അന്യസമുദായക്കാരുടെ ഗ്രന്ഥങ്ങളെ പരസ്യമായി അവഹേളിക്കുക വഴി മുജാഹിദ് പ്രഭാഷകന്മാർ വർഗീയത വളർത്തി: റഹ്മത്തുള്ള ഖാസിമിയുടെ പ്രഭാഷണം സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നു..
മുജാഹിദ് വിഭാഗത്തിനെതിരെ രൂക്ഷ വിമർശനവുമായി സുന്നി നേതാവും മതപ്രഭാഷകനുമായ റഹ്മത്തുള്ള ഖാസിമി. കേരളത്തില്‍ വർഗീയത വളർത്തിയത് മുജാഹിദ് പ്രഭാഷകരാണെന്ന് റഹ്മത്തുള്ള ഖാസിമി മുത്തേടം തുറന്നിടിച്ചു. ഇന്ത്യയിലാകെ വര്‍ഗീയത വളര്‍ത്തിയത് സാകിര്‍ നായികാണെന്നും അദ്ദേഹം പറഞ്ഞു.
ഇവർ ഇന്ത്യയിലുടനീളം നടന്ന് അന്യമതങ്ങളേയും അവരുടെ ഗ്രന്ഥങ്ങളെ അവഹേളിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും ഏതെങ്കിലും ഒരു സഹാബത്ത് ഇന്ത്യയില്‍ വന്ന് അന്യമതഗ്രന്ഥങ്ങളെ അവഹേളിച്ച ചരിത്രമുണ്ടോയെന്നും റഹ്മത്തുള്ള ഖാസിമി മുത്തേടം ചോദിച്ചു. ദാറുല്‍ ഖുർആന്‍ പാഴൂർ സംഘടിപ്പിച്ച "കമ്മ്യൂണിസത്തേക്കാള്‍ അപകടമാണ് വഹാബിസം എന്ന'' എന്ന പ്രഭാഷണത്തിലായിരുന്നു റഹ്മത്തുള്ള ഖാസിമി മുജാഹിദ് നേതാക്കള്‍ക്കെതിരെ തുറന്നടിച്ചത്.
അന്യസമുദായക്കാരുടെ ഗ്രന്ഥങ്ങളെ പരസ്യമായി അവഹേളിക്കുക ഒരു മുസ്‌ലിമിന് പാടുണ്ടോയെന്നും ഇത് പ്രബോധനമാണോ. 'ഭീകരവാദികളെ എതിര്‍ക്കുന്നില്ലെങ്കില്‍ മുസ്‌ലിമിന് എന്താണ് പണി. ഇസ്‌ലാമിന്റെ മുഖം ലോകത്ത് ഏറ്റവും വികൃതമാക്കിയവരാണ് തീവ്രവാദികള്‍. ലോകത്തുള്ള എല്ലാ തീവവ്രാദ സംഘടനകളും വഹാബിസമാണ്. പതിനായിരക്കണക്കിന് ആളുകളെ വിളിച്ചുകൂട്ടി അന്യമതഗ്രന്ഥങ്ങളെ വെല്ലുവിളിച്ചാല്‍ പ്രശ്‌നമുണ്ടാകും. അന്യമതക്കാര്‍ക്ക് നമ്മളോട് വിദ്വേഷമുണ്ടാകും. അത് തെറ്റാണ്-റഹ്മത്തുള്ള ഖാസിമി പറഞ്ഞു.
വഹാബിസത്തിന്റെ അല്‍പം കൂടി ഉയർന്ന സാധനമാണ് ചേകന്നൂരിസം. കേരളത്തിലെ പഴയ പല വഹാബികളും ഇന്ന് ചേകന്നൂരികളാണ്. ജിഹാദിനെ വഹാബികള്‍ ദുർവ്യാഖ്യാനം ചെയ്തപ്പോള്‍ മുസ്ലിം ലോകം നടുങ്ങി. ആ നടുങ്ങലില്‍ നിന്നും രക്ഷപ്പെടാന്‍ മുസ്ലിം ലോകത്തിന് ഈ അടുത്തൊന്നും കഴിയുകയില്ല. ആ പദം ദുർവ്യാഖ്യനം ചെയ്തു. പുറത്തെ ശത്രുവിനേക്കാള്‍ പ്രശ്നം അകത്തെ ശത്രുവാണ്.
