അല്ലാഹുവിനെയും റസൂലിനെയും കൊടുക്കാൻ ഒരു പാക്കേജ് സ്പിരിച്വൽ പ്രസ്ഥാനങ്ങൾക്കും കെമിക്കൽ സൂഫികൾക്കും കഴിയില്ല



ഇസ്‌ലാമിക് തിയോളജി മുന്നോട്ട് വെക്കുന്ന‘ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദുൻ റസൂലുല്ലാഹ്’എന്ന തത്വത്തിൽ വിശ്വസിക്കുന്നുണ്ടോയില്ലേയെന്ന് കൃത്യമായി ഇനിയും വിശദീകരിക്കാത്ത,

ഫലത്തിൽ ആത്മീകനിഗൂഢതാവാദിയായ ഒരു Erotericst / വേദാന്തദർശന പ്രചാരകയായ സഹോദരിയുടെ സംസാരത്തെക്കുറിച്ചാണ് ഇപ്പറയുന്നത്.
അവർ സംസാരിച്ചതിലുള്ള ഇസ്ലാമിക വീക്ഷണ പ്രകാരമുള്ള പിഴവുകൾ ഉണർത്തിക്കൊടുക്കുന്നതിന് പകരം ,കേരളത്തിലെ പാരമ്പര്യ പണ്ഡിതന്മാർ അല്ലാഹുവിനെ വിശദീകരിക്കുന്നതിൽ പാളിച്ചയുണ്ടെന്ന് വരുത്താൻ, അഖാഇദുൽ ഇസ്‌ലാമിന് നിരക്കാത്ത ജൽപ്പനങ്ങളെ പുരസ്‌ക്കരിക്കുന്ന റഹ്‌മതുല്ലാഹ് ഖാസിമിയുടെ സംസാരം മൗനം പാലിക്കാൻ പറ്റാത്തത്ര അപക്വവും തിയോളജിക്കലീ അപകടകരവുമാണ്.
ആരെങ്കിലും കാര്യം പറഞ്ഞില്ലെങ്കിൽ മറുവാദമില്ലെന്നാവുമെന്നതിനാൽ ഉത്തരവാദിത്വം നിർവ്വഹിക്കുന്നു .

ആദ്യമായി , ആ സഹോദരി ഖാസിമി ഉസ്താദ് വിശ്വസിക്കുന്ന
(നാം വിശ്വസിക്കുന്ന) തരത്തിൽ അല്ലാഹ് ,റസൂൽ, ഖുർആൻ ,പരലോകം ,രക്ഷാശിക്ഷ എന്നിവയിൽ വിശ്വസിക്കുന്നുണ്ടോ ഇല്ലേ എന്ന് ആരായണം.
ഖുർആൻ പ്രഭാഷകൻ കൂടിയായ റഹ്മതുല്ലാഹ് ഖാസിമി പരിചയപ്പെടുത്തുന്ന ഖുർആനിലെ എല്ലാ ആയത്തുകളും ,രിസാലതിൻ്റെ ഇസ്‌ലാമിക അർത്ഥവും പ്രസ്തുത വേദാന്തപ്രചാരക അംഗീകരിക്കുന്നില്ല.തനിക്ക് ട്രഡീഷണൽ ഇസ്ലാം പറയുന്ന അല്ലാഹ് - റസൂൽ വിശ്വാസം വേണ്ടെന്ന് പറഞ്ഞ് ഒരാൾ വന്നാൽ ആ കക്ഷിയെ അവരുടേതായ എപിസ്‌റ്റമോളജിക്കൽ സ്പേസിൽ കാണുക എന്നതാണ് ജ്‌ഞാനശാസ്‌ത്രതത്വം.

ഖാസിമി ഉസ്താദ് ഇവിടെ ഓർക്കേണ്ട,തിരുത്തേണ്ട
ചിലകാര്യങ്ങൾ ചുരുക്കിയെണ്ണാം.

1 :

‘മിനിമം നമ്മുടെ ക്വാളിറ്റിയെങ്കിലും ദൈവത്തിന് വേണ്ടേ' എന്ന വിചാരമാണ് ആ എറട്ടെറിസ്‌റ്റ് ( Erotericst) സഹോദരി പറഞ്ഞതിലെ വ്യാഖ്യാനിച്ചൊപ്പിക്കാൻ തിയോളജിക്കൽഎറർ പാർട്ട്.അപ്പറഞ്ഞത്
قُلْ هُوَ اللَّهُ أَحَدٌ اللَّهُ الصَّمَدُ لَمْ يَلِدْ وَلَمْ يُولَدْ وَلَمْ يَكُن لَّهُ كُفُوًا أَحَدٌ
എന്ന ഏകദൈവതത്വത്തിൻ്റെ നേർവിപരീമാമാണ്.
അല്ലാഹു ഏകനാണ് എന്നതിൻ്റെ പ്രാഥമികവിവക്ഷ തന്നെ മറ്റൊന്നും അവനെപ്പോലെയില്ല എന്നാണ്. അധ്യായത്തിലെ
ശേഷമുള്ള ഓരോ വാക്യവും അല്ലാഹുവിന് മാത്രമുള്ള ഓരോ വിശേഷണങ്ങളാണ് താനും.

ليس كمثله شيء
അഥവാ ' പോലുള്ളത് പോലുമില്ലാത്തവനാണ്
അല്ലാഹു ' എന്ന് ഖുർആൻ വേറെയും പറയുന്നു .
പിന്നെങ്ങിനെ, നമ്മുടെ യോഗ്യതയെങ്കിലും അല്ലാഹുവിന് ഉണ്ടാവും !

അല്ലെങ്കിലും എന്താണീ മനുഷ്യയോഗ്യത ?
ഭോഗവും ഭോജനവും ദുർമേദസ്സുമുള്ള ജഢികതയെ അദൃശ്യപ്പെടുത്തിയാൽ പിന്നെ മനുഷ്യനുണ്ടോ ?
ബോധം , ആത്മാവ് എന്നീ തലങ്ങൾ ശരീരത്തിൽ വന്നിറങ്ങിയതാണ് മനുഷ്യർ.
കൃത്യമായ നിർണ്ണയങ്ങളും നിർവ്വചനങ്ങളുമില്ലാതെ ഭ്രമാത്മകമായ കുറേ ഭംഗിവാക്കുകൾ
മാത്രം നടത്തുന്ന വാചാടോപതയെ കുറിച്ചാണ് ഇവിടെ താനും പിന്തുണക്കുന്ന ‘അല്ലാഹ് വിശദീകരണം' എന്ന് ഖാസിമി ഉസ്താദ് പറയുന്നത് .

