എന്നെ യുക്തിവാദത്തിൽ എത്തിച്ചത് സലഫിസം - ആരിഫ് ഹുസൈൻ
ഇന്നലെ ഒരു യാത്രയിലായിരുന്നു...
വഴിയിൽ രണ്ട് നബിദിന റാലികൾ കാണാൻ സാധിച്ചു.
സത്യത്തിൽ എനിക്ക് എന്റെ കുട്ടിക്കാലമാണ് ഓർമ്മ വന്നത്; അല്ലാതെ ആ റാലിയിലേക്ക് വണ്ടി ഇടിച്ചുകയറ്റാനല്ല!
മാപ്പിളപ്പാട്ട്, ഇംഗ്ലീഷ്-മലയാളം പ്രസംഗങ്ങൾ, ദഫ് മുട്ട്...
ഇതിലൊക്കെ സ്ഥിരം മത്സരാർത്ഥിയും വിജയിയുമായിരുന്നു.
സോപ്പ് പെട്ടിയും പ്ലേറ്റും ഗ്ലാസുമൊക്കെ സമ്മാനമായി വാരിക്കൂട്ടിയ മനോഹരമായൊരു കുട്ടിക്കാലം.
കോഴിക്കോട്ടെ ചാത്തമംഗലം ഇർഷാദുസ്സിബ്യാൻ മദ്രസ്സയായിരുന്നു അന്നത്തെ തട്ടകം.
പത്താം ക്ലാസ് കഴിഞ്ഞ് പ്ലസ് ടു ആയപ്പോഴേക്കും തലയിൽ സലഫിസം കയറിപ്പറ്റി.
മതാഭിപ്രായങ്ങൾ ഉറക്കെ പറഞ്ഞുതുടങ്ങി.
കോളേജിലെത്തിയതോടെ മൂത്തൊരു സലഫിയായി മാറി.
പിന്നെ നബിദിനം എനിക്ക് 'ബിദ്അത്ത്' ആയി, 'ഹറാം' ആയി.
പഠിച്ച് ഡോക്ടറായി.
നല്ല അസ്സൽ മതഭ്രാന്തനായ ഒരു ഹോമിയോ ഡോക്ടർ.
പിന്നെപ്പിന്നെ ഓണവും വിഷുവുമൊക്കെ ഒഴിവാക്കാൻ നോക്കി.
പക്ഷേ കൂട്ടുകാരായ ബിമലും ദീപക്കും ഓണസദ്യ ഒരുക്കി വിളിച്ചാൽ ഞാൻ പോയി കഴിക്കും.
എന്നിട്ട് മനസ്സിൽ അല്ലാഹുവിനോട് 'തൗബ' ചെയ്യും.
ഒരിക്കൽ നബിദിന പരിപാടിക്ക് പിരിവ് ചോദിച്ച് നാട്ടുകാരനായ മമ്മൂട്ടിക്ക ക്ലിനിക്കിൽ വന്നു.
സലഫി മതഭ്രാന്ത് മൂത്ത ഞാൻ അദ്ദേഹത്തോട് മതം പറഞ്ഞ്, ബിദ്അത്തിനെക്കുറിച്ച് 'ദഅ്‌വ' നടത്തി, വല്ലാതെ അപമാനിച്ചുവിട്ടു. അന്ന് എനിക്ക് തെല്ലും കുറ്റബോധം തോന്നിയിരുന്നില്ല.
പക്ഷേ, അതിനുശേഷം കുറേക്കാലം അദ്ദേഹത്തെ ക്ലിനിക്കിലോ നാട്ടിലോ കണ്ടതേയില്ല.
രണ്ടു വർഷം കഴിഞ്ഞു.
തലയിലെ സലഫിസം എന്നെ പതിയെ മതത്തെത്തന്നെ സംശയിക്കുന്നതിലേക്ക് എത്തിച്ചിരുന്നു.
മമ്മൂട്ടിക്കാന്റെ കാര്യം ഓർക്കുമ്പോഴൊക്കെ ഞാൻ ആലോചിക്കും: "എന്നാലും അത്രക്ക് വേണ്ടിയിരുന്നില്ല..."
