ജുമാദൽ ഊലാ രണ്ടാമത്തെ വെള്ളിയാഴ്ച്ച നുബാത്തി ഖുത്വുബയുടെ അർത്ഥം
ജുമാദൽ ഊലാ മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ച്ച
ജനവാസമുള്ള കോട്ടകൾ തകർക്കുന്ന, അഹങ്കാരികളായ രാജാക്കന്മാരേയും, ഭരണകർത്താക്കളേയും നശിപ്പിക്കുന്ന അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും.
മുഹമ്മദ് നബിﷺയിലും അവിടത്തെ മുഴുവൻ അനുയായികളിലും കുടുംബത്തിലും അല്ലാഹു ﷻ ഗുണം ചെയ്യട്ടെ.
ജനങ്ങളെ..,
അല്ലാഹുﷻവിനെ ഭയപ്പെട്ട് ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു.
സത്യം വ്യക്തമായി. അതിൽ നിന്നും രക്ഷനേടാൻ രക്ഷാസങ്കേതമില്ല. സൃഷ്ടികൾ വെളിപ്പെടുത്തപ്പെട്ടു. അവയിൽ ഒന്നിനും രക്ഷയില്ല. നിങ്ങളെ അല്ലാഹുﷻവിൽ നിന്നും അകറ്റിത്തരുന്നതിലേക്ക് അവന്റെ ശിക്ഷയെ ഭയന്നതു കാരണം നിങ്ങൾ അത്യാർത്തിയുള്ളവരാണ്. നാശത്തിന്റെ ഉൽഭവ കേന്ദ്രങ്ങളിൽ നിങ്ങൾ ദുഃഖത്തിൽ അകപ്പെടുന്നു. പുരോഗതിയുടെ ഉദ്ദേശ്യങ്ങളിൽ നിന്നും നിങ്ങൾ പിന്നോട്ടു വരുന്നു. പ്രതിക്രിയയും, പ്രതിഫലവും നിങ്ങളുടെ മുമ്പിൽ ഇല്ല എന്ന പോലെ, മരണം നിങ്ങളുടെ ആത്മാവിനെ വേട്ടയാടുകയില്ല എന്ന പോലെ നിങ്ങൾ നിലകൊള്ളുന്നു. എന്നാൽ നിങ്ങളുടെ ആത്മാവിനെ പിടിക്കുന്ന വേട്ടമൃഗങ്ങൾക്ക് -മലക്കുകൾക്ക്- ശരീരത്തിൽ നിന്നും ഒരു വിധത്തിലും വിലക്കും പ്രയാസവും അനുഭവപ്പെടുകയില്ല.
കഴിഞ്ഞു പോയവരെ ദിവസങ്ങൾ -ഖബറുകളിൽ- വെച്ച് പിച്ചിച്ചീന്തിയതിൽ ശേഷം വരുന്നവർക്ക് മതിയായ ഉപദേശമില്ലേ? അറിയുക; നിങ്ങൾ സംശയിക്കുന്നവരെങ്കിൽ, നശിച്ച വീടുകൾക്കരികിൽ നിങ്ങൾ നിൽക്കുക, അവയിൽ താമസിച്ചിരുന്നവരെ കുറിച്ച് അവയോട് ചോദിക്കുക. ജനങ്ങൾ ഒഴിഞ്ഞ വീടുകളെ, ഉയർന്ന മനക്കരുത്തുകൾ ഉള്ളവരുടെ കോട്ടകളെ, നിങ്ങളിൽ താമസിച്ചിരുന്നവർക്ക് എന്ത് സംഭവിച്ചു? ഇടചേർന്ന് ജീവിച്ചിരുന്നവർ എവിടെയാണ് ഇറങ്ങിയത്? അവയുടെ മറുപടി നിശബ്ദതയായിരിക്കും. ആ നിശബ്ദതയിൽ നിങ്ങൾക്ക് ഗുണപാഠമുണ്ട്. ചിന്തിക്കുവാനുള്ള ദൃഷ്ടാന്തങ്ങളും.
