മയ്യിത്തിന്റെ മേൽ മൂന്നും ഏഴും പതിനാലും പിന്നെ ആണ്ടുദിനവും

 


മരണപ്പെട്ടവരുടെ ആണ്ടുദിനത്തിലെ പ്രാർത്ഥനയ്ക്കും അന്നദാനത്തിനും പ്രത്യേക പ്രതിഫലമുണ്ടോ?

“ഇന്ന് എന്റെ പിതാവിന്റെ ആണ്ടുദിനമാണ്. ഒരു ഫാതിഹയെങ്കിലും ഓതുക” എന്നിങ്ങനെയുള്ള അറിയിപ്പുകൾ വാട്സാപ്പിൽ കാണാറുണ്ട്.

ഈ വിഷയത്തിൽ പ്രഥമമായി നാം മനസ്സിലാക്കേണ്ട ഒരു കാര്യം വിവരിക്കാം.

മരണപ്പെട്ടവരുടെ പേരിൽ ആണ്ടു നടത്തുക എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് അവർക്ക് വേണ്ടി ഖുർആൻ പാരായണം, മൗലിദ് പാരായണം നിർവഹിക്കുക, ഭക്ഷണം സ്വദഖ ചെയ്യുക പോലെയുള്ള നല്ല കാര്യങ്ങളാണ്. വർഷം തികയുമ്പോൾ ആണ്ട് എന്നു പറയുന്നുവെന്ന് മാത്രം.

മയ്യിത്തിനു വേണ്ടി ചെയ്യുന്ന പ്രസ്തുത നല്ല കാര്യങ്ങൾ ഏതു ദിവസവും ചെയ്യാം. അവയെല്ലാം പ്രതിഫലാർഹമാണ്.

മരിച്ചതിന്റെ മൂന്ന്, ഏഴ്, പതിനാല്, നാൽപ്പത്, ആണ്ട് എന്നീ ദിവസങ്ങളിൽ പ്രത്യേക ചടങ്ങ് സംഘടിപ്പിക്കുന്നത് നാട്ടാചാരമാണ്. അന്നത്തെ ചടങ്ങുകൾക്ക് പ്രതിഫലമുണ്ട്. എന്നാൽ പ്രത്യേക പ്രതിഫലമില്ല. അതായത്, അതിനു മുമ്പും ശേഷവും നടത്തിയാൽ പ്രതിഫലം കുറവും അന്ന് നടത്തിയാൽ പ്രതിഫലം കൂടുതലുമാണെന്നില്ല. എല്ലാ ദിവസങ്ങളിലും ഒരുപോലെ പ്രതിഫലാർഹം തന്നെ.

ഇമാം മുഹമ്മദ് നവവി ജാവി (റ) വിവരിക്കുന്നത് ഇങ്ങനെ:

والتصدق عن الميت بوجه شرعي مطلوب ولا يتقيد بكونه في سبعة أيام أو أكثر أو أقل وتقييده ببعض الأيام من العوائد فقط كما أفتى بذلك السيد أحمد دحلان وقد جرت عادة الناس بالتصدق عن الميت في ثالث من موته وفي سابع وفي تمام العشرين وفي الأربعين وفي المائة وبعد ذلك يفعل كل سنة حولا في يوم الموت كما أفاده شيخنا يوسف السنبلويني

മയ്യിത്തിന് പാരത്രിക നന്മ ലഭിക്കാൻ വേണ്ടി ശരീഅത്ത് അംഗീകരിച്ച നിലയിൽ സ്വദഖ നൽകൽ നിർദേശിക്കപ്പെട്ടതാണ്. അതിന് ഏഴു ദിവസം, അല്ലെങ്കിൽ അതിൽ കൂടുതൽ ദിവസം, അല്ലെങ്കിൽ അതിലും കുറഞ്ഞ ദിവസം എന്നിങ്ങനെ ദിവസങ്ങളുടെ എണ്ണത്തിന് പരിഗണനയില്ല. അങ്ങനെ ഉപാധിയില്ല. ചില ദിവസങ്ങൾ പ്രത്യേകം പരിഗണിക്കപ്പെടുന്നത് നാടുകളിലെ പതിവ് മാത്രമാണ്. നാട്ടാചാരമാണ്. ഇക്കാര്യം സയ്യിദ് അഹ്മദ് ദഹ്‌ലാൻ (റ) ഫത്‌വ നൽകിയിട്ടുണ്ട്.