2 :

സ്രഷ്ടാവ്/ പ്രപഞ്ചനാഥൻ എങ്ങനെയുള്ളവനാവണമെന്ന് സൃഷ്‌ടി / പ്രപഞ്ചകണം തീരുമാനിക്കുന്നയിടത്ത് ദൈവസങ്കൽപ്പം ഉടഞ്ഞ് പോയെന്ന് തിയോളജിയുടെ ബാലപാഠമാണ്.
സൃഷ്‌ടി കരുതുന്നത് പോലെ ആവലല്ല സ്രഷ്‌ടാവിൻ്റെ പണി.
സൃഷ്‌ടിയുടെ ഫീച്ചേഴ്സ് സ്രഷ്ടാവിനോ സ്രഷ്‌ടാവിൻ്റെ ഫീച്ചേഴ്സ് സൃഷ്‌ടിക്കോ ഉണ്ടാവില്ല. കാരണം , സൃഷ്ടി സ്ഥല-കാല ദ്രവ്യ -ഊർജ്ജങ്ങളിലൊന്നായ ഭൗതിക പദാർത്ഥമോ പദാർത്ഥജന്യ ഗുണമോ ആവും.
പരിമിതി, പരിവർത്തനം, പരസ്പരാശ്രയത്വം , സോപാധികത്വം , ആപേക്ഷികത്വം എന്നീ പഞ്ചന്യൂനതകൾ സൃഷ്‌ടിക്ക് ബാധകമാവും. ഇവയൊന്നുമല്ലാത്ത ഒന്നുണ്ടെങ്കിലേ ഇവയെല്ലാം ഉണ്ടാവുകയുള്ളൂ; അതാണ് അല്ലാഹു.

3:

അല്ലാഹുവിനെ കുറിച്ച് എങ്ങനെ വിശദീകരിക്കുന്നതാണ് ശരി എന്നത് ചർച്ചയാക്കുമ്മുമ്പ്
'ആരാണ്,എന്താണ് അല്ലാഹു' എന്ന അടിസ്ഥാനതത്വം കൃത്യമാവേണ്ടതുണ്ടല്ലോ.
ലോകമുസ്ലിംകൾ വിശ്വസിക്കുന്നത് പ്രവാചകന്മാർ പരിചയപ്പെടുത്തിയ
قُلْ هُوَ اللَّهُ أَحَدٌ اللَّهُ الصَّمَدُ لَمْ يَلِدْ وَلَمْ يُولَدْ وَلَمْ يَكُن لَّهُ كُفُوًا أَحَدٌ
എന്ന അല്ലാഹുവിനെയാണ്.

പ്രസ്‌തുത അല്ലാഹു സത്തയും വിശേഷണങ്ങളുമുള്ള Essential Being അഥവാ മറ്റൊരുമാനത്തിലോ രീതിയിലോ വിധാനത്തിലോ രൂപത്തിലോ ആകാത്ത ജനകനും ജാതനുമല്ലാത്ത ഒറ്റയായ ഒരുവനാണ്.
അവന് അവതാരങ്ങളോ മക്കളോ ഇല്ല.

താഴെപ്പറയുന്ന എല്ലാതരം ദൈവ സങ്കൽപ്പങ്ങളും ഇസ്ലാമിക വിരുദ്ധമാണ്.ഇപ്പറയപ്പെടുന്ന സങ്കൽപ്പങ്ങളുടെ മിശ്രണങ്ങളാണ് ഇക്കാണപ്പെടുന്ന സകല എറട്ടറിക്&ട്രാൻസെൻ്റിക് മതങ്ങളുടെയും ദൈവവിശ്വാസം.

ഇൻഡുവെല്ലിങ് (Indwelling) : ഒരു വ്യക്തിയുടെയുള്ളിൽ ദൈവികമായ സാന്നിധ്യം അല്ലെങ്കിൽ ആത്മാവ് വസിക്കുന്നു എന്ന സങ്കല്പം. ഉദാഹരണത്തിന്, ക്രിസ്ത്യൻ ദൈവശാസ്ത്രത്തിൽ പരിശുദ്ധാത്മാവ് വിശ്വാസികളിൽ വസിക്കുന്ന വിശ്വാസം.

അനിമേഷൻ ( Divine Inspiration): ദൈവം ഒരു വ്യക്തിയിലേക്ക് നേരിട്ട് പ്രവേശിക്കുകയോ അവരെ മാധ്യമമാക്കി സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നു
വിശ്വാസം. ആന്ത്രോപോളജിയിൽ Divine Possession അല്ലെങ്കിൽ Shamanic Trance എന്നിത് വിശേഷിപ്പിക്കപ്പെടുന്നു.
[10/11/2026 8:51 AM] Abu Thahir Nk: അനിമിസം (Animism): മനുഷ്യരിൽ മാത്രമല്ല, പ്രകൃതിയിലെ എല്ലാ വസ്തുക്കളിലും (മരങ്ങൾ, പാറകൾ, മൃഗങ്ങൾ, നദികൾ) ദൈവികമായ അംശം ഉണ്ടെന്നുള്ള സങ്കല്പമാണിത്.

പന്തീയിസം (Pantheism) & പനന്തീയിസം (Panentheism):
പ്രപഞ്ചം തന്നെയാണ് ദൈവം; സമസ്ത ചരാചരങ്ങളും ദൈവിക സത്തയുടെ ഭാഗമാണ്.
പനന്തീയിസം: ദൈവം എല്ലാ വസ്തുക്കളുടെയും ഉള്ളിൽ വ്യാപിച്ചിരിക്കുന്നു, എന്നാൽ പ്രപഞ്ചത്തിന് അപ്പുറത്തേക്കും ദൈവികത നിലനിൽക്കുന്നു എന്ന വീക്ഷണം.

ഹൈലൊസോയിസം (Hylozoism): ദ്രവ്യത്തിൽ തന്നെ ജീവനോ ദിവ്യ ചൈതന്യമോ അന്തർലീനമായിരിക്കുന്നു എന്ന ഗ്രീക്ക് സങ്കല്പം.

ഇമാനേഷൻ (Emanation / സ്രവണം): നവപ്ലേറ്റോണിസത്തിലും (Neoplatonism) ചില മിസ്റ്റിക് പാരമ്പര്യങ്ങളിലും ഉള്ള സങ്കല്പം. പരമമായ ഒന്നിൽ നിന്ന് പ്രകാശം പോലെ ദൈവിക കിരണങ്ങൾ ഓരോ ജീവികളിലേക്കും പ്രപഞ്ച പദാർത്ഥങ്ങളിലേക്കും പ്രതിഫലിക്കുന്നു അല്ലെങ്കിൽ പ്രവഹിക്കുന്നു എന്ന സിദ്ധാന്തമാണിത്.

