്പ് ബ്രിട്ടീഷുകാർ ഇന്ത്യ ഭരിക്കുമ്പോഴാണ് സമസ്ത രൂപീകരിക്കുന്നത്. 

1921ലെ മലബാർ സമര കാലത്ത് പേടിച്ചു അരണ്ട ചിലയാളുകൾ കൊടുങ്ങല്ലൂരിലേക്ക് നാട്  വിട്ടോടി. കേരള മുസ്ലിം ഐക്യ സംഘമെന്നപേരിലാണവർ മടങ്ങി വന്നത്. ആദ്യം രഹസ്യമായും പിന്നെ പരസ്യമായും ബിദഅത്തിന്റെ വിഷബീജങ്ങൾ ജനങ്ങളിൽ കുത്തിവെക്കാൻ തുടങ്ങി ഈ സംഘം.

കാന്ത ശക്തിയുള്ള പടുകൂറ്റൻ ആലിമീങ്ങൾ ഈ സംഘത്തിനെതിരെ സന്ധിയില്ലാസമരം ചെയ്യാൻ തീരുമാനിച്ചിറങ്ങി. വരക്കൽ തങ്ങളും പാങ്ങിൽ ഉസ്താദും ബിദഇകൾക്കെതി മുന്നിൽ നിന്നു നയിച്ചു. 

ബ്രിട്ടീഷുകാർ കടുത്ത അനീതി ചെയ്യുന്ന കാലമാണ്.  നമ്മൾ ഐക്യപ്പെടണം. ആശയപരമായും ആദർശപരമായും ഐക്യപ്പെടണം. അന്നത്തെ ആലിമീങ്ങൾ അൽപ്പം പോലും ആ വക ചിന്തിച്ചിട്ടില്ല.  സുന്നത്ത് ജമാഅത്തിനെ നിലനിർത്താൻ പരിശ്രമിക്കുബോൾ ബ്രിട്ടീഷുകാരുടെ പേകൂത്തുകൾ അവർ ഗൗനിച്ചില്ല. പക്ഷെ രാഷ്ട്രീയ ഐക്യത്തിന് ശ്രമിക്കുകയും ബ്രിട്ടീഷുകാർക്കെതിരെ ശക്തമായ സമര മുറ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. 

പൂർവ്വികർ ഉറങ്ങിയിരുന്നെങ്കിൽ!!. കേരളത്തിന്റെ മുക്ക് മൂലകളിൽ ബിദഇകളെ ശക്തമായി പ്രതിരോധിച്ചു. അതിന്റെ ഗുണം മലയാള മണ്ണ് ആസ്വദിക്കുന്നു.

ജന്മിമാരും ബ്രിട്ടീഷ്  പട്ടാളക്കാരും ചേർന്ന് മുസ് ലിംകളേയും മറ്റും അതി ക്രൂരമായി പീഡിപ്പിക്കുന്ന കാലത്തായിരുന്നു സുന്നത്ത് ജമാഅത്തിന്റെ സംരക്ഷണത്തിനു വേണ്ടി സമസ്തയെന്ന പ്രസ്ഥാനവുമായി ആലിമീങ്ങൾ വരുന്നത്.  സ്വാതന്ത്ര്യത്തിന് വേണ്ടി  ഖിലാഫത്ത് പ്രസ്ഥാനത്തിലും സമരങ്ങളിലും സുന്നത്ത് ജമാഅത്തിന്റെ സംരക്ഷണത്തിനു വേണ്ടി സമസതയിലും ഒരേ സമയം കർമ്മ നിരതരായി പാങ്ങിൽ ഉസ്താദിനെ പോലോത്ത മഹാൻമാർ. ഇവരൊന്നും പറയാത്ത ഐക്യാഹോന്നവുമായിട്ടാണ് ചില കപടൻമാർ കടന്നു വരുന്നത്.

റഹ്മാനിയ്യയുടെ തുടക്കം
-----------------------------------
        ബിദഅത്തിന്റെ കക്ഷികൾ ചതിയിലൂടെയാണ് വിഷ ബീജങ്ങൾ കുത്തി വെക്കുക. 

സമസ്ത രൂപീകരിച്ച് ഏകദേശം 50നോട് അടുക്കുബോഴാണ് റഹ്മാനിയ്യ പിറവി കൊള്ളന്നത്. 

