സമസ്തയും_ദക്ഷിണയും: സമസ്തയുടെ ആശയം തെക്കൻ കേരളത്തിൽ നടപ്പിലാക്കാൻ രൂപം കൊണ്ട ദക്ഷിണക്ക് പിന്നെ എന്ത് സംഭവിച്ചു ?
#സമസ്തയും_ദക്ഷിണയും
സമസ്ത കേരള ജംഇയത്തുൽ ഉലമായുടെ ആശയാദർശങ്ങൾ തെക്കൻ കേരളത്തിൽ നടപ്പിലാക്കാൻ രൂപം കൊണ്ടതാണ് ദക്ഷിണ കേരള ജംഇയത്തുൽ ഉലമാ.1926 ജൂൺ 26 നു രൂപീകരിക്കപ്പെട്ട സമസ്ത, അതിൻ്റെ മുപ്പതാം വയസ്സിലേക്ക് കാലെടുത്തു വെക്കുന്ന വാർഷിക ദിനത്തിൽ 1955 ജൂൺ 26 ന് ആയിരുന്നു 'ദക്ഷിണ' യുടെ പിറവി. അഥവാ സമസ്തയുടെ വാർഷിക സമ്മാനമാണ് ദക്ഷിണ. യാത്ര - ബന്ധങ്ങൾ കുറഞ്ഞ ആ കാലത്ത്, അങ്ങനെയൊരു സംഘടന തെക്കൻ കേരളത്തിൽ വേണമെന്ന് അവിടെയുള്ളവരെ ഉപദേശിച്ചത് മൗലാനാ പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ ആയിരുന്നു.
സമസ്തയുടെ പ്രമുഖ നേതാവ് മൗലാനാ ഖുത്വുബി മുഹമ്മദ് മുസ്ലിയാർ മുഖ്യാതിഥിയായിരുന്ന 1955 നവംബർ 12,13 ലെ ചങ്ങനാശ്ശേരി സമ്മേളനത്തിലാണ് ദക്ഷിണയുടെ പ്രവർത്തന രീതികൾ തീരുമാനിക്കപ്പെട്ടത്. വിശ്വാസരംഗത്ത് അശ്അരീ, മാതുരീതി വഴിയും കർമരംഗത്ത് നാലാലൊരു മദ്ഹബും അംഗീകരിക്കുന്ന പണ്ഡിതന്മാർക്ക് ദക്ഷിണയിൽ അംഗത്വം.
ഏകദേശം 2500 മദ്റസകളും 3000 മഹല്ലു ജമാഅത്തുകളും ദക്ഷിണക്ക് കീഴിലുണ്ടത്രെ. എന്നിട്ടും തെക്കൻ കേരളത്തിലെ മുസ്‌ലിം മനസ്സിൽ വേണ്ടത്ര ഇടം അവർക്ക് കിട്ടുന്നില്ല. അതിന് പല കാരണങ്ങളുണ്ട്. പിൽക്കാലത്ത് ഉടലെടുത്ത മതനവീകരണ കക്ഷികൾക്കും ബിദഈ ചിന്തകൾക്കുമെതിരെ സമസ്തയെ പോലെ ആർജവമുള്ള നിലപാട് സ്വീകരിക്കാനും സമൂഹത്തെ അവ്വിധം പാകപ്പെടുത്താനും അവർക്ക് പലപ്പോഴും സാധിച്ചില്ല എന്നതു തന്നെ പ്രധാനം. ദക്ഷിണയുടെ നേതാക്കൾ പലപ്പോഴും പുതിയ കക്ഷികളോട് സോഫ്റ്റ് സമീപനം സ്വീകരിച്ചു കൂടുതൽ ഫ്ലക്സിബിൾ ആകാനും ലിബറലാകാനും അറിഞ്ഞോ അറിയാതെയോ ശ്രമിച്ചു. ഉറക്കെ പറയേണ്ട പലതിലും പല കാരണങ്ങളാൽ മൗനികളായി. അതോടെ തബ് ലീഗ് ജമാഅത്തും പോപ്പുലർ ഫ്രണ്ടിൻ്റെ ഇമാം കൗൺസിലുമെല്ലാം അവരെ വിഴുങ്ങുന്ന അവസ്ഥ വന്നു. സംഘടനയുടെ അകത്തു പോലും അത്തരക്കാർ കയറിപ്പറ്റി.
അല്ലാമാ മൂസൽ ബർദലിയെ പോലുള്ള പണ്ഡിതന്മാർ അവസാന കാലത്ത് ഇക്കാര്യം തിരിച്ചറിയുകയും തുറന്നു പറയുകയും ചെയ്തിരുന്നു. ദീനിൻ്റെ സംരക്ഷണത്തിനപ്പുറം ഉമ്മത്തീ വാദത്തിൻ്റെ പിന്നാലെ പോയത് ഇനിയെങ്കിലും തിരുത്തി ഉറച്ച നിലപാടുമായി മൂന്നാട്ടു പോകണം എന്നാഗ്രഹിക്കുന്ന നല്ലൊരു വിഭാഗം ഇപ്പോഴും ദക്ഷിണയിൽ ഉണ്ട്. എല്ലാവരെയും സംഘടനയുടെ സ്ഥാപിത താൽപര്യത്തോടൊപ്പം നടത്താൻ
ആദ്യകാല ഫൈസിമാരിൽ പെട്ട അല്ലാമാ കെ.പി അബൂബകർ ഹസ്റത്തിനു സാധിക്കട്ടെ!
Anwar Sadiq faizy Tanur
Post a Comment