ചുരുക്കത്തിൽ,
അല്ലാഹു Erotericsts കൾ വിശദീകരിക്കുന്നത് പോലെ പ്രകൃതിശക്തിയോ മൂർത്തിയോ മൂർത്തികളുടെ മൂർത്തിയോ
ദൈവങ്ങളുടെ മേൽദൈവമോ
ഈശ്വരന്മാരുടെ മീതെയുള്ള
പരമേശ്വരനോ അല്ല അല്ലാഹു.
അല്ലാഹു എന്ന പദം ഒരു ജാതി / വർഗ നാമമല്ല. വർഗമാണെങ്കിലേ വേറെ ദൈവങ്ങളുടെ മേൽദൈവമാവൂ.

ഇത്രയും പറഞ്ഞത്, ഖാസിമി ഉസ്താദ് പുരസ്‌ക്കരിച്ച കക്ഷിയും അവരെ താത്വികമായി പിന്തുണക്കുന്നവരും വിശ്വസിക്കുന്ന 'അല്ലാഹു' എന്നത് ഓരോ മനുഷ്യനും അവരവരുടെ വിശ്വാസ പ്രകാരം വിളിക്കുന്ന
' ഈശ്വരൻ ' എന്ന സങ്കൽപ്പത്തിൻ്റെ ഇസ്ലാമികപദം മാത്രമാണ് എന്ന് സൂചിപ്പിക്കാനാണ്. ക്രിസ്‌റ്റും കൃഷ്ണനും ഭഗവാനുമെല്ലാം പറഞ്ഞുവന്നാൽ ഒരേ സ്ഫടികത്തിൻ്റെ വ്യത്യസ്‌ത നിറങ്ങൾ / പ്രതിഫലനങ്ങൾ മാത്രം എന്നതാണവരുടെ ധാരണ. അല്ലെന്നാണെങ്കിൽ അവർ വിശദീകരിക്കട്ടെ.

മാത്രമല്ല, 'റസൂൽ' എന്നാൽ
ആത്യന്തികമായി ഓരോരോ വ്യക്തിയുടെയും അവബോധവും തിരിച്ചറിവുമാണെന്നാണ് അവരുടെ വിശ്വാസം.
മക്കയിൽ ജനിച്ച് മദീനയിൽ നിര്യാണം വരിച്ച മുഹമ്മദ് ( സ്വ ) എന്ന ശരീരവും മനസ്സുമുള്ള വ്യക്തിയാണ് ഇപ്പോഴും നമ്മുടെ വഴി നിർണ്ണയിക്കേണ്ട റസൂൽ എന്ന വിശ്വാസം അവർക്കില്ല .
അല്ലെന്നാണെങ്കിൽ അവർ വിശദീകരിക്കട്ടെ. മുഹമ്മദ് ( സ്വ ) എന്ന വ്യക്തിയെ ചരിത്രപുരുഷനും റസൂലുമായി 'അംഗീകരിക്കാതെയിരിക്കാതിരിക്കുമ്പോൾ ' തന്നെ റസൂൽ എന്നാൽ ' മിൻ അൻഫുസികും ' അഥവാ വ്യക്തിയുടെ ബോധത്തിൽ തെളിയുന്ന ഉൾപാഠം എന്ന നിഗൂഢമായ അർത്ഥമാണവർ നൽകുന്നത്.

'ആ കുട്ടി പറയുന്ന തത്വങ്ങൾ മുഴുവനോടും യോജിക്കുന്നില്ലെങ്കിലും ' എന്ന് അനുബന്ധം ചേർക്കുമ്പോഴും
ഇത്തരമൊരു ജൽപ്പനത്തിൻ്റെ അടിത്തറയിലിരുന്ന് അല്ലാഹുവിനെ വിശദീകരിക്കുന്ന വാക്കുകളെയാണ് പുരസ്ക്കരിക്കുന്നതെന്ന് ഖാസിമി ഉസ്താദ് ഓർക്കേണ്ടതായിരുന്നു.

'മക്കാബഹുദൈവ വിശ്വാസികൾ വിളിച്ച അല്ലാഹു'വും നാം വിശ്വസിക്കുന്ന അല്ലാഹുവും കാര്യത്തിൽ ഒന്നല്ല എന്ന് വിശ്വസിക്കുന്നവരാണ് സാമാന്യ മുസ്‌ലിം സമൂഹം. ഇനിയതല്ല,
ഇക്കാണുന്ന സർവ്വവേദസത്യവാദികൾ വിശദീകരിക്കുന്ന അല്ലാഹു സങ്കൽപ്പമാണ് ശരി/ അതിലും ശരിയുണ്ട് എന്നാണെങ്കിൽ ബഹുമാനപ്പെട്ട
റഹ്മതുല്ലാഹ് ഖാസിമി ആക്ഷേപഭാഷ ഒഴിവാക്കി
മാന്യമായി ആ തത്വം മറനീക്കി വിശദീകരിക്കട്ടെ.
സാദാരണക്കാർക്ക് കൂടുതൽ അവ്യക്തത ബാക്കിയാക്കുന്ന വീരസ്യങ്ങളാവരുതല്ലോ തസ്കിയ:

3 :

അല്ലാഹുവിനെക്കുറിച്ച് 'തലേക്കെട്ട് കെട്ടിയ പുരോഹിതന്മാർ' വിശദീകരിക്കുന്നത് ശരിയല്ല , എറട്ടസിസ്‌റ്റ് സഹോദരി പറയുന്നതിലാണ് - ചിലതിൽ വിയോജിപ്പുണ്ടെങ്കിലും- ശരി എന്നാണല്ലോ ഖാസിമി ഉസ്താദ് പറഞ്ഞത്.

അല്ലാഹു /സ്രഷ്‌ടാവായ പ്രപഞ്ചനാഥനെ നാം നമ്മുടെ ആത്മനിഷ്ഠമായ ഭാവനകൾക്കും ആഗ്രഹങ്ങൾക്കുമനുസരിച്ച് നിർവ്വചിക്കാനോ വിശദീകരിക്കാനോ പാടില്ല.
അല്ലാഹു എന്താണ് ,ആരാണ് എന്നൊക്കെ അല്ലാഹു തന്നെ പ്രവാചകർ മുഖേനെ വ്യക്തമാക്കിത്തന്നിട്ടുണ്ട്.
അനുഭവങ്ങൾക്കപ്പുറം ആലോചിക്കാൻ മാത്രം ബുദ്ധിയോ യുക്തിയോ ഇല്ലാത്ത മനുഷ്യനാദ്യം സ്വന്തം ബൗദ്ധിക പരിമിതി ഉൾക്കൊള്ളുകയാണ് വേണ്ടത്. ഖാസിമി ഉസ്താദിൻ്റെ ഭാഷയിലെ
'തലേക്കെട്ടുകാരായ പുരോഹിതർ' ആരുമിവിടെ അല്ലാഹുവിനെ ഭാവനാത്മകമായി വിശദീകരിക്കുന്നില്ല.
അല്ലാഹുവിനെ പരിചയപ്പെടുത്തിത്തന്ന മുഹമ്മദ് മുസ്ത്വഫാ ( സ്വ ) വിശദീകരിച്ച് തന്ന, പരമ്പരാഗതമായി വിശ്വാസശാസ്ത്ര വഴികളിലൂടെയും ആത്മീയസരണികളിലൂടെയും ലഭ്യമായ തത്വങ്ങളാണ് അവർ പറയാറുള്ളത്.
അതാണ് ശരിയായ സമീപനം.
അല്ലാതെ,
ഓരോരുത്തർക്ക്,
കണ്ണ്ചിമ്മി മൈക്കിനും ചാനലിനും മുമ്പിലിരിക്കുമ്പോൾ തോന്നുന്ന അല്ലാഹ് സങ്കൽപ്പം ശരിയാവാ ,ചിലപ്പോൾ ഭ്രമങ്ങൾ മാത്രമായ തെറ്റാവാം .
അതൊന്നും ആശ്രയിക്കാവുന്ന ജ്‌ഞാനനിർണ്ണയങ്ങളല്ല, പലപ്പോഴും അവ്യക്തതകൾ പെരുപ്പിക്കുന്ന ജ്‌ഞാനമാലിന്യങ്ങൾ മാത്രമായവ ബാധ്യതയാവുകയാണ് ചെയ്യുക.