ജനങ്ങൾ നാടുകളിൽ താമസിച്ചു കെട്ടിടങ്ങൾ ഉയർത്തി, അടിമകളെ കീഴടക്കി, നേതാക്കളായി, സേനകളെ ഒരുക്കി സേനാധിപന്മാരായി, സമ്പത്തുള്ളവരായി, അവർ ദാനം ചെയ്തു. ശത്രുത പുലർത്തിയവരെ അവർ മാതൃകപരമായി ശിക്ഷിച്ചു. നാമാവശേഷമാക്കി. ശേഷം അവർ മരണത്തിന്റെ മൂക്കു കയർ കൊണ്ട് ബന്ധിക്കപ്പെട്ടു. അപ്പോൾ അവർ അനുസരിച്ചു. പ്രതികാരത്തിന്റെ മഴ അവരിൽ ഒഴുക്കപ്പെട്ടു. അവർ അനുസരിച്ചു. കാലവിപത്തുകൾ അവർ ഉയർത്തിയതിനെ പൊളിച്ചു കളഞ്ഞു. അവർ നേടിയതിനെ കാലത്തിന്റെ കൈ ഊരിയെടുത്തു.
ദുനിയാവിൽ നിന്നും അവർ ഉദ്ദേശിച്ചതിനെ അവർ എത്തിച്ചില്ല. മാതൃകാപരമായ ശിക്ഷ ലഭിച്ചു കൊണ്ട് ശ്മശാനങ്ങളിൽ നശിച്ചു കിടക്കുന്നവരാണ്. അവരുടെ പതനങ്ങളുടെയും അവർക്ക് അനുഭവിച്ചതിന്റെയും മൂടി നിങ്ങൾക്ക് തുറക്കപ്പെട്ടിരിക്കുന്നുവെങ്കിൽ അവരുടെ അവശിഷ്ടങ്ങളിൽ നിന്നും പാഠമുൾകൊണ്ട് നിങ്ങളുടെ ആത്മാക്കളെ നിങ്ങൾ പരിശുദ്ധമാക്കുമായിരുന്നു. അവരുടെ വഴികളിൽ പ്രവേശിക്കുന്നതിൽ നിന്നും അവയവങ്ങളെ നിങ്ങൾ തിരിച്ചു കളയുമായിരുന്നു. അവരുടെ മോശമായ അന്ത്യത്തിൽ ഭയപ്പെട്ട് രക്തം ഒഴുക്കി കണ്ണീരിനു പകരം കരയുമായിരുന്നു.
പക്ഷേ, അശ്രദ്ധയുടെ മറ നിങ്ങളിൽ നിന്നും അവരെ മറച്ചു കളഞ്ഞു. സൽക്കർമ്മങ്ങൾ ചെയ്യലിനെ താമസിപ്പിക്കുന്നതിലെ അനുഭൂതി അവരെ നിങ്ങൾക്ക് മറപ്പിച്ചു കളഞ്ഞു. പരലോകയാത്ര അടുത്തുവന്നത് നിങ്ങൾ അറിഞ്ഞില്ല. ബന്ധം അറ്റുപോകുമെന്നത് നിങ്ങളുടെ ആഗ്രഹങ്ങളിൽ ഉദിച്ചില്ല.
അല്ലാഹു ﷻ നിങ്ങളെ അനുഗ്രഹിക്കട്ടെ... ഉറക്കസ്ഥാനങ്ങളുടെ മാർദ്ദവത്തെ നിങ്ങൾ ഉപേക്ഷിക്കുവീൻ. നല്ല സമ്പാദ്യത്തെ -സൽകർമ്മങ്ങളെ- നിങ്ങൾ സൂക്ഷിച്ചുവെക്കുവീൻ. നിരൂപകനായ അല്ലാഹുﷻവിന്റെ നിരൂപണത്തിൽ നിന്നും നിങ്ങൾ രക്ഷപ്പെടുക. ഒഴിവുവേള നിങ്ങൾ വിനിയോഗിക്കുക. സുഹൃത്തുക്കൾ കുറഞ്ഞ പരലോകത്തിന്റെ വഴികളിൽ തിരക്കിക്കയറുക. നിങ്ങൾ കളിച്ചു കൊണ്ടിരിക്കേ മരണത്തിന്റെ ദിവസങ്ങൾ നിങ്ങൾക്ക് ഗൗരവമേറിയവയാകും.
നിങ്ങൾ എങ്ങോട്ടാണ് പോകുന്നത് രക്ഷയുടെ മാർഗ്ഗങ്ങൾ മാഞ്ഞുകൊണ്ടിരിക്കുകയാണ്. പരലോകയാത്ര നിങ്ങളുടെ അടുത്ത് എത്തിയിരിക്കുന്നു. നിങ്ങൾ തയ്യാറാകുന്നില്ലേ? ഈ ഉപദേശം കേൾക്കുന്നവർ ഇതിനെ കളവാക്കുന്നവരായിത്തോന്നുന്നു.
