കോവിഡ് ഭേദമായവരിൽ ബ്ലാക്ക് ഫംഗസ് : ലക്ഷണങ്ങൾ ഇതാണ്

കൊവിഡ് ഭേദമായവരിൽ കണ്ടുവരുന്ന അതീവ അപകടകരമായ അണുബാധയാണ്  ബ്ലാക്ക് ഫംഗസ്. പലയിടത്തും ഈ രോഗവസ്ഥ കണ്ടെത്തുകയും രോഗ ബാധിതർ മരണപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ ഈ അവസ്ഥയെക്കുറിച്ച് കൂടുതൽ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. ബ്ലാക്ക് ഫംഗസ് ബാധ തടയൽ, ചികിത്സ, ലക്ഷണങ്ങൾ എന്നിവ സംബന്ധിച്ച് ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക നിർദേശങ്ങളും വന്നുകഴിഞ്ഞു. ഈ സാഹചര്യം ഒഴിവാക്കാനായി ചില മുൻകരുതലുകൾ എടുക്കുന്നത് ഏറ്റവും നല്ലതാണ്. കൊവിഡിനോപ്പം നമ്മളെ തേടിയെത്തുന്ന പുതിയ ശത്രുവിനെ നിർബന്ധമായും അറിഞ്ഞിരിക്കണം.

എന്താണ് മ്യൂക്കോമൈക്കോസിസ്?

ഫംഗസ് അണുബാധ മൂലമുണ്ടാകുന്ന സങ്കീർണമായ രോഗാവസ്ഥയാണ് മ്യൂക്കോമൈക്കോസിസ് അല്ലെങ്കിൽ ബ്ലാക്ക് ഫംഗസ്. അന്തരീക്ഷത്തിലെ ഫംഗസുമായി സമ്പർക്കം പുലർത്തുന്നതിലൂടെ രോഗ പ്രതിരോധ ശേഷി കുറഞ്ഞവരിൽ മ്യൂക്കോമൈക്കോസിസ് പിടിപെടുന്നു. വായുവിലൂടെയും ചാർമത്തിലുണ്ടാകുന്ന മുറിവുകൾ, പോറലുകൾ എന്നിവ വഴിയും ഫംഗസ് ചർമ്മത്തിൽ പ്രവേശിക്കാം. ശേഷം ഇത് ശരീരത്തിൽ വികസിക്കുകയും ഗുരുതരമായ ആരോഗ്യാവസ്ഥയിലേയ്ക്ക് നയിക്കുകയും ചെയ്യും.

ബ്ലാക്ക് ഫംഗസ് ലക്ഷണങ്ങൾ:

നെറ്റി, മൂക്ക്, കവിൾത്തടങ്ങൾ, കണ്ണുകൾക്കും പല്ലുകൾക്കുമിടയിൽ സ്ഥിതിചെയ്യുന്ന എയർ പോക്കറ്റുകൾ എന്നിവിടങ്ങളിൽ ചർമ്മ അണുബാധയായി മ്യൂക്കോമൈക്കോസിസ് പ്രകടമാകാൻ തുടങ്ങുന്നു. ഇത് പിന്നീട് കണ്ണുകളിലേക്കും ശ്വാസകോശത്തിലേക്കും വ്യാപിക്കുകയും തലച്ചോറിലേക്ക് പോലും ബാധിക്കുകയും ചെയ്യും. മൂക്കിന് മുകളിലുള്ള കറുപ്പ് നിറം, മങ്ങിയ കാഴ്ച അല്ലെങ്കിൽ ഇരട്ട കാഴ്ച, നെഞ്ചുവേദന, ശ്വസന സംബന്ധമായ പ്രയാസങ്ങൾ, രക്തം പുറത്തു വരുന്ന തരത്തിലുള്ള ചുമ എന്നിവയിലേക്ക് നയിക്കുന്നു. ഈ ലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ എത്രയും വേഗം ഫലപ്രദമായ ചികിത്സ ഉറപ്പാക്കാൻ തയാറാകണം.