4:
ഇത്തരം തിയോളജിക്കൽ എലമെൻ്റുകൾ മാറ്റിനിർത്തിയാലും ,
'അല്ലാഹുവിന് മിനിമം നമ്മുടെ യോഗ്യതയെങ്കിലും വേണ്ടേ ' തുടങ്ങിയ പ്രസ്‌താവനകളെ നിസ്സാരമായി കാണാനാവുമോ?
കാരണം അതിന്മേൽ വെച്ചാണ്
ആ സഹോദരി ഖുർആൻ (തനിക്ക് യോജിപ്പില്ലാത്ത വാക്യങ്ങൾ)നിഷേധിക്കുന്നത്,
ഇസ്‌ലാമിലില്ലാത്ത പുരുഷാധിപത്യം ഉണ്ടെന്നാക്കി ശത്രുവിനെ നിർമ്മിക്കുന്നത്.

ഖാസിമി ഉസ്താദും
അവരുമൊക്കെ സാദാരണ
'തലേക്കെട്ട് കെട്ടിയ പുരോഹിതന്മാർ'
പറയാത്ത മറ്റെന്തല്ലോ
കാര്യങ്ങൾ അല്ലാഹുവിനെ കുറിച്ച് പറയുന്നുണ്ടെന്നാണല്ലോ ഈ വീരസ്യത്തിൻ്റെ അർത്ഥം.
തിയോളജിയോട് നിരക്കാത്ത,
അവ്യക്തതകൾ മാത്രം ബാക്കിയാക്കുന്ന ആവേശങ്ങൾക്കപ്പുറം എന്താണ് ആരും പറയാത്തതായ് ആ വേദാന്തദർശകി/എറട്ടറിസ്‌റ്റ് പറയുന്നത് ?

ഉസ്താദുമാർ(തലേക്കെട്ടിയ പുരോഹിതന്മാർ)
അല്ലാഹുവിൻ്റെ വിശുദ്ധനാമങ്ങളിലോരോന്നിനുമുള്ള വിവക്ഷകൾ സാന്ദർഭികമായി പറയാറുണ്ട്.അല്ലാഹുവിൻ്റെ കാരുണ്യവും കരുതലും പ്രധാന പ്രമേയങ്ങൾ ആവുമ്പോഴും അല്ലാഹുവിൻ്റെ രക്ഷണവും ശിക്ഷണവും ഖുർആൻ ഉണർത്തുന്നുണ്ട്.
അതേമാതൃകയാണ് ഉലമാക്കൾ പിന്തുടരാറുളളത്.

ഖുർആൻ ഉണർത്തുന്ന സ്വർഗത്തിലും നരകത്തിലും
അതിൻ്റെ ആഴത്തിലുള്ള അർത്ഥങ്ങൾക്ക് പുറമേ,
പെരിഫെറൽ അർത്ഥത്തിൽ തന്നെ ഖാസിമി ഉസ്താദ് വിശ്വസിക്കുന്നുണ്ടെങ്കിൽ
(തീർച്ചയായും ഉണ്ടല്ലോ)
അദ്ദേഹം പുരസ്ക്കരിച്ച സഹോദരി അങ്ങനെ വിശ്വസിക്കുന്നില്ല എന്നോർക്കണം.

ഖുർആൻ ഭാഷ്യം നിരാകരിക്കാനായ്
സ്വർഗമെന്നാൽ
ആണുംപെണ്ണും കളിയാണെന്ന്
പുരോഹിതർ പറയാറുണ്ടെന്നാണ്
സ്ട്രോമാൻ ഉണ്ടാക്കിയത്.
ഉലമാക്കൾ അങ്ങനെ പറയാറില്ല. അല്ലാഹുവിൻ്റെ ലിഖാഅ ' + തിരുറസൂലിൻ്റെ മുറാഫഖ(കൂട്ട്) എന്നിവയാണ് സ്വർഗാനുഭവമെന്നും അതനുഭവിക്കുന്നവർക്കുള്ള സൗകര്യങ്ങളാണ് തോട്ടങ്ങളും അരുവികളും ഇണകളും മറ്റുമെന്ന് തന്നെയാണ് ഖുർആൻ പറഞ്ഞത്. അങ്ങിനെ തന്നെയാണ് ദർസീ കിതാബ് കൂടിയായ ഹികമിലും വിശദീകരണങ്ങളിലും ഉള്ളത്.
കാലങ്ങളായി കിതാബോതിയ ഉസ്താദുമാർ അങ്ങനെത്തന്നെയാണ് പറയാറുള്ളതും .
അല്ലാതെ, സ്വർഗത്തിനും ജന്നാത്തിനും റഹ്മാനും റഹീമിനുമൊക്കെ കൃത്യമായ വിശദീകരണം നൽകിയ മലയാള പണ്ഡിതൻ റഹ്മതുല്ലാഹ് ഖാസിമി മുതലോ എതെങ്കിലും എറട്ടറിസ്‌റ്റ് വേദാന്തി മുതൽക്കോ തുടങ്ങുന്നതല്ല.