നാളെ അവർക്ക് കയറേണ്ടി വരുന്ന വാഹനം ഏതെന്ന് അവർക്ക് അറിയുകയില്ലെന്ന് നിങ്ങൾ -നബി ﷺ- അഭിപ്രായപ്പെടുന്നുണ്ടോ? അല്ലെങ്കിൽ മരണത്തിന്റെ ഏതു കോപയാണ് അവർക്ക് കുടിക്കേണ്ടി വരികയെന്ന് അവർ അറിയുകയില്ല എന്ന്. അല്ലെങ്കിൽ അവരുടെ രഹസ്യവും സ്വകാര്യവും നാം -അല്ലാഹുﷻ- കേൾക്കുകയില്ലെന്ന് അവർ ധരിക്കുന്നുണ്ടോ? അതെ നമ്മുടെ മലക്കുകൾ അവർക്കരികിൽ വെച്ച് എഴുതിക്കൊണ്ടിരിക്കുന്നു.
അല്ലാഹുﷻവിനെ അനുസരിക്കൽ കൊണ്ട് അല്ലാഹു ﷻ നമ്മെ ഉൾകൃഷ്ടരാക്കട്ടെ..,
*ശുദ്ധജലവും, ഉപ്പുജലവും ഉള്ള രണ്ടു സമുദ്രങ്ങളെ സൃഷ്ടിച്ച അല്ലാഹുﷻവിന്റെ വചനം:*
*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*
*وَعَدَ اللَّـهُ الْمُنَافِقِينَ وَالْمُنَافِقَاتِ وَالْكُفَّارَ نَارَ جَهَنَّمَ خَالِدِينَ فِيهَا ۚ هِيَ حَسْبُهُمْ ۚ وَلَعَنَهُمُ اللَّـهُ ۖ وَلَهُمْ عَذَابٌ مُّقِيمٌ ﴿٦٨﴾ كَالَّذِينَ مِن قَبْلِكُمْ كَانُوا أَشَدَّ مِنكُمْ قُوَّةً وَأَكْثَرَ أَمْوَالًا وَأَوْلَادًا فَاسْتَمْتَعُوا بِخَلَاقِهِمْ فَاسْتَمْتَعْتُم بِخَلَاقِكُمْ كَمَا اسْتَمْتَعَ الَّذِينَ مِن قَبْلِكُم بِخَلَاقِهِمْ وَخُضْتُمْ كَالَّذِي خَاضُوا ۚ أُولَـٰئِكَ حَبِطَتْ أَعْمَالُهُمْ فِي الدُّنْيَا وَالْآخِرَةِ ۖ وَأُولَـٰئِكَ هُمُ الْخَاسِرُونَ ﴿٦٩﴾*
*(കപടവിശ്വാസീ- വിശ്വാസിനികള്‍ക്കും സത്യനിഷേധികള്‍ക്കും നിത്യവാസം വിധിക്കപ്പെട്ട നിലയ്ക്ക് അല്ലാഹു ﷻ നരകം വാഗ്ദാനം ചെയ്തിരിക്കുന്നു. അതുമതി അവര്‍ക്ക്! അവരെ അല്ലാഹു ﷻ ശപിച്ചിട്ടുമുണ്ട്. സ്ഥിരമായി നിലകൊള്ളുന്ന ശിക്ഷ അവര്‍ക്കുണ്ടായിരിക്കും നിങ്ങളുടെ പൂര്‍വീകരെപ്പോലെത്തന്നെ: നിങ്ങളെക്കാള്‍ മികച്ച ശക്തിയും കൂടുതല്‍ സ്വത്തുകളും സന്തതികളുമുള്ളവരായിരുന്നു അവര്‍. അങ്ങനെ തങ്ങളുടെ വിഹിതം കൊണ്ട് അവര്‍ സുഖിച്ചു. ആ മുന്‍ഗാമികള്‍ തങ്ങളുടെ വിഹിതം കൊണ്ടു സുഖിച്ചതുപോലെ സ്വവിഹിതം നിങ്ങളും സുഖിച്ചാസ്വദിക്കുന്നു. അവര്‍ അധര്‍മ ബദ്ധരായതുപോലെ നിങ്ങളും അധര്‍മ ബദ്ധരായിക്കഴിയുകയാണ്! അത്തരക്കാരുടെ പ്രവര്‍ത്തനങ്ങള്‍ ഇഹലോകത്തും പരലോകത്തും ഫലശൂന്യമത്രേ. നഷ്ടക്കാര്‍ അവര്‍ തന്നെയാകുന്നു.*
*(തൗബ : 68-69 )*
*📍രണ്ടാമത്തെ ഖുതുബ*
ഉദാരനും ആരാധ്യനുമായ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും.