1970 കളിൽ സാധു സംരക്ഷണ സമിതി എന്ന പേരിൽ  കടമേരി കേന്ദ്രീകരിച്ച് ഏതാനും പേർ ചേർന്ന് രൂപീകരിച്ച സംഘത്തിന് അഹ് ലു സുന്നത്തി വൽജമാഅത്തിന്റെ ആദർശങ്ങളിൽ നിന്നും വ്യതിചലിച്ചുള്ള പ്രവർത്തന രീതിയും ലക്ഷ്യങ്ങളുമായിരുന്നുണ്ടായിരുന്നത്.

ഇത്തരം വ്യതിചലനങ്ങളെ വൈജ്ഞാനികമായി പ്രതിരോധിക്കാൻ വേണ്ടിയാണ് ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ് ലിയാർ കടമേരി റഹ്മാനിയക്ക് തുടക്കം കുറിക്കുന്നത്.

റഹ്മാനിയ്യയിലോ സഹസ്ഥാപനത്തിലോ അൽപ്പമെങ്കിലും പഠിച്ചവർക്ക് പോലും ബിദഇകളെ ശക്തമായി എതിർത്ത് മാത്രമേ കടന്ന് പോകാൻ സാധിക്കുകയുള്ളൂ. അത് അവരുടെ മൗലിക ഉത്തരവാദിത്വമാണ്.

റഹ്മാനിയ്യയുടെ സ്ഥാപനത്തിന് വേണ്ടി ആളുകളെ ക്ഷണിച്ചു കൊണ്ടുള്ള ലഘുലേഖയിൽ അന്ന് കുറിക്കപ്പെട്ടത് ഇങ്ങനെയാണ്. "പരിശുദ്ധ ഇസ് ലാമിന്റെ അനുയായികൾ വമ്പിച്ചൊരു പരീക്ഷണ ഘട്ടത്തെയാണിന്ന് തരണം ചെയ്തുകൊണ്ടിരിക്കുന്നത്. ഇസ് ലാമിനകത്തുനിന്നും പുറത്തുനിന്നും സമുദായത്തിനിന്ന് നേരിടേണ്ടിയിരിക്കുന്ന ഭീഷണീകൾ നിരവധിയത്രെ." 

ഈ കാലത്തെ ഉലമാ ഉമറാക്കളിൽ ഒരാൾ പോലും ഐക്യം തകർന്നു പോകുമെന്ന് പറഞ്ഞു പിന്തിരിയുകയോ പിന്തിരിപ്പിക്കുകോ ചെയ്തിട്ടില്ല എന്നതാണ് നേര്. സുന്നത് ജമാഅത്തിനെ ഏത് പ്രതിസന്ധിയിലും സംരക്ഷിക്കുകയെന്നതാണ് ലക്ഷ്യം.
(അവ: ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ് ലിയാർ: നവോത്ഥാനത്തിന്റെ നാട്ടുവഴികൾ.)
ഇതേ കാരണത്തിലൂടെ തന്നെയാണ് കേരളത്തിലെ നിരവധി സുന്നി സ്ഥാപനങ്ങൾ ഉയർന്നു വന്നത്.

ഐക്യത്തിന്റെ കുഴലൂത്ത്
-------------------------------------
പാരമ്പര്യ ഇസ് ലാമിനെ സംരക്ഷിക്കുകയെന്നതാണ് അഹ് ലുസുന്നത്ത് വൽ ജമാഅത്തിന്റെ (സുന്നി) പണ്ഡിതൻമാരുടെ ദൗത്യം.

അതിന് കാല-ദേശ പ്രതിസന്ധികൾ പരിഗണിക്കേണ്ടതില്ല. ഇസ് ലാമിന്റെ യഥാർത്ഥ ആശയാ- ആദർശങ്ങൾ പ്രചരിപ്പിക്കുന്നതിൽ മറ്റെന്തെങ്കിലും കഷ്ട-നഷ്ടങ്ങളും പരിഗണിക്കേണ്ടതില്ല. വിശുദ്ധ ഖുർആനും ഹദീസും ഗവേഷണ യോഗ്യരായ ഇമാമീങ്ങൾ പഠിപ്പിച്ചത് പോലെ ജനങ്ങളിലെത്തിക്കുകയെന്നതാണ് ലക്ഷ്യം. 

