വഹാബിസം അത്ര പ്രശ്നമല്ലെന്ന് പ്രസംഗിച്ച എന്നോട് സമസ്തയിൽ നിന്ന് പോകാമെന്ന് സൈനുൽ ഉലമ - റഹ്മത്തുല്ല ഖാസിമി മൂത്തേടം

വഹാബിസം അത്ര പ്രശ്നമല്ലെന്ന് പ്രസംഗിച്ച എന്നോട് സമസ്തയിൽ നിന്ന് പോകാമെന്ന് സൈനുൽ ഉലമ

റഹ്മത്തുള്ള ഖാസിമി മൂത്തേടം

ബാഫഖീ തങ്ങളെക്കുറിച്ചുള്ള തടക്കംഎന്റെ ചില പ്രഭാഷണങ്ങളിൽ "വഹാബിസം അത്ര വലിയ അപകടമൊന്നുമല്ല " എന്നു തോന്നിക്കുന്ന എന്റെ ചില വാക്കുകളും പ്രയോഗങ്ങളും ഉപമകളും ഉണ്ടായിരുന്നു. ഇതിന്റെ പേരിൽ ബാഫഖീപ്രസംഗം കഴിഞ്ഞപ്പോൾ "ഉടനെ കാരണം കാണിക്കണം. അല്ലെങ്കിൽ സമസ്ത നിങ്ങൾക്കെതിരേ തീരുമാനമെടുക്കു"മെന്ന് കാണിച്ച് സമസ്തയുടെ ലെറ്റർ ഹെഡിൽ മഹാനായ സൈനുൽ ഉലമാചെറുശ്ശേരി ഉസ്താദ് തന്നെ എനിക്കു കത്തയച്ചു.
ഞാൻ മഹാനവർകളെ കാണാൻ ചെന്നു. വല്ലാത്ത ദ്വേഷ്യം. ഒരു നിലക്കും മുഖം തരുന്നില്ല. സദസ്സിൽ കുറച്ചാളുകളുണ്ട്. വളരെ കഠിനമായ കോപത്തോടെ സംസാരിച്ചു.
വഹാബികളെ താലോലിക്കുന്ന വർക്ക് സമസ്തയിൽ നിന്ന് വേഗം പുറത്തു പോകാം എന്നു കഠിനമായ ഈർഷ്യതയോടെ പറഞ്ഞു. ഞാൻ വിഷമ വൃത്തത്തിലായി. കുറച്ചാളുകളേയും കൂട്ടി മഹാനവർകളെ വീട്ടിൽ പോയി കണ്ടിട്ടും ഒരു പരിഹാരവുമുണ്ടായില്ല. അതിനെ തുടർന്ന് പല പ്രശ്‌നങ്ങളുമുണ്ടായി.
അപ്പോൾ ഞാൻ എന്റെ തെറ്റിന്റെ ഗൗരവം മനസ്സിലാക്കി  തിരുത്തി  . തെറ്റുതിരുത്തി വന്നപ്പോൾ സൈനുൽ ഉലമാ  എന്നോട് ഏറെ സ്നേഹത്തോടെ പെരുമാറി.
പലപ്പോഴും സന്തോഷം പങ്കു വെച്ചു. പല വേദികളിലും വാൽസല്യത്തോടെ സംസാരിച്ചു.
ഇത്ര വലിയ സ്ഥാനത്തുള്ള സർവാദരണീയനായ ഒരു മഹാൻ എന്നോടു നേരത്തേ ഇവ്വിധം പെരുമാറുകയും തിരുത്തിയപ്പോൾ സ്നേഹം കാണിക്കുകയും ചെയ്തതിനെക്കുറിച്ച് ഞാൻ നീണ്ട ദിനരാത്രങ്ങൾ ആലോചിച്ചു. വഹാബിസം മുസ്ലിം സമുദായം നേരിടുന്ന ഏറ്റവും വലിയ അപകടമായിരിക്കുമല്ലോ എന്നായി രാവും പകലുമുള്ള എന്റെ ചിന്ത. പിന്നെ ഞാൻ പഠിച്ചു.. കഴിഞ്ഞ ആറു വർഷവും ഞാൻ ആ പഠനത്തിലായിരുന്നു.
അവസാനം , വന്ദ്യരായ സൈനുൽ ഉലമായുടെ നിലപാട് തന്നെയായിരുന്നു ശരി എന്നു ഞാൻ തിരിച്ചറിയുന്നു. അക്കാലത്ത് കുറച്ചൊക്കെ വിഷമം തോന്നിയിരുന്നെങ്കിലും ഇപ്പോൾ ആ മഹാന്റെ ദറജ അല്ലാഹ് ഉയർത്തട്ടെ എന്ന് ഓർമവരുമ്പോഴെല്ലാം ഞാൻ പ്രാർത്ഥിക്കുന്നു. വഹാബിസമാണ് ഏറ്റവും അപകടം എന്ന് എന്നെ തിരുത്തി പഠിപ്പിച്ച ആ മഹാൻ നിങ്ങളെ മാത്രം അങ്ങനെയല്ല പഠിപ്പിച്ചത് എന്ന വാദം ഏറെ വിചിത്രമായി തോന്നുന്നു. അതംഗീകരിക്കാൻ കഴിയില്ല. സഹോദരങ്ങളേ, ആ മഹാന്റെ വഫാതിന്റെ ശേഷമായിരിക്കാം ഈ ഒരു അപകടമാറ്റം നമ്മിൽ ചിലരെയെങ്കിലും സ്വാധീനിച്ചിട്ടുണ്ടാവുക.
സാരമില്ല ; മാറിയവർ തിരുത്തുക ! വഹാബിസം തന്നെയാണ് ഇന്നത്തെ ആഗോള മുസ്ലിം സമൂഹം നേരിടുന്ന ഏറ്റവും വലിയ ഭവിഷ്യത്ത്.

