ഖബ്റിന്റെ എടുപ്പും ഇബ്നു ഹജറി(റ)ന്റെ സവാജിറിൽ മൗലവിയുടെ തരികിടയും
ഖബ്റിന്റെ എടുപ്പും കിബ്റിന്റെ മൗലവിയും
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
തൗഹീദ്, ദീനിന്റെ അടിസ്ഥാനമാണെന്ന് പോലും തിരിയാത്ത ഒരു കിബ്ർ മൗലവി ഇപ്പോൾ ഖബ്റു ശിർക്കുമായിട്ടാണ് ഇറങ്ങിയിട്ടുള്ളത്. ഇയാൾക്ക് ഇബ്നു ഹജർ(റ)ന്റെ ഇബാറത്ത് തിരിയാൻ ഒരു ചാൻസുമില്ല.
വഖ്‌ഫു ചെയ്യപ്പെട്ടതോ മുസബ്ബലോ (കാലങ്ങളായി മറമാടൽ നടന്നുപോരുന്ന പൊതുസ്ഥലം) ആയ ഖബ്റുസ്ഥാനിൽ എടുപ്പുണ്ടാക്കൽ ഹറാമാണ് എന്ന ഇബ്നു ഹജർ(റ) വിന്റെ ഇബാറത്തുമായിട്ടാണ് വരവ്. ഇത് ശിർക്കാണ്....ന്നോ, ശിർക്കിലേക്ക്....ന്നോ എന്തൊക്കെയോ തന്റെ വക തുന്നിച്ചേർക്കാൻ ടൈലർ പണിയെടുക്കുകയാണ് ഫുലാൻ.
الْمَنْقُولُ الْمُعْتَمَدُ كما جَزَمَ بِهِ النَّوَوِيُّ في شَرْحِ الْمُهَذَّبِ حِرْمَةُ الْبِنَاءِ في الْمَقْبَرَةِ الْمُسَبَّلَةِ فَإِنْ بُنِيَ فيها هُدِم،َ
പൊതുശ്മാശനത്തിൽ എടുപ്പുണ്ടാക്കൽ ഹറാമാണെന്നും അതു പൊളിക്കണമെന്നും ഇബ്നു ഹജർ(റ) പറഞ്ഞതിന്റെ പരിധിയിൽ ഖബ്റിന്റെ എടുപ്പ് മാത്രമല്ല പെടുക എന്ന് ഈ മൗലവിക്ക് അറിയില്ല. പൊതുശ്മാശനത്തിൽ ഒരു ചായ പീടിക ഉണ്ടാക്കിയാൽ അതും, പാടില്ലെന്നും പൊളിക്കണമെന്നുമാണ് ഇബ്നു ഹജർ(റ) പറഞ്ഞത്. ഇനി ആ പീടികയിൽ പോയി മൗലവി ഒരു ചായ കുടിച്ചാൽ അത് ശിർക്കാണെന്നോ കള്ളുകുടിയാണെന്നോ അല്ല ഇബ്നു ഹജർ(റ) പറയുന്നത്.
ഖബ്റിന്റെ എടുപ്പിനെ കുറിച്ച് ഇബ്നു ഹജർ(റ) എന്താണ് പറഞ്ഞത്?
لما فيه من التضييق مع أن البناء يتأبد بعد انمحاق الميت فيُحْرَم الناسُ تلك البقعةَ (تحفة المحتاج)
"സ്ഥലം കുടുസ്സാക്കലുള്ളതിനാലും മയ്യിത്ത് ദ്രവിച്ചതിനു ശേഷവും എടുപ്പ് നിലനിൽക്കുന്നതിനാൽ ആ സ്ഥലം ജനങ്ങൾക്ക് തടയപ്പെടുന്നതിനാലും ഹറാമാണ്" എന്നാണ് ഇബ്നു ഹജർ(റ) കാരണം പറഞ്ഞത്. അതുപക്ഷേ മൗലവി കണ്ടില്ല. സ്വകാര്യ സ്ഥലത്തിന് ഈ നിയമം ബാധകമല്ല എന്നും ഇബ്നു ഹജർ(റ) രേഖപ്പെടുത്തിയിട്ടുണ്ട്. അതും അയാൾ കണ്ടില്ല. കാണില്ല. ഇബ്നു ഹജർ(റ) ഇനിയും പറയുന്നു:-
ولو انمحق الميت وصار ترابا جاز نبشه والدفن فيه بل تحرم عمارته وتسوية ترابه في مسبلة لتحجيره على الناس قال بعضهم إلا في صحابي ومشهور الولاية فلا يجوز وإن انمحق ويؤيده تصريحهما بجواز الوصية بعمارة قبور الصلحاء أي في غير المسبلة على ما يأتي في الوصية لما فيه من إحياء الزيارة والتبرك (تحفة المحتاج)
