ഹൈദരലി ശിഹാബ് തങ്ങൾ വഫാത്തായ ആദ്യ നിമിഷങ്ങളെ കുറിച്ച് - ഓണോപിള്ളി മുഹമ്മദ് ഫൈസി

ജീവിതത്തിൽ ചില നിയോഗങ്ങൾ നാമറിയാതെ , വിരുന്നു വരാറുണ്ട്. ഭാവിയെ കുറിച്ച് ഒരു നിർവ്വചനത്തിലെത്താൻ കഴിയണമെന്നില്ല. എങ്കിലും പക്ഷേ, മനസ്സത് മണക്കുന്നുണ്ടാവും. എന്തോ ഒന്ന് സംഭവിക്കാനിരിക്കുന്നുവെന്ന ഒരുൾപ്പിടച്ചിൽ. അത്തരമൊരു അനിർവ്വചനീയമായ വൈകാരിക സാന്ദ്രത എന്നെ വന്നു മൂടിയ ദിവസമായിരുന്നു കഴിഞ്ഞ വ്യാഴായ്ച - അന്ന് ഉച്ച കഴിഞ്ഞ് തൃശൂരിൽ നിന്ന് നാട്ടിലേക്ക് കാർ ഡ്രൈവ് ചെയ്യുന്നതിനിട ക്ക് സലാം ഫൈസി ഒളവട്ടൂരിന്റെ പ്രസംഗം കേട്ടു. എസ് കെ. എസ് .എസ് . എഫ് . സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മനസ്സൊരുക്കം പരിപാടിയിലെ പ്രസംഗമായിരുന്നു അത്. ഇടക്കെപ്പോഴാ ഒരു വിതുമ്പൽ, ഒരു കണ്ണീർക്കണം വീണുടഞ്ഞു. മനസ്സിന്റെ മഞ്ഞുപാളികളിൽ ആർദ്ര മർമരം, പാണക്കാട് കുടുംബത്തെ ക്കുറിച്ച് ഫൈസി യുടെ വികാര നിർഭരമായ വാക്കുകളായിരുന്നു അതിനു കാരണം. ഞാനത് ഫൈസിയെ വിളിച്ചു പറയുകയും ചെയ്തു. അംപ്പോഴൊക്കെ, അനിർവ്വചനീയമായ ഒരു ആശങ്ക മനസ്സിനെ കീഴ്പ്പെടുത്തുന്നു. 
ആറ്റപ്പുവിനെ ക്കുറിച്ചാണ് മനസ്സാകെ, ആയുസ്സിനായി കുറെ ദുആ ചെയ്തു. വീട്ടിലെത്തി, ചില ആവശ്യങ്ങൾക്കായി കുടുംബ സമേതം പെരുമ്പാവൂർ നിൽക്കുമ്പോഴാണ് ഏകദേശം ആറ് മണിയോടടുത്ത് , ഹസൻ സഖാഫി പൂക്കോട്ടൂർ വിളിക്കുന്നു. ഹൈദരലി തങ്ങൾ അങ്കമാലിയിൽ ഐ.ഡി. യുവിയിലാണ് . നിങ്ങൾ വേഗം ചെല്ലണം. സഖാഫി പറഞ്ഞ് നിർത്തി. അങ്കമാലി ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റൽ അടുത്താണ് . കുഞ്ഞുനാളിലെ പോവാറുള്ള ആശുപത്രി. പക്ഷേ, സാധാരണ ആശുപത്രികളിലെ അധികൃതരിൽ ചില ബന്ധപ്പെടാൻ കഴിയുന്ന പോലെയുള്ള പ രിചയങ്ങൾ കുറവാണ്. എന്തു ചെയ്യും? അബ്ബാസലി ശിഹാബ് തങ്ങളെ വിളിച്ചു. തങ്ങൾ ഒളിമ്പിക് അഷ്റഫ് സാഹിബിന്റെ നമ്പർ തന്നു. പിന്നെ ആവശ്യങ്ങളൊക്കെ വെട്ടിച്ചുരുക്കി, നേരെ ഹോസ്പിറ്റലിലേക്ക് ഓടി. അഷ്റഫ് അവിടെ കാത്ത് നിന്നിരുന്നു. നേരെ ഐ.സി യുവിന്റെ മുമ്പിലെത്തി. ബഷീറലി തങ്ങളും മുഈനലി തങ്ങളും നഈമലി തങ്ങളും അവിടെയുണ്ട്. അല്പം മാറി ബീത്താത്തയും ഇരിക്കുന്നുണ്ട്. അല്പ നേരമിരുന്നു , ബഷീറലി ശിഹാബ് തങ്ങൾ ദുആ ചെയ്യാൻ ആവശ്യപ്പെട്ട പ്രകാരം അവിടെയിരുന്ന് ദുആ ചെയ്തു. പുറത്ത് കടന്നപ്പോൾ മുനവ്വർ മോനും യൂത്ത് ലീഗ് നേതാക്കളുമുണ്ട്. യാത്ര പറഞ്ഞിറങ്ങി. 