കർമ്മ ശാസ്ത്രത്തിൽ നാല് ഇമാമീങ്ങളിൽ ഒരാളും മദ്ഹബിനുള്ളിലെ ഇമാമീങ്ങളും അഖീദയിൽ(വിശ്വാസ കാര്യങ്ങളിൽ) രണ്ട് ഇമാമീങ്ങളിൽ ഒരാളും പഠിപ്പിച്ചത് പോലെ വിശ്വസിച്ച് ജീവിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരാണ് സുന്നികൾ.

ഖുർആനും ഹദീസും തന്നിഷ്ടപ്രകാരം വ്യാഖ്യാനിക്കുകയും പേരിനു മാത്രം മദ്ഹബും തഫ്സീറുകളും ഉദ്ധരിക്കുകയും സുന്നികളെ മുഷ് രിക്കുകാളാക്കുയും ചിലപ്പോഴൊക്കെ കാഫിർ പ്രയോഗം വരെ നടത്തുന്നവരെ കുറിച്ച് ഐക്യത്തിന്റെ പേരിൽ ഒന്നും പറയാതെ മിണ്ടാതിരിക്കണമെന്നാണോ പറയുന്നത്. മഹാനായ ഇമാം  ഗസ്സാലി(റ) അടക്കമുള്ള ഇമാമുകളെ   വരെ മോശമായ പ്രയോഗം നടത്തിയവർ അക്കൂട്ടതിലുണ്ട്. 

മുസ് ലിംകളുടെ ശത്രുക്കൾ അതി ശക്തമാണ്.  ശത്രുക്കളെ പരാചയപ്പെടുത്താൻ സാധിക്കുകയില്ല. അത് കൊണ്ട് സുന്നികൾ മിണ്ടരുതെന്നാണ് ചിലരുടെ ഉപദേശം. മുജ-ജമ വഹാബി മുക്കൂട്ട് മുന്നണികൾക്ക് എന്തുമാവാം. സ്ത്രീ സ്റ്റേജ് കയറ്റത്തിൽ  ഈ ഉമ്മത്ത് അത് കണ്ടതുമാണ്. 

സുന്നികൾ മിണ്ടാതിരുന്നാൽ ശത്രുക്കൾ പരാചയപ്പെടുമോ? ഐക്യം പൂവണിയുമോ? ബിദഇകൾ- മുജ-ജമ വഹാബി മുക്കൂട്ട് മുന്നണികൾ മിണ്ടാതിരിക്കുമോ? ലോകത്തിന്റെ ഏതെങ്കിലും മൂലയിൽ എന്തെങ്കിലും സംഭവിച്ചാൽ സുന്നികളുടെ തലയിൽ കൊണ്ടിടുന്നു പരിപാടി മുജ-ജമ വഹാബി മുക്കൂട്ട് മുന്നണികൾ നിറുത്തുമോ? അല്ലെങ്കിലും ഐക്യമെന്ന പേരിൽ ഐക്യം തകർക്കാൻ കച്ച കെട്ടി ഇറങ്ങിയത് ഇക്കൂട്ടർ തന്നെയായിരുന്നില്ലേ?. അന്നേരം മിണ്ടാതിരിക്കാത്തവരാണ് ഇപ്പോൾ ഉപദേശിക്കുന്നത്. 

വഹാബി ആശയം കുത്തിവെക്കപ്പെട്ടവരും തീവ്ര ചിന്തയുള്ള രാഷ്ട്രീയക്കാരുമാണ് ഐക്യ ത്തെ കുറിച്ച് വല്ലാതെ വ്യാകുലപ്പെടുന്നതും അതിന്റെ മറവിൽ മുതലെടുക്കുന്നതും. യഥാർത്ഥത്തിൽ എവിടെയാണ് ഐക്യം വേണ്ടത്.

രാഷ്ട്രീയ ഐക്യം
--------------------------
ഇസ് മിന്റെ സൽസരണി പറയാതിരുന്നു കൊണ്ടല്ല ഐക്യം സാധ്യമാക്കേണ്ടത്. മതേതരത്വം നിലനിൽക്കാൻ  മതാശയങ്ങൾ പോലും പറയരുതെന്ന് വാദിക്കുന്ന ചിലരുണ്ട്. അത് പോലെയാണ് ഐക്യം തകരുമെന്ന് പേടിച്ച് ഇസ് ലാമികാ ശയങ്ങൾ പോലും പറയരുതെന്നുള്ള കണ്ട് പിടുത്തം. ഇന്ത്യൻ സാഹചര്യത്തിൽ കടുത്ത വർഗ്ഗീയ ഫാസിസ്റ്റുകൾ ഭരണ സിരാ കേന്ദ്രങ്ങളിൽ വിരഹിക്കുമ്പോഴാണ് ചിലർക്ക് ഐക്യ ബോധമുണ്ടാകുന്നത്. ഇസ് ലാമിക ആശയങ്ങൾ പറയാതിരുന്നാൽ വർഗ്ഗീയ ഫാസിസ്റ്റുകളുടെ അക്രമത്തിൽ നിന്നും രക്ഷ നേടാൻ സാധിക്കുമോ? 

