ഹൈദരലി തങ്ങളുടെ വീട്ടിലായിരുന്നു എനിക്ക് ചെലവ്, ഞാൻ പഠിച്ചത് പാണക്കാട് ദർസിൽ - നാസർ ഫൈസി കൂടത്തായി എഴുതുന്നു..
മൊല്യാരുട്ടിയെ ഊട്ടിയ ചെലവു കുടിക്കാരൻ
പാണക്കാട് പള്ളിദർസിൽ ഉസ്താദ് മുഹമ്മദലി ബാഖവിയുടെ കീഴിൽ ഓതിപ്പഠിക്കുന്ന കാലം.മുതഅല്ലിമായ എനിക്കും സുഹൃത്ത് അബൂബക്കറിനും ഉച്ചഭക്ഷണം സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളുടെ വീട്ടിലാണ്. എത്ര തിരക്കുണ്ടെങ്കിലും മുതഅല്ലിമീങ്ങളായ ഞങ്ങൾ വന്നാൽ അല്പവും താമസിക്കാതെ ഭക്ഷണം തരാൻ ചുറ്റും കൂടിയ ആളുകൾക്കിടയിലെ മേശക്കരികിലെ കസേരയിലിരുന്നു തങ്ങൾ വിളിച്ചു പറയും. എല്ലാ വെള്ളിയാഴ്ചയും മീൻ ബിരിയാണി മസ്റ്റാണ്.ചൊവ്വ കഴിഞ്ഞാൽ തിരക്ക് കൂടിയ ദിവസവും വെള്ളിയാഴ്ചയാണ്. എന്നാലും അന്ന് കൂടെ ഇരുന്ന് ഭക്ഷണം കഴിക്കും നന്നായി ഞങ്ങളെ കഴിപ്പിക്കും. നാട്ടിൽ പോകുന്ന ആഴ്ചകളിൽ "കൈമടക്ക് " തരും. ചിലപ്പോഴൊക്കെ ഷർട്ട് പീസോ തൊപ്പിയോ ഹീറോ പേനെയോ ഒക്കെയാവും. വീട്ടിലെ വിവരങ്ങൾ എപ്പോഴും ചോദിച്ചറിയും.
ഒരു വെള്ളിയാഴ്ച ഞാൻ തനിച്ചുള്ളപ്പോൾ ചോദിച്ചു "ഇന്ന് മമ്പുറം ഉറൂസാണ് ങ്ങള് പോരുന്നോ ''. കൂടെ കയറി.
മമ്പുറത്തെ സദസ്സിലിരിക്കുമ്പോൾ ഒരാൾ പിടിച്ചെഴുന്നേൽപ്പിച്ച് പറഞ്ഞ് നിങ്ങളോട് തങ്ങൾ സ്റ്റേജിലിരിക്കാൻ വിളിക്കുന്നു.നിർബന്ധിച്ച് സ്റ്റേജിലിരുത്തി. ആദ്യമായിട്ടായിരിക്കും അത്തരമൊരു വേദിയിൽ ഞാനിരുന്നത്.മലബാറിലെ ഒരു മുതഅല്ലിമിന് തൻ്റെ ചെലവുകുടിയിൽ കിട്ടുന്ന പരിഗണന വലുതാണ്.
പാണക്കാട്ടെ വീട്ടിലും തങ്ങളുടെ അടുത്തും സംഘടനാ ബന്ധത്തേക്കാൾ എനിക്ക് ലഭിച്ച സ്വാതന്ത്ര്യം "ചെലവുകുടി ''ക്കാരൻ്റേതായിരുന്നു. എവിടെയും കയറിച്ചെല്ലാവുന്ന മനസ്സിടം. സംഘടനാ നേതാക്കളുടെ കൂടെ തങ്ങളുടെ വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കുമ്പോൾ പലപ്പോഴും പറയും "കൂടത്തായി ങ്ങള് ഇവിടെത്തെ ആളാണ് എല്ലാർക്കും ങ്ങള് ഇട്ട് കൊടുക്കൂ ".
ആ ഒരു ബന്ധത്തിലാണ് തങ്ങളുടെ പ്രിയ സഹധർമ്മിണി എൻ്റെ മകളുടെ വിവാഹത്തിന് വീട്ടിൽ വന്ന് മണിക്കൂറുകളോളം ചെലവഴിച്ചത്.തങ്ങൾ പറഞ്ഞിട്ടാണ് ഞാനിത്രയും ഇരുന്നതെന്ന് മഹതി മകളോട് പറഞ്ഞത്രെ.
ഒരു മുതഅല്ലിമിനെ വീട്ടുകാർ എങ്ങിനെ കെയർ ചെയ്യണമെന്നു കൂടി മഹാനായ ആറ്റാക്കയിൽ സമുദായത്തിന് പാഠമുണ്ട്.
നാസർ ഫൈസി കൂടത്തായി
Post a Comment