ഞാൻ പരോളിൽ ഇറങ്ങിയതല്ല. ശിക്ഷ കഴിഞ്ഞ് തെറ്റ് തിരുത്തി ക്ലീൻ ചീട്ടും കൊണ്ട് വന്നതാണ്. അടിയും ഇടിയും തൊഴിയും പിന്നെ ജയിലും പത്രത്തിൽ ഒന്നാം പേജിൽ മാപ്പുപറയലും എല്ലാം കഴിഞ്ഞു പോരുമ്പോൾ സമസ്ത തന്നെ മൻസൂഖാക്കി മാപ്പാക്കിത്തന്ന പഴയ കാല തെറ്റുകളുടെ ക്ലിപ്പുകൾ ഈ കുറച്ചു ദിവസങ്ങളിലായി ചിലർ വല്ലാതെ പുറത്തു വിടുന്നതായി കാണുന്നു. ഒരു തെറ്റിനു രണ്ടു ശിക്ഷയില്ലല്ലോ. ബഹു: സമസ്ത മാപ്പാക്കിയിട്ടും മാപ്പാക്കാതിരിക്കാൻ മാത്രം എന്താ നിങ്ങൾ വഹാബികളാണോ ?
ഞാൻ നിങ്ങളറിയും പോലെ തന്നെ കമ്യൂണിസത്തോട് ഒരിക്കലും ഒത്തു രാജിയാകാത്ത സമുദായ രാഷ്ട്രീയ പക്ഷത്തു മാത്രം നിലയുറപ്പിച്ച ഒരാളാണ്.
പക്ഷേ,
സമസ്തയാണ് എന്റെ ആത്മീയ പ്രസ്ഥാനം.
സയ്യിദുൽ ഉലമാ ജിഫ്രീ തങ്ങളാണ് എന്റെ നേതാവ്.
 
നിങ്ങളുടെ വിനീതൻ
റഹ് മതുല്ലാഹ് ഖാസിമി .