ലോകത്തിന്റെ പല ഭാഗത്തും ദുരന്തം വിതക്കാന്‍ വികലാശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇസ്ലാമിക സംഘടനകള്‍ക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും മലയാളക്കരയില്‍ പ്രത്യേകിച്ച് മലബാറില്‍ അത്തരം സംഘടനകള്‍ വെറുതെ പാഴ് വേല നടത്തുന്നു എന്നല്ലാതെ മുസ്ലിം സമൂഹത്തിന്റെ പൊതു പ്ലാറ്റ്ഫോമിലേക്ക് കാര്യമായി കേറി നില്‍ക്കാന്‍ അവർക്ക് സാധിച്ചിട്ടുണ്ട്. അവർ നൂറുകൊല്ലം ശ്രമിച്ചിട്ട് നടക്കാത്ത കാര്യം നമ്മളായിട്ട് അവർക്ക് ഉണ്ടാക്കി കൊടുക്കരുതെന്നാണ് എനിക്ക് പറയാനുള്ളതെന്നും അദ്ദേഹം പറയുന്നു.
കാര്യമായ തർക്കങ്ങളിലൊന്നും വല്ലാതെ ഇടപെടാത്ത ആളാണ് ഞാന്‍. പ്രത്യേകിച്ച് രാഷ്ട്രീയ തർക്കങ്ങളില്‍. എന്നാല്‍ ചില രാഷ്ട്രീയ തർക്കങ്ങള്‍ മതപരമായ പ്രശ്നങ്ങളുണ്ടാക്കുമെന്നും അത് എല്ലാവരേയും പോലെ എന്നേയും ബാധിക്കുമെന്ന നിലയില്‍ പറയാനുള്ളത് സമസ്തയുടെ നിലപാട് തന്നെയാണ് എന്റെയും നിലപാട്. എനിക്ക് മാത്രമായി ഈ വിഷയത്തില്‍ ഒരു നിലപാടില്ല.
ഇത് കമ്യൂണസത്തെ വെള്ളപൂശാനുള്ള ഒരു പരിപാടിയല്ല. അങ്ങനെ ചിലർ ധരിച്ചിട്ടുണ്ടെങ്കില്‍ അത് അവരുടെ മുന്‍വിധിയാണ്. അല്ലെങ്കില്‍ അവരുടെ ആശങ്കയാണ്. അങ്ങനെ ഒരു ആശങ്കയുണ്ടാവാന്‍ തരമില്ല. എന്തുകൊണ്ടെന്നാല്‍ ഞാനൊരു ആജീവാനന്ത കമ്മ്യൂണിസ്റ്റ് ശത്രുവാണ് എന്നറിയാത്ത ഒരാളും കേരളത്തില്‍ ഉണ്ടാവുമെന്ന് കരുതുന്നില്ല. ഒരു 20 കൊല്ലത്തിനിടയില്‍ കമ്മ്യൂണിസ്റ്റുകാരില്‍ നിന്നും ഏറെ പഴികേട്ട ഒരു പ്രഭാഷകനും ഞാനായിരുന്നു.
അതുമായി ബന്ധപ്പെട്ട് ചില പദപ്രയോഗങ്ങലും ഞാന്‍ നടത്തിയിട്ടുണ്ട്. അത് സദുദ്ദേശപരമായിരുന്നു. കോണിക്ക് വോട്ട് ചെയ്താല്‍ സ്വർഗ്ഗം കിട്ടുമെന്ന്
പറഞ്ഞ പ്രഭാഷകനാണ് ഞാന്‍. അത് ആ അർത്ഥതില്‍ പറഞ്ഞതാണ് ഞാന്‍. കോണി നിലനില്‍ക്കണം. അത് ഇപ്പോഴും എന്റെ ആഗ്രഹമാണ്. ഇപ്പോള്‍ അത് അങ്ങനെ നിലനില്‍ക്കുന്നില്ല എന്ന് പറയാന്‍ സമയമായിട്ടില്ല. ഞാനൊരു ഫണ്ടമെന്റല്‍ സുന്നി ആയതുപോലെ തന്നെ ഞാനൊരു സമുദായക്കാരനാണ്. സമുദായ രാഷ്ട്രീയം സമുദായത്തിന് ഏറെ ഗുണം ചെയ്തു എന്ന കാര്യത്തില്‍ തർക്കമില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രഭാഷണം കേൾക്കാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക
Post a Comment