ഖാസിമി ഉസ്താദ് വരുന്നതിനും എത്രയോ മുമ്പേ അതൊക്കെ എഴുതിവെച്ച ,പറഞ്ഞ് പോയ എത്രയോ
'തലേക്കെട്ടിയ പുരോഹിതർ' കേരളത്തിലുണ്ടായിട്ടുണ്ട് .
ഇപ്പോഴുമുണ്ട് ,നാളെമുണ്ടാവും.
ഏകദേശം ഒന്നുരണ്ട് നൂറ്റാണ്ടുകളായി 'കേരളത്തിലെ പുരോഹിതർ 'അല്ലാഹുവിനെ SI ആക്കി അവതരിപ്പിക്കുകയാണ് എന്നാണ് ഖാസിമി നിഗൂഢ ആത്മീകവാദത്തിന് പിന്തുണ നൽകി ഇതിൽ പറയുന്നത് !
ആ നൂറ്റാണ്ടുകളിൽ ഖാസിമി ഉസ്താദ് ഉദ്ദേശിക്കുന്ന പുരോഹിതർ ആരൊക്കെയാണ്!
തസ്വവ്വുഫും അഹ്ലുസ്സുന്നയുടെ അഖീദയും കൈകാര്യം ചെയ്ത ഒരാളെപ്പോലും ഒരാൾക്കും അതിന് ഉദാഹരിക്കാൻ കഴിയില്ല.
അങ്ങനെ ക്രൂരനായ അല്ലാഹുവിനെ അവതരിപ്പിച്ച ഒരു പണ്ഡിതനെയെങ്കിലും ആർക്കെങ്കിലും ഉദാഹരിച്ച് കാണിക്കാൻ പറ്റുമോ!
സംസാരത്തിലെ മിതത്വമാണ് മതത്വം എന്നെങ്കിലുമോർക്കാം.

സ്ട്രോമാൻ ഫാലസി എന്ന യുക്തിദൂശ്യമാണ് ഇവിടെ പ്രശ്‌നം.സാങ്കൽപ്പിക ശത്രുവിനെ മനസ്സിൽ ധ്യാനിച്ച് സ്വന്തം നിഴലിനെതിരെ നിറയൊഴിക്കുക, എന്നിട്ട് അല്ലാഹുവിനെ അവതരിപ്പിക്കുകയാണെന്ന് വിചാരിക്കുക !

അല്ലാഹുവിനെ ഉള്ളിൽ തട്ടി പറയുമ്പോൾ അല്ലാഹുവല്ലാത്ത മറ്റൊന്നും മനസ്സിൽ വരില്ലെന്ന അറിവാണ് സൂഫിസത്തിൻ്റെ ഒന്നാം പടവെന്നും അല്ലാഹു മാത്രം നിറയുന്ന അനുഭവമാണ്
സൂഫിസത്തിൻ്റെ നിറവ് എന്നുമെങ്കിലും ഓർക്കാം.

സുൽത്താനുൽ ആഷിഖീൻ
ഉമർ ഇബ്‌നുൽ ഫാരിദ് (عمر بن الفارض) പാടിയല്ലോ;

وَلَوْ خَطَرَتْ لِي فِي سِوَاكَ إِرَادَةٌ
عَلَى خَاطِرِي سَهْوًا حَكَمْتُ بِرِدَّتِي

"അബദ്ധവശാൽ പോലും അല്ലാഹുവല്ലാതെ മറ്റൊന്നിനെക്കുറിച്ചുള്ള വിചാരം
മനസ്സിൽ മിന്നിമറഞ്ഞാൽ,ഞാൻ മതഭ്രഷ്ടനായി എന്ന് എന്നെപ്പറ്റി സ്വയം വിധിക്കും"

അല്ലാഹുവിനെപ്പറ്റിപ്പറയുന്നവർ ശത്രുക്കളെത്തന്നെ മറന്ന് പോവും,അവർക്ക് ശത്രുക്കൾ/പ്രതിപക്ഷം എന്നൊന്ന് തന്നെ ഉണ്ടാവില്ല.അപ്പോഴാണ് ഇവിടെ ചിലർ ഇല്ലാത്ത ശത്രുക്കളെ ഭാവിച്ചുണ്ടാക്കി തിയറി മെനയുന്നത് !

5 :

കേരളത്തിലെ' ഉസ്താദ് സമൂഹത്തെ ' പുരോഹിതർ എന്നാക്ഷേപിക്കുന്ന പ്രവണത
വേദാന്ത ഇസ്ലാമിസ്റ്റുകളുടെയും എക്സ് മുസ്ലിംകളുടെയും തീവ്രസലഫീ പ്രസ്ഥാനങ്ങളുടെയും സ്ഥിരം ശൈലിയാണ്.
വാസ്തവത്തിൽ,
ഇസ്ലാമിലെ അഇമ്മത് (നിയമരൂപകൽപ്പകരും നിർദ്ധാരകരും) പഠിപ്പിച്ചത് മാത്രം പ്രചരിപ്പിക്കുന്നവരാണ് ഉസ്താദുമാർ.
അതേസമയം ,പ്രത്യേകിച്ച് തെളിവുകൾ ഒന്നുമില്ലാതെ സ്വയം തോന്നന്നലുകളും യുക്തിവിചാരങ്ങളും വേദാന്തദർശനമാക്കി മറ്റൊരു മതമുണ്ടാക്കുന്ന കക്ഷിയാണ് എറട്ടറിസ്‌റ്റ് സഹോദരിയടക്കമുള്ള സെക്യുലർ സൂഫീ സമൂഹം.
[10/11/2026 8:51 AM] Abu Thahir Nk: പ്രാമാണികമായ തെളിവുള്ളതും സ്വയം കണ്ടെത്തലുകളും കൂടിക്കലർത്തി അവതരിപ്പിക്കുന്നതിൽ മിടുക്കനാണ് ഖാസിമി ഉസ്താദ്.
എന്നിട്ടും കുറ്റം ,ഇസ്ലാമിൽ ഇല്ലാത്ത 'പുരോഹിതർക്ക് '!
സലഫികൾ വന്നതിന് ശേഷമാണ്
'പുരോഹിതർ' ശൈലിമാറ്റിയത് എന്ന് പറയുന്ന ഖാസിമി ഉസ്താദ്
ഉസ്താദുമാരെ പുരോഹിതർ എന്ന് വിളിക്കുന്ന സലഫീ ശൈലിയാണ് ആവർത്തിച്ചാവർത്തിച്ച് ഉച്ചരിക്കുന്നത് എന്നത് മാത്രം ഓർക്കുന്നില്ല!
അപ്പറയപ്പെട്ട ശൈലീമാറ്റവും ട്രഡീഷണൽ പണ്ഡിതരെ ഡീഗ്രേഡ് ചെയുന്ന മനോഭാവവും തന്നിലൂടെയാണ് സാക്ഷാൽക്കരിക്കപ്പെടുന്നതെന്നത് അദ്ദേഹം തിരിച്ചറിയണം.