രാഷ്ട്രീയ ഐക്യമല്ലേ ഭരണ നേട്ടങ്ങൾക് വേണ്ടത്.? സംപൂജ്യരായ വർഗ്ഗീയ ഫാസിസ്റ്റുകൾ എങ്ങനെയാണ് അധികാരത്തിലെത്തിയതെന്ന് ഗൗരവത്തിൽ മനസിലാക്കണം. ഇന്ത്യൻ ന്യൂനപക്ഷമായ മുസ് ലികൾക്ക് ദിശാ ബോധം നൽകാൻ ശക്തമായ ഒരു രാഷ്ട്രീയ പാർട്ടി ഇവിടെ ഉണ്ടായിരുന്നു. പക്ഷെ ഉള്ളിലെ കഴുക കണ്ണുകൾ അതിനെ തച്ചുതകർത്ത് ഒരു പരുവത്തിലാക്കി. ഒരു സംസ്ഥാനത്ത് മാത്രം ഒതുക്കിയിട്ടു. എന്നിട്ടാണ് ചില തീവ്ര ചിന്താ രാഷ്ട്രീയക്കാർ ഐക്യത്തെ കുറിച്ച്    ഓരിയിടുന്നത്.

സ്പെയിനും കോർദോവയും
-----------------------------------------
മറ്റു ചിലർക്ക് പറയാനുള്ളത് സ്പെയിനും കോർദോവയുമാണ്. ധീര പോരാളിയും നീതി വാഹകനുമായ ഭരണാധിപൻ താരിഖ് ബ്നു സിയാദി(റ) ലൂടെ തുടക്കം കുറിച്ചാണ് മുസ് ലികൾ സ്പെയിൻ 800 വർഷക്കാലം ഭരിക്കുന്നത്. മുസ് ലിം ഭരണ കരങ്ങളാൽ വിജ്ഞനത്തിന്റെ വിളനിലമായി തലസ്ഥാന നഗരി കോർദോവ. മനക്കരുത്തിന്റെയും ഈമാനിന്റേയും ശക്തിയിൽ  ക്രിസ്ത്യൻ രാജാവിൽ നിന്നും പിടിച്ചെടുത് സർവ്വ മതങ്ങൾക്കും ഇഷ്ടാനുസരണം ജീവിക്കാനുള്ള വഴിയൊരിക്കി സ്പെയിനിലെ മുസ് ലിം ചക്രവർത്തിമാർ. 

സത്യസന്ധമായും നീതിയുക്തമായും നിരവധി മുസ് ലിം ഭരണാധിപന്മാർ സ്പെയിന് ഭരിച്ചു. അന്നത്തെ ജനങ്ങളും  സത്യസന്ധമായി ജീവിക്കാൻ ശ്രമിച്ചു. പക്ഷെ 800 വർഷങ്ങൾക്കിപ്പുറം മുസ് ലിംകൾ വഴി വിട്ട് ജീവിക്കാൻ തുടങ്ങി. ഭരണാധിപന്മാർ സുഖലോലുപരായി. തക്കം പാർത്തിരുന്ന ശത്രുക്കൾ കടന്നു വന്നു. സർവ്വതും നശിപ്പിച്ചു. അടയാളം പോലും ബാക്കി വെച്ചില്ല. മുസ് ലിമിന്റെ കൊള്ളരുതാത്ത ജീവിതവും മുസ് ലിം  ഭരണ കൂടങ്ങളുടെ അനീതിയും  കാരണം മുസ് ലിം  ഭരണാധികാരികളാൽ മുസ് ലിംകൾ പീഢിപ്പിക്കപ്പെട്ടു. 