"മയ്യിത്ത് നുരുമ്പി മണ്ണായി മാറിയാൽ ഖബ്ർ മാന്തി അതിൽ മറവു ചെയ്യൽ ജാഇസാണ്. ഇനിയും അത് പരിപാലിക്കലും മണ്ണ് നേരാക്കലും പൊതുശ്മശാനത്തിലാണെങ്കിൽ ഹറാമാണ്. കാരണം അത് ജനങ്ങൾക്ക് സ്ഥലം മുടക്കലാണ്. എന്നാൽ ചില ഇമാമീങ്ങൾ പറഞ്ഞു: സ്വഹാബി, വിലായത്ത് പ്രസിദ്ധിയുള്ളയാൾ പോലുള്ളവരുടെ ഖബ്‌റുകൾ മാന്തൽ ജാഇസല്ല. സ്വാലിഹീങ്ങളുടെ ഖബ്ർ പരിപാലിക്കാൻ വേണ്ടി
-മുസബ്ബലല്ലാത്തതിലാണെങ്കിൽ-
വസ്വിയ്യത്ത് സാധുവാണ് എന്ന ഇമാം നവവിയും റാഫിഇയും (റ) വ്യക്തമാക്കിയത് അപ്പറഞ്ഞതിനെ ശക്തിപ്പെടുത്തുന്നുമുണ്ട്. കാരണം അതിൽ സിയാറത്തിനെയും ബറകത്തെടുക്കുന്നതിനെയും സജീവമാക്കലുണ്ട്."
ഖബ്റിങ്കൽ ബറകത്തെടുക്കൽ സജീവമാക്കണമെന്ന് ഇബ്നു ഹജർ! ഇത് ശിർക്കാണുപോലും!! മൗലവി അവർകളേ നിങ്ങളുടെ വ്യാജ ശിർക്കാരോപണത്തിന്റെ പട്ടികയിൽ ഇബ്നു ഹജർ(റ)വിനെക്കൂടി മുശ്‌രിക്കാക്കിക്കോ. വേറെ പണിയൊന്നുമില്ലല്ലോ.
(പൊതുശ്മാനത്തിലാണെങ്കിലും മഹാൻമാരുടെ ഖബ്റുകൾക്കു മേൽ എടുപ്പ് മേൽ ഉദ്ദേശ്യപ്രകാരം ഉണ്ടാക്കാം എന്നുള്ള ഇബാറത്തുകളുണ്ട്. അത് ആവശ്യമെങ്കിൽ പറയാം.)
ഖബ്റിന്റെ എടുപ്പും ഇബ്നു ഹജറി(റ)ന്റെ സവാജിറിൽ മൗലവിയുടെ
തരികിടയും
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
🔹ഖബ്റിന്റെ മേൽ എടുപ്പുണ്ടാക്കുന്നതിന്റെ മൂന്നു രൂപവും മൗലവിയുടെ 'ശിർക്ക് സാമ്രാജ്യ'ത്തെ വികസിപ്പിക്കാൻ പര്യാപ്തമല്ലെന്ന് ഇബ്നു ഹജർ(റ) വിന്റെ തുഹ്ഫ. തുഹ്ഫ, തന്നെ കൈവിട്ടപ്പോൾ മൗലവി ഇബ്നു ഹജർ(റ) വിന്റെ മറ്റൊരു കിതാബായ സവാജിറിനെ കൂട്ടുപിടിച്ചിരിക്കുകയാണ്. മൗലവി സവാജിറിന്റെ ഇബാറത്തിന് വ്യാജം അർത്ഥം കൊടുത്തു. അത് പിടികൂടപ്പെടുകയില്ല എന്നാണ് മൗലവി സ്വപ്നം കണ്ടത്. നമുക്ക് മൗലവിയുടെ സ്വപ്നം തകരുന്നത് എങ്ങനെ എന്ന് നോക്കാം:-
وأما اتخاذها أوثانا فجاء النهي عنه بقوله - صلى الله عليه وسلم -: «لا تتخذوا قبري وثنا يعبد بعدي» أي لا تعظموه تعظيم غيركم لأوثانهم بالسجود له أو نحوه، فإن أراد ذلك الإمام بقوله: «واتخاذها أوثانا» هذا المعنى اتجه ما قاله من أن ذلك كبيرة بل كفر بشرطه، وإن أراد أن مطلق التعظيم الذي لم يؤذن فيه كبيرة ففيه بعد.