സ്വന്തവും മതവും നിയമനിർമ്മാണവും ഉണ്ടാക്കുന്നവരുടെ ആരോപണവും പരിഹാസവാക്കും ഏറ്റുപിടിക്കുന്ന ഖാസിമിയുസ്താദ് ഇക്കാര്യത്തിൽ പരിധി വിട്ടോയെന്ന് സ്വയം വിചാരപ്പെടട്ടെ.
'മകളെ, ഇസ്ലാമിൽ അങ്ങനെയൊരു പൗരോഹിത്യമില്ല,
നിങ്ങൾ പറയുന്നതാണ് യഥാർത്ഥ പൗരോഹിത്യം'
എന്ന് ആ സഹോദരിയോട് തിരുത്തിപ്പറയേണ്ട കക്ഷിയാണ് മറിച്ച് പറയുന്നത്!

6 :

ഇസ്‌ലാം വായിക്കപ്പെടേണ്ടത് സബ്ജക്ടീവായിട്ടാണെന്ന ഖാസിമി ഉസ്താദിൻ്റെ പ്രസ്ഥാനവനയിലും വ്യക്തമായ പിഴവുണ്ട്. ഇസ്ലാമിലെ നിയമനിർമ്മിതിയും ധാർമ്മിക ചട്ടങ്ങളും തികച്ചും ഒബ്ജക്ടീവാണ്.അതിൻ്റെ പൊരുളുകൾ സബ്ജക്ടീവായി മനസ്സിലാക്കാമെന്ന് മാത്രം.
മറിച്ച്, ഓരോരുത്തരും ആത്മനിഷ്ഠമായി ഇസ്‌ലാമിനെ നിർവ്വചിച്ചാലാണ് ഇക്കാണുന്ന അനിസ്ലാമിക ഇസ്ലാമുകൾ ഉണ്ടാവുക!
അല്ലാഹുവും റസൂൽ(സ്വ) യുമാണ് നിയമനിർമ്മാതാവും ദാതാവും.സബ്ജക്ടീവ് ധാർമ്മികത സ്വതന്ത്രചിന്തയുടെ,നിരീശ്വരവാദത്തിൻ്റെ ന്യൂനതയാണ്.ഇവിടെ, ഖാസിമി ഉസ്താദ് ശ്ലാഘിച്ച് പറഞ്ഞ വേദാന്തപ്രചാരകയോട്
'ഒരു കാര്യം ശരിയോ തെറ്റോ ആവുന്നതിൻ്റെ പാരാമീറ്റർ എന്താണ് ' എന്ന് ചോദിച്ചാൽ
'അതൊക്കെ ഒരു തമാശയല്ലേ,
ശരിതെറ്റുകൾ എന്നൊക്കെയുള്ളത് ഒരു കുട്ടിക്കളിയല്ലേ,ബോധം കിട്ടിയവർക്ക് എന്തിന് പാരാമീറ്റർ' എന്നേ പറയൂ.അതാണ് സബ്ജക്ടീവ് മതവായനയുടെ പ്രശ്‌നവും.
അതേസമയം, ഇമാനികാനുഭവങ്ങൾ, ഇശ്ഖ് തുടങ്ങിയ തലങ്ങൾ സബ്ജക്ടീവാണ് എന്ന് പറയാം.
വിശ്വാസശാസ്ത്രത്തിലെ
ഇഖ്തിയാർ (Will& Accountability)
സബ്ജക്ടീവോ ഒബ്ജക്ടീവോ എന്നതിൽ അശ്അരീ തിയോളജിയിൽ രണ്ടഭിപ്രായമുണ്ട്.
മുഅ്തസിലീ തിയോളജിയിൽ
ഇഖ്തിയാറും കസ്ബും എല്ലാം സബ്ജക്ടീവാണ്.

7:

ഖുർആനിലെ സ്ത്രീലാവണ്യങ്ങളെ വിശദീകരിക്കുന്ന വചനങ്ങൾ കാണിച്ച് വെളിച്ചം കിട്ടിയവർക്ക് ഖുർആൻ തന്നെ വേണ്ട എന്ന് പറയാതെ പറയുന്നവർ നിരാകരിക്കുന്നത് അത്തരം വചനങ്ങളെ മാത്രമോ,അതോ
ഖുർആനിനെ മൊത്തത്തിലോ എന്ന കൺഫ്യൂഷൻ അളുകൾക്കുണ്ട്.
പ്രസ്തുത നിരാകരണത്തിൻ്റെ താൽപര്യം;എൻ്റെ അല്ലാഹു അങ്ങനെ പറയില്ല,
അങ്ങനെ പറഞ്ഞ അല്ലാഹുവിനെ എനിക്ക് വേണ്ട എന്നല്ലേ?
അതേ ഖുർആൻ അല്ലാഹുവിലേക്കുള്ള ആത്മത്തിൻ്റെ സഞ്ചാരപഥങ്ങളായി വിശദീകരിക്കുന്ന
النَّفْسُ الْأَمَّارَةُ
النَّفْسُ اللَّوَّامَةُ
النَّفْسُ الْمُلْهَمَةُ
النَّفْسُ الْمُطْمَئِنَّةُ
النَّفْسُ الرَّاضِيَةُ
النَّفْسُ الْمَرْضِيَّةُ
എന്നീ ഘട്ടങ്ങളെ അംഗീകരിക്കുകയും ചെയ്യുന്നു.
പക്ഷെ ,അവിടെ പാപപ്രോക്തമായ ആത്മത്തിൻ്റെ വിമലീകരണയാത്രയിലെ ധാർമ്മികതയുടെ പാരാമീറ്റർ നിശ്ചയിക്കുന്ന ശരീഅത്തിനെ അതേ കക്ഷികൾ വീണ്ടും നിരാകരിക്കുന്നു.
ഇനി,അഹങ്കാരയഹംഭാവക്രോധദംഭദുരരാഗരോഷദർപ്പാധി ആസക്തികളിൽ നിന്ന് ഒരാൾ പുറത്ത് കടന്നാൽ അപ്പോഴും ആ വ്യക്തിക്ക് ജൈവികമായ അടിസ്ഥാന ആവശ്യങ്ങൾ ബാക്കിയാവും,ആവണം.
അപ്പോഴേ ആ വ്യക്തി മനുഷ്യനായി തുടരൂ.
ഭോജനവും ഉറക്കവും ലൈംഗികതൃഷ്ണയുമെല്ലാം അപ്പോഴും ബാക്കിയാവും.
അതവർ അനുവദനീയമായി നിർവ്വഹിക്കും ,ചിലപ്പോൾ നിർവ്വഹിക്കാതിരിക്കും.
അത്തരം കാര്യങ്ങൾ ഇലാഹീ സാധനയുടെ വിപരീതങ്ങളല്ല, അതിൻ്റെ ഭാഗം തന്നെയാണ്.
മെറ്റബോളിസത്തിന് ഹാനികരമായ കാടൻ ആത്മീയതയൊന്നും ഇസ്ലാമികമല്ല.
അല്ലാഹുവിനെ കാണാൻ നബി (സ്വ ) എഴുന്നേറ്റ് പോയത് ഭാര്യയുടെ വിരിപ്പിൽ നിന്നാണ്,
മടങ്ങിവന്നതും അതേവിരിപ്പിലേക്ക് തന്നെ.
അല്ലാഹുവിനെ / പ്രപഞ്ചശക്തിയായ ഭഗവാനെ കിട്ടിയതിൻ്റെ പേരിൽ ഭോഗവും ഭോജനവുമൊന്നുമില്ലാതെ വായുവിൽ പാറിപ്പറക്കുന്ന നാലാൾ രംഗത്ത് വരട്ടെ,
അതൊക്കെ നടക്കുമെങ്കിൽ.