കരുണാനിധിയും സ്തുതിക്കപ്പെടുന്നവനുമായ അല്ലാഹു ﷻ മാത്രമേ ആരാധ്യനുള്ളൂ എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. പ്രസവിക്കപ്പെട്ടവരിൽ ഏറ്റവും പവിത്രതയുള്ള മുഹമ്മദ് നബി ﷺ അല്ലാഹുﷻവിന്റെ ദൂതനും അടിമയുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.
സുജൂദിൽ കിടന്ന് മലക്ക് തസ്ബീഹ് ചൊല്ലുന്ന കാലത്തോളം അല്ലാഹു ﷻ മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും ഗുണം ചെയ്യട്ടെ.
*_ജനങ്ങളെ..,_*
നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കേണ്ട വിധം സൂക്ഷിക്കുക. അവൻ നിർബന്ധമാക്കിയ കാര്യങ്ങൾ നിർവഹിക്കുന്നതിലേക്ക് ധൃതിപ്പെടുക. നിശ്ചയം അല്ലാഹു ﷻ തന്റെ സ്വന്തം സത്ത കൊണ്ട് ആരംഭിച്ച്, അവന്റെ പരിശുദ്ധിയെ വാഴ്ത്തി തസ്ബീഹ് ചൊല്ലുന്ന അവന്റെ മലക്കുകളെ രണ്ടാമതായി പറഞ്ഞ് തന്റെ സൃഷ്ടികളിൽ നിന്നും വിശ്വാസികളെ ' ഓ ' എന്ന് അഭിസംബോധന ചെയ്ത് വിളിച്ച് അവൻ ഒരു കാര്യം പ്രവർത്തിക്കാൻ നിങ്ങളോട് കൽപിച്ചിട്ടുണ്ട് എന്ന വസ്തുത നിങ്ങൾ അറിയുക.
അല്ലാഹു ﷻ പറഞ്ഞു : നിശ്ചയം അല്ലാഹുﷻവും അവന്റെ മലക്കുകളും അവന്റെ പ്രവാചകന്റെ (ﷺ) മേൽ സ്വലാത്ത് ചൊല്ലുന്നു അതിനാൽ "ഓ" സത്യവിശ്വാസികളെ, നിങ്ങൾ അദ്ദേഹത്തിന്റെ മേൽ സ്വലാത്തും സ്വലാമും ചൊല്ലുക.
അല്ലാഹുﷻവേ, നീ നിന്റെ പ്രവാചകനും ഞങ്ങളുടെ നേതാവുമായ മുഹമ്മദ് നബിﷺയുടെ മേൽ ഗുണവും രക്ഷയും ചൊരിയേണമേ, ആ പ്രവാചകന്റെ കയ്യിൽ വെച്ച് ചരൽക്കല്ല് തസ്ബീഹ് ചൊല്ലിയിരിക്കുന്നു. അവിടത്തെ വിരലുകൾക്കിടയിൽ നിന്നും ജലം ഉറവെടുത്തിരിക്കുന്നു.
സന്മാർഗ്ഗം സിദ്ധിച്ച് അവിടത്തെ പിൻഗാമികളിൽ ആദ്യത്തവരും മാർഗ്ഗദർശനം നൽകുന്ന നേതാക്കളിൽ ഉത്തമരും ആയവരേ തൊട്ട് നീ തൃപ്തിപ്പെടേണമേ. അദ്ദേഹം അനുകമ്പയുള്ള ഇമാമും
വിശ്വാസികളുടെ നായകനുമായ അബൂബക്കർ സിദ്ദീഖ് (റ) ആകുന്നു.
അല്ലാഹുﷻവെ, സഹപാഠികളിൽ ബഹുമാനമർഹിക്കുന്ന ഇമാമിനെ തൊട്ടും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നായകനായ ഉമർബ്നുൽ ഖത്ത്വാബ്(റ)വിനെ.