അന്ന് രാത്രി മനസ്സാകെ കലുഷമായിരുന്നു. എന്റെ തങ്ങൾ അങ്കമാലി ഐ.സി.യുവിൽ ഒറ്റക്കാണ- മലപ്പുറത്തോ, കോഴിക്കോടോ ആയിരുന്നെങ്കിൽ എനിക്കത് അത്ര തോന്നില്ലായിരുന്നു. രാത്രി ഇടക്ക് അഷ്റഫ് സാഹിബിനെ വിളിച്ച് അന്വേഷിക്കും . കുഴപ്പമില്ലാ എന്നറിയുമ്പോൾ സമാധാനിച്ചു നിൽക്കും , പുലർ വേളയിൽ വീണ്ടും വിളിച്ചു. അദേഹം അവിടെ ഇല്ലെന്ന് അറിയിച്ചു. പ്രത്യേക വിശേഷങ്ങളൊന്നുമില്ലെന്നായിരുന്നു മറുപടി. രാവിലെ സമസ്തയുടെ ജില്ലാ ആസ്ഥാനത്തിന് വേണ്ടി ആളുകളെ കണ്ട് , പതിനൊന്ന് മണിയോടെ വീട്ടിലെത്തി. അഷ്റഫ് വീണ്ടും വിളിച്ചു, ഒരു കരച്ചിലായിരുന്നു മറുപടി. കാര്യങ്ങൾ ഏകദേശം മനസ്സിലായി , നേരെ ഹോസ്പിറ്റലിലേക്ക് പാഞ്ഞു. വണ്ടി ഡ്രൈവ് ചെയ്തത് സഹോദരീ ഭർത്താവ് അനസാണ്. പരമാവധി എത്തലായിരുന്നു ലക്ഷ്യം.

അങ്കമാലിയിലെ മസ്ജിദ്ദിൽ എത്തി. ആദരണീയനായ ഉസ്താദ് ബാവ മുസ്ല്യാർ അവിടെയുണ്ട് . കുളിപ്പിക്കാനുള്ള സൗകര്യങ്ങൾ ഉറപ്പ് വരുത്തി. മസ്ജിദ് മുദർറിസ് അലിയാർ ബാഖവിയും വിദ്യാർത്ഥികളും സജീവമായി രംഗത്തുണ്ട്. നേരെ ഹോസ്പിറ്റൽ ഐ.സി. യുവിന്റെ അടുത്തെത്തിയപ്പോഴാണ് അവിടെ ഫരീദ് സാഹിബും മറ്റു നേതാക്കളുമുണ്ട്. ഐ സി യു വിന്റെ ഉള്ളിലേക്ക് ചെല്ലാൻ മുഈനലി തങ്ങൾ ആവശ്യപ്പെട്ടു. അകത്ത് കയറി, എന്റെ നായകന്റെ തിരുശരീരം തൊട്ടു മുമ്പിൽ ….
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകൾ, സ്നേഹിച്ചും, ശാസിച്ചും , കൂടെ യാത്രകളിൽ കൂട്ടിയും എന്നെ പ്പോലെ ഒരു ചെറുപ്പക്കാരനെ പിതൃതുല്യമായി സ്നേഹിച്ച ആറ്റപ്പൂവിന്റെ തിരുമുഖം .