ചില തൽപര കക്ഷികൾ ചരിത്രം ദുർവ്യാഖ്യാനിക്കുകയാണ്. മുസ് ലിംകൾക്കിടയിലെ  സംവാദങ്ങളാണ് മുസ് ലിം ഭരണകൂടങ്ങളെ തകർത്തെറിഞ്ഞതെന്നും മുസ് ലിംകൾ പീഢനനുഭവിക്കേണ്ടി വന്നതെന്നും വരുത്തി തീർക്കുകയാണ്. യാതൊരുടിസ്ഥാനവുമില്ലാത്ത കാര്യമാണിത്.

അഹ് ലുസുന്നത്ത് വൽ ജമാഅത്തിന്റെ പണ്ഡിതൻമാർ ഇസ് ലാമിന്റെ യഥാർത്ഥ വഴി കാണിച്ചു കൊണ്ടിരുന്നു. അതിന്റെ ഭാഗമായി ആശയ സംവാദങ്ങളും ചർച്ചകളും അവർ നിരന്തരം നടത്തി കൊണ്ടിരുന്നു. ഇതിനെ ചിദ്രതയായും അനൈക്യമായും മുജ-ജമ വഹാബി മുക്കൂട്ട് മുന്നണികൾ ഉയർത്തി കാണിച്ച് വർത്തമാന കാലഘട്ടങ്ങളിലെ സുന്നത്ത് ജമാഅത്തിന്റെ പ്രവർത്തനങ്ങൾ മുടക്കുകയാണ് ഇക്കൂട്ടർ. എന്നാൽ അൽപ്പമെങ്കിലും  ഇക്കൂട്ടർ മിണ്ടാതിരിക്കുമോ??

ഇസ് മിന്റെ യഥാർത്ഥ മാർഗം വിശദീകരിക്കലാണോ ഐക്യ തകർച്ചക്ക് കാരണം? പാരമ്പര്യ മുസ് ലിംകളും അല്ലാത്തവരുമായുള്ള സംവാദമില്ലായിരുന്നെങ്കിൽ സ്പെയിന് ഇന്നും അതിന്റെ പ്രതാപത്തിൽ ഉണ്ടാകുമായിരുന്നോ? സത്യത്തിൽ മുസ് ലിംകളുടേയും ഭരണകൂടങ്ങളുടേയും വഴി വിട്ട ജീവിതം തന്നെയാണ് മുസ് ലിം സ്പെയിനിനെ തകർത്തെറിഞ്ഞതെന്ന് പഠനത്തിലൂടെ മനസ്സിലാക്കാം.

ശക്തരായ രാജാക്കന്മാരെ മറിച്ചിട്ടാണ് ബലഹീനരായ താരിഖ് ബ്നു സിയാദും കൂട്ടരും ഈമാനിന്റെ കരുത്തിൽ  സ്പെയിൻ പിടിച്ചത്. ഈമാനിന്റെ ബലഹീനതയും വ്യതിചലിച്ച ജീവിതത്തോടപ്പം അധികാര കേന്ദ്രങ്ങളിലെ അനൈക്യവും മാത്രമാണ് മുസ് ലിം സ്പെയിനിനെ തകർത്തെറിഞ്ഞത്.

എന്ത് കൊണ്ട് തകരുന്നു
----------------------------------
ഐക്യത്തെ കുറിച്ച് വാതോരാതെ പ്രസംഗിക്കുകയും എഴുതുകയും ചെയ്യുബോൾ മർമ്മ പ്രധാനമായി ഉമ്മത്തിന് പഠിപ്പിച്ച് കൊടുക്കേണ്ടത് തഖ്  വയാണ്. തഖ് വയുണ്ടെങ്കിൽ എല്ലാം വഴിയേ വരും. ശത്രുക്കൾ ഭയന്നോടുകയോ അവരെ നേരിടാനുള്ള ഉൾക്കരുത്തോ ലഭിക്കും. "അല്ലാഹുവിനെ ആരെങ്കിലും ഭയപ്പെട്ടാൽ ലോകം അവനെ ഭയപ്പെടും" എന്ന തിരുവചനത്തിന്റെ ഉൾപ്പൊരുൾ നാം അറിയേണ്ടതാണ്. 