അതേസമയം, ഇൽമീ പഠനത്തിനും രചനക്കും ഇബാദത്തിനും തടസ്സമാകുമെന്ന് കരുതി അവിവാഹിതരായവും മറ്റും ധാരാളം ഉണ്ട്. അവർ ശരീഅത്ത് അനുസരിച്ച് ജീവിച്ചവരാണ്,അവർ വിവാഹം ആരാധനയായി എണ്ണിയവരും ഖുർആനിലെ ഇണലാവണ്യഭാഗങ്ങൾ നിഷേധിക്കാത്തവരുമാണ്.

8 :

ട്രഡീഷണൽ ഉലമാക്കളെ ഡിഗ്രേഡ് ചെയ്യുന്ന രീതി ആരിൽ നിന്നാണെങ്കിലും അതൊരു അശുഭലക്ഷണമാണ്.
ഒരാൾക്ക് ഒരുകാര്യം പറയാനുണ്ടെങ്കിൽ വിചാരിച്ച കാര്യം വെടിപ്പിൽ പറഞ്ഞങ്ങ് പോയാൽ പോരേ!
ഇമാം ഗസ്സാലി(റ) പറയുന്നു .
إِذَا أَرَادَ اللهُ بِعَبْدٍ خَيْرًا بَصَّرَهُ بِعُيُوبِ نَفْسِهِ

"അല്ലാഹു ഒരു അടിമയ്ക്ക് നന്മ ഉദ്ദേശിച്ചാൽ, സ്വന്തം ന്യൂനതകളിലേക്ക് അകക്കണ്ണ് തുറന്ന് കൊടുക്കും."

ഇഹ്‌യാ ഉലൂമിദ്ദീനിലെ كتاب رياضة النفس അഥവാ മനോനിയന്ത്രണക്കളരി
എന്ന അധ്യായത്തിലാണ് ഇമാം ഈ വചനം ഉദ്ധരിക്കുന്നത്.
[10/11/2026 8:51 AM] Abu Thahir Nk: ഇവിടെ,
അല്ലാഹുവിനെ കിട്ടിയ,പൊരുൾ പ്രാപിച്ച് നിയമങ്ങൾ ആവശ്യമില്ലാതായ കക്ഷികൾ പലരും ദിവസങ്ങളായി ഇല്ലാത്ത ശത്രുക്കളെക്കുറിച്ച് വാചാലരായ് സാമ്പദ്രായിക ഉലമാക്കളെ മൊത്തം പുരോഹിതരാക്കി കുറ്റക്കാരാക്കുന്നു. അവർക്ക് മനസ്സിലായത് മാത്രമാണ് ശരി എന്നതാൻപോരിമാവിഭ്രാന്തിയിൽ സംസാരിക്കുന്നു. സത്യാന്വേഷണ പ്രക്രിയയുടെ മിനിമം മര്യാദയായ 'അറിഞ്ഞ്കൂടാ' എന്ന ഭാവം എന്താണെന്ന് പോലും അവരിലാരിലും കാണാനില്ല.
അവർ കാണാത്ത ലോകങ്ങളെപ്പറ്റിപ്പോലും അവർക്ക് വാചാലമായ ഉത്തരങ്ങളുണ്ട് എന്നതാണ് കഷ്ടസ്ഥിതി !

ഇതിൻ്റെ മറ്റൊരു വേർഷൻ തന്നെയാണ് ഇവിടെ സ്വയം അവരോധിത ശൈഖുമാരടക്കം ചിലർ സ്വീകരിക്കുന്നത്!
പറയാനുള്ള കാര്യം പറയാതെ
'മൊലിയാക്കന്മാരെ' ഒന്ന് വളഞ്ഞ് മാന്താതെ ഒരു വിഷയം തികച്ച് പറയാൻ അവർക്കറിയില്ല.
ചിലർക്ക് പുതിയ കാഴ്ച്ചപ്പാട് പറയുകയാണെങ്കിൽ അത് അഞ്ച് മിനുട്ടും പഴയ കാഴ്ച്ചപ്പാടുകാരെ കളിയാക്കൽ അരമണിക്കൂറുമാണ്.ചിലർ
ദുആ ചെയ്യുകയാണെങ്കിൽ, മറ്റുള്ളവരുടെ ദുആയുടെ കുറ്റം പറഞ്ഞാലേ അവർക്ക് സമാധാനമാവൂ.
ജനലക്ഷങ്ങളെ പതിറ്റാണ്ടുകളായി നേർവഴി കണ്ടെത്താനുള്ള നേരായവഴിയിലൂടെ നയിക്കുന്ന പ്രസ്ഥാനങ്ങൾക്ക് ആയുസ്സും അർത്ഥവും നൽകിവരുന്ന ഉസ്താദുമാരെ ഇകഴ്ത്തുന്ന ഒരു മജ്ലിസും ഹൽഖയും ജൽസയും അല്ലാഹുവിനെയും റസൂലിനെയും (സ്വ) തരില്ല എന്ന് നൂറിൽ നൂറ് ശതമാനം ഉറപ്പിച്ചോളൂ.
ആത്യന്തികവും സ്ഥായിയുമായ ഖൈറിനെ തടയാനുള്ള താൽക്കാലികമായ അത്തരം ചെറിയ ഖൈറുകൾ സൂക്ഷിച്ചില്ലെങ്കിൽ
ഫലത്തിൽ ശറായി ഭവിക്കാൻ മതി.അല്ലാഹുവിനെയും റസൂലിനെയും കിട്ടാൻ ഷോർട്ട്കട്ട് വഴികൾ പറഞ്ഞ് ക്യാംപയിൻ ചെയ്യുന്ന പ്രഫഷണൽ സൂഫികൾ,അൽഭുതം പ്രകടിപ്പിക്കലാണ് മഹത്വം എന്ന് കരുതുന്ന മന്ദബുദ്ധികളായ വ്യാജസൂഫികൾ,മികച്ച ഇൻഫ്രാസ്ട്രക്ചർ ഒരുക്കി,റിഥം മുഴങ്ങുന്ന മൈക്ക് മുമ്പിൽ വെച്ച്,
ഒറ്റച്ചുരുളിന് പതിനായിരങ്ങൾ വിലവരുന്ന പുകകളിൽ തലപെരുക്കി കണ്ണടച്ചിരുന്നത് കൊണ്ടോ കേവലം പാടിപ്പറഞ്ഞത് കൊണ്ടോ അല്ലാഹുവിനെയും റസൂലിനെയും കിട്ടില്ല.
കിട്ടി, വലിയ്യായിയെന്നൊക്കെ തോന്നും ,പക്ഷെ അഞ്ചുപത്ത് കൊല്ലം കൂടി കഴിഞ്ഞാൽ മനസ്സിലാവും; പ്രത്യേകിച്ച്
ഒരുചുക്കും കിട്ടിയിട്ടില്ലെന്ന് ,
വലിയ്യ് പോയിട്ട് എലി പോലും ആയിട്ടില്ലെന്നും.
സൂപ്പർ ഈഗോ ചമഞ്ഞ് ട്രഡീഷണൽ ഉലമാഇനെ ഇകഴ്ത്തുന്ന ഒരു ശൈഖിൻ്റെ മജ്ലിസിൽ നിന്നും ഒരിറ്റ് അല്ലാഹുവിനെ ആർക്കും കിട്ടില്ല.