പെൺമക്കളുടെ ഭർത്താവിനെയും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നേതാവായ ഉസ്മാനുബ്നു അഫ്ഫാൻ (റ)എന്നവരെ.
അല്ലാഹുﷻവെ, അൽഭുതങ്ങൾ വെളിവാക്കിയവരെ നീ തൃപ്തിപ്പെടേണമേ. അതായത് വിശ്വാസികളുടെ നേതാവായ അലിയ്യുബ്നു അബീത്വാലിബ്(റ)വിനെ. നബിﷺയുടെ രണ്ട് പിതൃസഹോദരന്മാരായ ഹംസ(റ), അബ്ബാസ്(റ) എന്നിവരെ നീ തൃപ്തിപ്പെടേണമേ, നിന്റെ പ്രവാചകന്റെ അവശേഷിക്കുന്ന സ്വഹാബാക്കളെ തൊട്ടും നീ തൃപ്തിപ്പെടേണമേ.
അല്ലാഹുﷻവെ, വിശ്വാസികൾക്കും വിശ്വാസിനികൾക്കും മുസ്ലിംകൾക്കും മുസ്ലിമത്തുകൾക്കും നീ പൊറുത്ത് കൊടുക്കേണമേ. അവരിൽ നിന്നും ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും, നിശ്ചയം നീ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നവനാണ്. ആവശ്യങ്ങൾ വീട്ടുന്നവനെ അവരുടെ മണ്ണിനെ നീ നന്നാക്കേണമേ, അവരുടെ അഭയ കേന്ദ്രം സ്വർഗ്ഗവും ആക്കേണമേ..
അല്ലാഹുﷻവെ, ഞങ്ങൾക്ക് ദുനിയാവിൽ നല്ലതിനെയും ആഖിറത്തിൽ നല്ലതിനേയും നീ നൽകേണമേ, നരകശിക്ഷയിൽ നിന്നും ഞങ്ങളെ കാക്കേണമേ. അല്ലാഹുﷻവെ, നരകത്തിൽ നിന്നും ഞങ്ങളെ നീ രക്ഷിക്കേണമേ. (ഇത് മൂന്നു പ്രാവശ്യം പറയണം) അല്ലാഹുﷻവെ, തീ കൊണ്ട് ഞങ്ങളെ നീ ചൂടാക്കരുതേ, നരകത്തിന്റെ വിറകിൽ നീ ഞങ്ങളെ ഉൾപ്പെടുത്തരുതേ. നിശ്ചയം നരകം മോശമായ ഭവനമാണ്. സ്ഥിരതാമസം മോശമായതും. വാസസ്ഥലം ചീത്തയായതുമാണ്.
ഞങ്ങളുടെ രക്ഷിതാവേ, നീ ഞങ്ങൾക്കും, വിശ്വാസത്തിൽ ഞങ്ങളുടെ മുൻകഴിഞ്ഞ് പോയ ഞങ്ങളുടെ സഹോദരങ്ങൾക്കും പൊറുത്ത് തരേണമേ.. വിശ്വസിച്ചവരോട് ഞങ്ങളുടെ ഹൃദയങ്ങളിൽ നീ പകയെ കുടിയിരുത്തരുതെ. ഞങ്ങളുടെ രക്ഷിതാവേ, നീ കൂടുതൽ കരുണ ചെയ്യുന്നവനും, അനുകമ്പ കാണിക്കുന്നവനുമാണ്.
നിശ്ചയം അല്ലാഹു ﷻ നീതി കൊണ്ടും നന്മ കൊണ്ടും, അടുത്തവർക്ക് ദാനം നൽകൽ കൊണ്ടും കൽപിക്കുന്നു. ചീത്തയേയും, വെറുക്കപ്പെട്ടതിനെയും, അക്രമത്തേയും അവൻ തടയുന്നു. നിങ്ങൾ ചിന്തിക്കുന്നവരാകാൻ വേണ്ടി അവൻ നിങ്ങളെ ഉപദേശിക്കുന്നു.
അല്ലാഹുﷻവിനെ സ്മരിക്കലാണ് ഏറ്റവും വലിയതായിട്ടുള്ളത്. നിങ്ങൾ പ്രവർത്തിക്കുന്നതിനെ അവൻ അറിയുന്നു.
Post a Comment