സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ: നിലപാടിൽ വെള്ളം ചേർക്കാത്ത, ആർക്കും സ്വാധീനിക്കാനാവാത്ത നേതാവ്

സമകാലിക വിഷയങ്ങളിൽ ഏറ്റവും നന്നായി അഭിപ്രായം പറയുന്ന നേതാവാണ് സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ.

സമസ്തയെയും സമുദായത്തെയും ബാധിക്കുന്ന വിഷയങ്ങളിൽ  കക്ഷിരാഷ്ട്രീങ്ങ്ങങൾക്ക്തീതമായി വ്യക്തവും സ്പഷ്ടവുമായ നിലപാടിന്റെ പക്ഷത്ത് നിലയുറപ്പിക്കാൻ തങ്ങൾ എപ്പോഴും ശ്രമിക്കാറുണ്ട്.

മുന്നണി വ്യത്യാസമില്ലാതെ ഭരണ-പ്രതിപക്ഷങ്ങളുടെ പരിപാടികളിൽ അദ്ദേഹം സംബന്ധിച്ചിട്ടുണ്ട്.
ഇനിയും സംബന്ധിക്കാമെന്ന് തന്നെയാണ് സമസ്തയുടെ നിലപാട്.
തടയാൻ ആർക്കും സാധ്യമല്ലെന്ന് സമസ്ത വ്യക്തമാക്കിയതാണ്.

ഞാൻ ഇന്ന പാർട്ടിക്കാരനാണ് പക്ഷേ സമസ്തക്ക് രാഷ്ട്രീയമില്ല എന്ന് തങ്ങൾ പലവുരു പറഞ്ഞതാണ്.
ഏതു പാർട്ടി ഭരിച്ചാലും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി  എല്ലാവരുടെയും ഭരണാധികാരിയാണ്. കാര്യമില്ലാത്ത കാര്യങ്ങളിൽ അദ്ദേഹത്തെ അവമതിക്കുന്ന രൂപത്തിൽ സംസാരിക്കുന്നത് ഒരു മത നേതാവിന് യോജിച്ചതല്ല എന്ന കൃത്യമായ തിരിച്ചറിവ് തങ്ങൾക്കുണ്ട്.
എന്നാൽ സമുദായത്തെ ബാധിക്കുന്ന വിഷയങ്ങളിൽ അർഹതപ്പെട്ടത് ചോദിച്ചുവാങ്ങാൻ അദ്ദേഹം ആർജ്ജവം കാണിച്ചിട്ടുണ്ട്.

എന്നിരിക്കെ സമസ്ത പ്രസിഡണ്ടിന്റെ പേരിൽ വ്യാജവാർത്തകൾ പടച്ചുണ്ടാക്കിയും പറയാത്തത് പറഞ്ഞെന്ന് പ്രചരിപ്പിച്ചും ഒരു രാഷ്ട്രീയ പാർട്ടിയും കാര്യ ലാഭം നേടാൻ ശ്രമിക്കേണ്ടതില്ല. കാരണം ഇപ്പോൾ എല്ലാം മീഡിയാ സംവിധാനങ്ങളും സ്വന്തമായി ഒരു പത്രവും സമസ്തക്കുണ്ട്. കാര്യങ്ങൾ അപ്പപ്പോൾ തന്നെ സമസ്ത വ്യക്തമാക്കുന്നുണ്ട്. 

സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ അവസാനം പറഞ്ഞതും കൃത്യമായ നിലപാടാണ്.

ഏതെങ്കിലും സമ്മര്‍ദ ശക്തികള്‍ക്ക് വഴങ്ങിയാണ് ന്യൂനപക്ഷ വകുപ്പ് ആദ്യം നല്‍കിയവരില്‍ നിന്ന് എടുത്തു മാറ്റിയത് എന്ന പ്രചാരണമാണ് വിവാദത്തിന് വഴിയൊരുക്കിയത്. സര്‍ക്കാറിന്റെ വകുപ്പുകള്‍ തീരുമാനിക്കാനും ആര്‍ക്കൊക്കെയെന്ന് നിര്‍ണയിക്കാനുമുള്ള അധികാരം അതിന് നേതൃത്വം നല്‍കുന്ന ഉത്തരവാദപ്പെട്ടവര്‍ക്കൊണെന്നും അതില്‍ സമസ്ത ഇടപെടാറില്ല. വകുപ്പ് ആര് കൈകാര്യം ചെയ്താലും എല്ലാ ന്യൂനപക്ഷവിഭാഗങ്ങള്‍ക്കും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ. അതിന് വിരുദ്ധമായത് പ്രകടമായാല്‍ അപ്പോള്‍ സമസ്ത പ്രതികരിക്കും. മുസ്ലിം സമുദായം അന്യായമായി പലതും കരസ്ഥമാക്കി എന്ന തെറ്റിദ്ധാരണാജനകമായ വിഷയത്തില്‍ സര്‍ക്കാര്‍ വസ്തുത വിശദീകരിക്കല്‍ ഉചിതമായിരിക്കുമെന്നുമാണ് ഈ വിഷയത്തിലെ ജിഫ്രി മുത്തുക്കോയ തങ്ങളുടെ നിലപാട്.