ആദ്യം ആ പൂമുഖം ചുംബിച്ചു. ജീവിതത്തിലും മരണത്തിലും സുഗന്ധം പരത്തിയ ആരംഭപ്പൂവിന്റെ പരമ്പരയിലെ ആറ്റപ്പു. ഒരു പൂവിതൾ വിശുദ്ധിയോടെ ജീവിച്ച എന്റെ നായകൻ. പിന്നെ കാത്ത് നിന്നില്ല. വൈറ്റ് ഗാർഡ്സ് കൂടെയുണ്ട് . വസ്ത്രങ്ങൾ മാറ്റി. പ്രാഥമിക കാര്യങ്ങൾക്ക് ശേഷം പള്ളിയിലേക്ക് എടുത്ത് , അവിടെ സൗകര്യപ്പെടുത്തിയ റൂമിൽ കുളിപ്പിച്ചു. എല്ലാത്തിനും കൂടെ മുഈനലി തങ്ങൾ നിന്നു . അങ്കമാലിയിലെ ജനക്കൂട്ടം നിയന്ത്രണാതീതമായി തുടങ്ങി. എല്ലാം കഴിഞ്ഞ് ജനാസ നമസ്കാരം കഴിഞ്ഞ്, വിരുന്നുകാരൻ യാത്രയായി. 

ഓർമകൾ പെരുമഴയായി ഒഴികി വന്നു. പ്രാസ്ഥാനിക രംഗത്തു തങ്ങളുടെ ഇടപെടലുകൾ, സ്നേഹനിർദേശങ്ങൾ. പെരുന്നാൾ ദിനങ്ങളിൽ ചിലപ്പോൾ ഇങ്ങോട്ട് വിളിച്ചു പോലും വിശേഷം ചോദിക്കുന്ന സ്നേഹ വൽസലനായ നായകൻ. സങ്കടങ്ങൾ അറിയുക്കുമ്പോൾ പുറത്ത് തട്ടി എല്ലാത്തിനും പരിഹാരം തന്ന മാർഗ ദർശി, എന്റെ വാപ്പ കാൻസർ ബാധിതനാണെന്നറിഞ്ഞ് കാണാൻ ആഗ്രഹം പ്രകടിപ്പിച്ച പ്പോൾ സ്വന്തം ആരോഗ്യാവസ്ഥ അതേ രോഗത്താൽ വഷളായി നിൽക്കുമ്പോഴും , ആർക്കും കൂടുതൽ പ്രവേശനം നൽകാത്ത സമയത്ത് എന്റെ പിതാവിനെ മാത്രം കാത്ത് ബയ്ത്തുന്ന ഈമിന്റെ വിളക്കണച്ചും തിരഞ്ഞെടുപ്പ് തിരക്കിൽ ഓടി നടന്ന ക്ഷീണം മാറ്റാൻ വിശ്രമിക്കാതെ കാത്തിരുന്ന സ്നേഹനിധി. എത്ര തിരക്കിലും എന്റെ മക്കളുടെ പേരെടുത്ത് വിളിച്ചു സുഖന്വേഷണം നടത്തുന്ന എന്റെ കാരണവർ. സുന്നീ പ്രസ്ഥാന പ്രവർത്തകർക്ക് മുമ്പിൽ ഒരു തണലായി നിന്ന കർമ യോഗി . ആരുമല്ലാതിരുന്ന ഒരു കാലത്ത് , എറണാകുളത്ത് നിന്ന് ചെന്ന് ഖത്വീബിനെ അന്വേഷിച്ച പളളി കമ്മിറ്റിക്കാരോട്, ഈയുളളവനെക്കുറിച്ച് അഭിമാനം പറഞ്ഞ സ്നേഹനിധി ..... ഇനിയും എന്തൊക്കെ ഓർമകൾ ....... പ്രിയപ്പെട്ട വരെ മറക്കില്ലൊരിക്കലും ::: ഇന്നും ആ ഖബറിനരികിൽ നിൽക്കുമ്പോൾ :- … വയ്യ…. നാഥൻ അങ്ങയുടെ ദറജകൾ ഉയർത്തട്ടെ….

ഓണോപിള്ളി മുഹമ്മദ് ഫൈസി