9 :

അല്ലാഹുവിനെയും റസൂലിനെയും (സ്വ) കിട്ടണമെന്നാഗ്രഹിക്കുന്ന സാദാരണക്കാർ എല്ലാതരം സ്പെഷ്യൽ ആത്മീയ പാക്കേജുകളിൽ നിന്നും വിട്ടുനിൽക്കലാണ് ഇപ്പോൾ നല്ലത്.മലബാർ കോണ്ടക്സ്റ്റിൽ പറഞ്ഞാൽ ,സാദാരണ സുന്നീ മഹല്ലുകളിലെ പള്ളികളിൽ
നടന്ന് വരുന്ന സ്വലാത് -ദിക്ർ ഹൽഖകളും ഹദ്ദാദും മറ്റു പതിവ് ഔറാദുകളും പലപല ത്വരീഖതുകളിലും അഗ്രഗണ്യരായ മശാഇഖുമാർ സ്ഥാപിച്ച കാര്യങ്ങളാണ്.
അതിന് മുടങ്ങാതെ പങ്കെടുത്താൽ കിട്ടുന്ന ഈമാനിക വർദ്ധനവൊന്നും അപ്പറയുന്ന യാതൊരു പാക്കേജ്
ജൽസകളിൽ നിന്നുണ്ടാവുമോ!
നമ്മുടെ ഗ്രാമാന്തരങ്ങളിലെ പള്ളിസ്വലാത്തുകളും
ദിക്റുകളും ചാപ്പനങ്ങാടി ബാപ്പു മുസ്ല്യാർ, കക്കിടിപ്പുറം ഓറ് തുടങ്ങിയ നിരാക്ഷേപം അംഗീകരിക്കപ്പെട്ട മഹാത്മാക്കൾ സ്ഥാപിച്ചതാണ്.
അത് പതിവാക്കുന്നവരുടെ ജീവിതനന്മകൾ പാക്കേജ് സ്പിരിച്ച്വൽ പ്രസ്ഥാനങ്ങളിലൂടെ കിട്ടില്ല.പക്ഷെ അത് ,ഷോർട്ട് ടേമിൽ മനസ്സിലാവില്ല. രാസവളവും ജൈവവളവും പോലെയാണത്.
ആവേശവും ത്രില്ലും വൈബും തരുന്ന പാക്കേജ് സ്പിരിച്വൽ പ്രോഗ്രാമുകൾക്ക് അതിവേഗ ഫലം കാണും .പക്ഷെ ക്രമേണെ, ജനിതകമായുള്ള /പാരമ്പര്യമായി കിട്ടിയ കൈതിരികളും കെട്ട്
തൈ തന്നെ കൂമ്പടിഞ്ഞ് പോവും. പരമ്പരാഗത (സംഘടനാമതക്കാരുടെ ആത്മീയത എന്ന് പരിഹസിക്കപ്പെടാറുള്ള ശീലങ്ങൾ)ആത്മീയതയുടെ നടേപ്പറഞ്ഞ രീതികൾ ഫലം തരാൻ സമയമെടുക്കും.
പക്ഷെ , ഉള്ളിൽ വേരൂന്നി വ്യക്തിയെ പരിവർത്തിപ്പിച്ച ശേഷമാവും അതിൻ്റെ ആദ്യനാമ്പ് പുറത്തെത്തുക.അതേത് ചുഴലിക്കാറ്റിലും അവിടെ ബാക്കിയാവുകയും ചെയ്യും.

ഇതിനർത്ഥം അല്ലാഹുവിനെപ്പറ്റിപ്പറയുന്ന ജൽസകളെയും മറ്റ് സവിശേഷ ആത്മീക സംഗമങ്ങളെയും എതിർക്കുക എന്നതേയല്ല.
പഠിക്കാനും പ്രാർത്ഥിക്കാനും ആത്മീക ആവേശം ആവാഹിക്കാനും തെറ്റല്ലാത്ത എവിടെയും പോവാം.പക്ഷെ ,
ആത്മീക ജീവിതശീലങ്ങൾ ക്രമപ്പെടുത്താൻ റഫറൻസീവാക്കാൻ മാത്രം അവയൊന്നും പോര എന്നാണ്.
പരിഹാരം ,അവരവരുടെ പള്ളികളിലെ ഓത്തും ബൈത്തും ശീലവും പതിവാക്കുക ,ഒഴിവ് സമയത്ത് ദീൻ പഠിക്കുക എന്നത് തന്നെ . ക്രമേണെ , എത്തേണ്ട ത്വരീഖതിൽ ആൾ എത്തിയിട്ടുണ്ടാവും .
ഇവ്വിധം മുസ്ലിം പൊതുസമൂഹത്തെ ക്രമം തെറ്റാതെ നയിക്കുന്നതിൽ മൂന്ന് സമസ്‌ത പ്രസ്ഥാനങ്ങൾക്കും അനൽപ്പമായ പ്രസക്തിയുണ്ട്.
അതിൻ്റെ 'തലേ കെട്ടിയ പുരോഹിതന്മാർ 'ഇല്ലാതെ പോയാലാണ് പിറ്റേന്ന് രാവിലെ ആത്മീക അരക്ഷിതാവസ്ഥയിൽ കേരളമുസ്ലിംകൾ മുങ്ങുക!
അപ്പോഴവരെ പൊക്കിയെടുത്ത് അഞ്ച് നേരം പള്ളിയിലും അല്ലാഹു എന്നതിലെ അലിഫ് പഠിപ്പിക്കുന്ന മദ്രസയിലുമെത്തിക്കാൻ ഇപ്പറയുന്ന ഒരു പാക്കേജ് സ്പിരിച്വൽ പ്രസ്ഥാനങ്ങൾക്കും കെമിക്കൽ സൂഫികൾക്കും
കഴിയില്ല തന്നെ.