മരിച്ച ദിവസത്തിന്റെ മൂന്നാം നാൾ, ഏഴാം നാൾ, ഇരുപതാം നാൾ, നാൽപ്പതാം നാൾ, നൂറാം നാൾ, പിന്നെ മരിച്ചതിന്റെ ഓരോ കൊല്ലവും പൂർത്തിയാകുന്ന ദിവസങ്ങളിൽ സ്വദഖ ചെയ്യുന്ന ഒരു പതിവ് ജനങ്ങൾക്കിടയിലുണ്ട്. ഇക്കാര്യം ശൈഖുനാ യൂസുഫ് സൻബുലാവീനി (റ) വ്യക്തമാക്കിയിട്ടുണ്ട്.

📜 (നിഹായത്തുസ്സൈൻ: 1/281)

അന്നത്തെ പതിവാണിത്. ഇരുപതാം ദിവസം, നൂറാം ദിവസം എന്ന പതിവ് നമ്മുടെ നാട്ടിലില്ല.

🛑 സംഗ്രഹം

1) മയ്യിത്തിനു വേണ്ടി സ്വദഖ ചെയ്യൽ പുണ്യകർമമാണ്.

2) മതം അംഗീകരിച്ച രീതിയിലാവണം. അതായത്, മയ്യിത്തിന്റെ അവകാശികളിൽ കുട്ടിയോ ഭ്രാന്തനോ ഉണ്ടെങ്കിൽ അവർക്കവകാശപ്പെട്ട സമ്പത്ത് കൊണ്ട് സ്വദഖ ചെയ്യരുത്.

3) മയ്യിത്തിനു വേണ്ടി ഏതു ദിവസവും സ്വദഖ ചെയ്യാം. അത് പ്രതിഫലാർഹവും മയ്യിത്തിനു ഉപകരിക്കുന്നതുമാണ്.

4) മൂന്ന്, ഏഴ്, പതിനാല്, നാൽപ്പത്, ആണ്ടുതികയുന്ന ദിവസം എന്നിങ്ങനെ ദിവസം തിരഞ്ഞെടുക്കുന്നത് നാട്ടാചാരമാണ്. പ്രസ്തുത ദിവസങ്ങളിൽ സ്വദഖയ്ക്ക് പ്രത്യേക പ്രതിഫലമില്ല. മറ്റുള്ള ദിവസങ്ങളിലുള്ള പ്രതിഫലം തന്നെയാണ് ആ ദിവസങ്ങളിലുമുള്ളത്.

5) പ്രസ്തുത ദിവസങ്ങളിൽ നടത്തുന്ന സ്വദഖ പരിപാടിക്ക് പ്രത്യേക കൂലിയുണ്ടെന്ന വിശ്വാസം പാടില്ല.

🛑 പ്രത്യേക ശ്രദ്ധയ്ക്ക്

മയ്യിത്തിനു ഉപകരിക്കുന്ന കാര്യങ്ങൾ നാം കൂടുതലായി ചെയ്യാൻ ശ്രമിക്കണം. എങ്കിൽ നമുക്ക് വേണ്ടി ചെയ്യാനും ആളുണ്ടാകും.

ഖുർആൻ പാരായണം, മൗലിദ് പാരായണം, സ്വദഖ, വഖ്ഫ് എന്നിങ്ങനെയുള്ള കാര്യങ്ങൾ മയ്യിത്തിനു പ്രതിഫലം ലഭിക്കാൻ വേണ്ടി നാം ചെയ്യണം. അതുകൊണ്ട് മയ്യിത്തിനും നമുക്കും പ്രതിഫലം ലഭിക്കും.

കടപ്പാട്: എം. എ. ജലീൽ സഖാഫി പുല്ലാര