അഞ്ചു നേരത്തെ നിസ്ക്കാരം കൃത്യമായി നിർവ്വഹിക്കാതെ, സുബഹി നിത്യവും സമയം നഷ്ട്ടപ്പെട്ടുത്തിയിട്ട്, ബിസിനസ് മേഖലയിൽ അല്ലാഹുവിന്റെ തൃപ്തിയില്ലാതെ, സാമ്പത്തിക ഇടപാടുകളിൽ  വഞ്ചന നടത്തിയിട്ട് പലിശ ഇടപാടുകൾ, കല്യാണങ്ങളും മറ്റും ആർഭാടങ്ങളും അനാശ്യാസ്യങ്ങളും നിറഞ്ഞതായിട്ട്, കോടികളുടെ പള്ളികളും കെട്ടുറപ്പുള്ള പള്ളികൾ തച്ചുടച്ച് കോടികളൾ ചെലവിട്ടും, കുടുംബ ജീവിതത്തിലെ ഫിത്നയും ഫസാദും  ഗൗനിക്കാതെ, ലഹരി വസ്തുക്കളുടെ ഉപയോഗം, വ്യഭിചാരം, അന്യസ്ത്രീ-പുരുഷ ഇടപഴക്കങ്ങൾ, ആദരവും ബഹുമാനവുമില്ലാത്ത പെരുമാറ്റങ്ങൾ   തുടങ്ങിയ കാര്യങ്ങളെ നിസ്സവൽക്കരിച്ചിട്ട്, മുസ് ലിം രാഷ്ട്രീയ പാർട്ടികളുടെ പേക്കൂത്തുകൾ, നഗ്നത വെളിവാക്കുന്നതിലെ ഉളുപ്പില്ലായ്മയും ഉൾപ്പെടെ നിരവധി അധർമ്മങ്ങളും അനാചാരങ്ങളും അക്രമങ്ങളും മുസ് ലിമിലെ ജീവിതത്തോട് ചേർന്ന് നടക്കുബോൾ  ശത്രു എങ്ങനെ അടങ്ങിയിരിക്കും???

ദീനീ വിജ്ഞാനം കരസ്ഥമാക്കുന്നതിലും പ്രാവർത്തികമാക്കുന്നതിലും അനാസ്ഥ ചെയ്ത്, ദിക്റുകളും, സ്വലാത്തുകളും, പാരമ്പര്യമായി കൈവന്നതെല്ലാം തിരസ്ക്കരിച്ചും, വെള്ളിയാഴ്ച പോലും  പള്ളിയിൽ വൈകി എത്തി സലാം വീട്ടിയ ഉടനെ എഴുന്നേറ്റ് ഓടി പുറത്തിറങ്ങി സൊറ പറഞ്ഞ് സമയം വേസ്റ്റാക്കിയിട്ട്, നല്ല രാവും പകലും കളഞ്ഞു കുളിച്ചിട്ട്, വലിയ വായയിൽ പറയും ശത്രുവിനെതിരെ ഒന്നിക്കണം. വല്ല കാര്യവുമുണ്ടോ?.

ഇസ് ലാമിന്റെ യഥാർത്ഥ വഴിയായ അഹ് ലുസുന്നത്ത് വൽ ജമാഅത്തിന്റെ (സുന്നി) സംരക്ഷണത്തെ തടയാനുള്ള ബിദഇകൾ- മുജ-ജമ വഹാബി മുക്കൂട്ട് മുന്നണികളുടെ ഹിഡൻ അജണ്ടയിൽ വീഴാതിരിക്കുക.ഏത് കൊടും കാറ്റിലും സുന്നിസം പറഞ്ഞു കൊണ്ടേയിരിക്കണം..

NB: അഞ്ചു ലക്ഷം മുസ് ലിംകളൊഴിച്ച് ബാക്കി മുഴുവൻ മുഷ് രിക്കുകളാണന്ന് ഹജ്ജിന് വന്നതെന്ന്  ഏത് കെട്ട കാലത്തും ഒരു ഉളുപ്പുമില്ലാതെ മുജാഹിദ് ബാലുശ്ശേരിക്ക് പ്രസംഗിക്കാം. ലൈറ്റസ്റ്റായി, നടന്ന് ഹജ്ജിന് പോകുന്ന സഹോദരനെ തിരിച്ചു വിളിക്കുകയും പുരോഹിതന്മാരുടെ വലയിൽ വീഴാതിരിക്കാൻ ഉപദേശിക്കുന്നതിന് ഫാസിസത്തിന്റെ കെട്ട കാലം പ്രശ്നമേയല്ല ടിയാന്...