"ഖബ്റുകളെ ബിംബങ്ങളാക്കൽ ഹദീസിൽ വിരോധിക്കപ്പെട്ടിരിക്കുന്നു. നബി(സ്വ) പറഞ്ഞു: "എന്റെ ഖബ്ർ നിങ്ങൾ എനിക്കു ശേഷം, ആരാധിക്കപ്പെടുന്ന ബിംബമാക്കരുത്." ഇതിനർത്ഥം മറ്റുള്ളവർ അവരുടെ ബിംബങ്ങളെ സുജൂദ് കൊണ്ടും അതു പോലോത്തത് കൊണ്ടും വന്ദിച്ച തരത്തിൽ വന്ദിക്കരുത് എന്നാണ്. 'ഖബ്റുകളെ ബിംബങ്ങളാക്കൽ' എന്നതുകൊണ്ട് ഇതാണ് ഉദ്ദേശ്യമെങ്കിൽ അത് വൻ ദോഷമാണെന്നത് ന്യായമുള്ളതാണ്. എന്നുമാത്രമല്ല, കുഫ്റിന്റെ നിബന്ധന ഒത്താൽ അത് കുഫ്റുമാണ്. ഇനി അനുവാദമില്ലാത്തതായ കേവലം വന്ദിക്കൽ വൻ ദോഷമാണ്
എന്നാണ് ഉദ്ദേശിച്ചതെങ്കിൽ അത് ശരിയല്ല." (അത് വൻദോഷമാണെന്നത് ശരിയല്ല)
🔹ഇത്രയുമാണ് ഇബ്നു ഹജർ(റ) സ്വന്തമായി പറഞ്ഞത്. ഇനി ഹമ്പലികളിൽ പെട്ട ഏതോ ഒരാളുടെ ഉദ്ധരണി സവാജിറിൽ ചേർത്തിയത് കാണാം. അതാണ് മൗലവി, ഇബ്നു ഹജറിന്റെ വാക്കായി ഉദ്ധരിച്ചുകളഞ്ഞത്!
نعم قال بعض الحنابلة: قصد الرجل الصلاة عند القبر متبركا بها عين المحادة لله ورسوله، وإبداع دين لم يأذن به الله للنهي عنها ثم إجماعا، فإن أعظم المحرمات وأسباب الشرك الصلاة عندها واتخاذها مساجد أو بناؤها عليها.
"പക്ഷേ ഹമ്പലികളിലൊരാൾ പറഞ്ഞു: ആരെങ്കിലും ഖബ്റിന്റെ സമീപം നിസ്കാരം കൊണ്ട് ബറകത്തെടുക്കുന്നവനായി നിസ്കാരത്തെ ഉദ്ദേശിക്കൽ അല്ലാഹുവിനോടും റസൂലിനോടുമുള്ള ധിക്കാരമാണ്. അല്ലാഹു അനുവദിക്കാത്ത മത നിർമ്മിതിയുമാണ്. കാരണം ഖബ്റിന്നരികിൽ അത് ഇജ്മാഇനാൽ വിരോധിക്കപ്പെട്ടതാണ്. എന്തുകൊണ്ടെന്നാൽ, ഏറ്റവും ഗൗരവമുള്ള ഹറാമും ശിർക്കിന്റെ കാരണവുമാണ് ഖബ്റിന്നരികിൽ നിസ്കരിക്കലും ഖബ്റുകളെ മസ്ജിദുകളാക്കലും അല്ലെങ്കിൽ ഖബ്റുകൾക്കു മേൽ മസ്ജിദുകൾ (സുജൂദ് സ്ഥലങ്ങൾ) നിർമ്മിക്കലും."
🔹മൗലവി ഇവിടെ ഒപ്പിച്ച തരികിടകൾ:-
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
1- ഹമ്പലിക്കാരന്റെ ഇബാറത്ത് ഇബ്നു ഹജർ(റ)വിന്റെ സ്വന്തം വാക്കുകളാക്കി.
2- നിസ്കാരം കൊണ്ട് ബറകത്തെടുക്കുക എന്നത് പരിഭാഷയിൽ വിട്ടുകളഞ്ഞു.
3- ഖബ്റിന്റെ മീതെ മസ്ജിദ് (സുജൂദ് സ്ഥലം) നിർമ്മിക്കുക എന്നതിനു പകരം 'ഖബ്റിന്റെ മേൽ കെട്ടിടം പണിയൽ' എന്ന് വ്യാജ അർത്ഥം നൽകി. അതിനുവേണ്ടി أو بناؤها عليها എന്നതിലെ ها എന്ന ള്വമീർ (സർവ്വനാമം) അർത്ഥത്തിൽ വെട്ടിമാറ്റി!
🔹ഇങ്ങനെ എത്ര തിരിമറികൾ നടത്തിയാണ് കിബ്റു മൗലവി 'ശിർക്കിന്റെ സാമ്രാജ്യം' വികസിപ്പിച്ചു കൊണ്ടിരിക്കുന്നത്!!
✒️എം.ടി അബൂബക്കർ ദാരിമി പനങ്ങാങ്ങര
Post a Comment