നേരിട്ട് കണ്ട് ഒന്ന് സംസാരിക്കണമെന്ന് തോന്നി.
ഒരിക്കൽ എന്തോ കാരണം ഉണ്ടാക്കി ഞാൻ അദ്ദേഹത്തെ ഫോണിൽ വിളിച്ചു. വെറുതെ കുശലം പറഞ്ഞ് ഫോൺ വെച്ചു.
ആഴ്ചകൾക്ക് ശേഷം മകനെ കാണിക്കാൻ അദ്ദേഹത്തിന്റെ ഭാര്യ ക്ലിനിക്കിൽ വന്നു.
അന്നേരം ഞാൻ കാര്യം തുറന്നു പറഞ്ഞു:
"മനസ്സിൽ ഒന്നും വെക്കരുത്... മമ്മൂട്ടിക്കാനോട് ഞാൻ ചോദിച്ചതായി പറയണം" എന്ന് പറഞ്ഞ് ആത്മാർത്ഥമായി ക്ഷമ ചോദിച്ചു.
കാരണം, അപ്പോഴേക്കും മനസ്സറിഞ്ഞ് ഓണവും ക്രിസ്മസും വിഷുവും ഒക്കെ ആഘോഷിക്കാൻ തുടങ്ങിയിരുന്നു ഞാൻ; കൂടെ അല്പം നബിദിനവും.
കാലം മുന്നോട്ടുപോയി.
ഞാൻ മതം ഉപേക്ഷിച്ചു.
2019-ൽ അത് പരസ്യമായി പ്രഖ്യാപിച്ചു.
പിന്നീട് നടന്നതൊക്കെ നിങ്ങൾക്കറിയാവുന്ന പരസ്യമായ ചരിത്രം; എക്സ്-മുസ്ലിം ജൈത്രയാത്ര.
ഇന്നലെ യാത്രയിലായിരുന്നപ്പോഴും കണ്ട ആ രണ്ട് നബിദിന റാലികൾ...
സത്യത്തിൽ എന്റെ പഴയ കുട്ടിക്കാലമാണ് ഓർമ്മ വന്നത്; അല്ലാതെ ആ റാലിയിലേക്ക് വണ്ടി ഇടിച്ചുകയറ്റാനല്ല.
വണ്ടി നിർത്തിയിറങ്ങി അവരോടൊപ്പം നിന്ന് ഒരു ഫോട്ടോ എടുത്താലോ എന്ന് വരെ ഒരു നിമിഷം തോന്നി.
പക്ഷേ, വധഭീഷണി മൂലമുള്ള എന്റെ സുരക്ഷ മുൻനിർത്തി അത്തരം കാര്യങ്ങൾ ചെയ്യരുതെന്ന് പോലീസ് പറഞ്ഞിരുന്നത് ഓർമ്മ വന്നു.
ഞാൻ മാസ്ക് വെച്ച്, കുട്ടികളുടെ മേൽ തട്ടാതെ വണ്ടി പതിയെ മുന്നോട്ട് എടുത്തു.
വഴിയിൽ നിന്ന് ആരോ പായസം നീട്ടി.
ചിരിച്ചുകൊണ്ട് സ്നേഹത്തോടെ അത് നിരസിച്ചു.
പക്ഷേ മാസ്ക് വെച്ചതുകൊണ്ട് ആ ചിരി അവർക്ക് ഒരു കലിപ്പൻ നോട്ടമായി തോന്നിയോ ആവോ!
മനുഷ്യരായി ജീവിക്കുന്ന മുസ്ലിങ്ങളിലേക്ക് മതാന്ധത കുത്തിവെക്കുന്ന സലഫി-മൗദൂദി ആശയങ്ങളെയും,
മിതവാദി മുസ്ലിമിന്റെ കുപ്പായമണിഞ്ഞ് സലഫികൾക്ക് ആശയ സമീകരണം ഒരുക്കുന്ന "ഓണം ഡിപ്ലോമാറ്റിക് ആയി ആഘോഷിക്കണം" എന്ന് പ്രസംഗിക്കുന്ന സാദാ ഉസ്താദുമാരെയും തിരിച്ചറിഞ്ഞ് ചെറുക്കാൻ ആദ്യം മുന്നോട്ട് വരേണ്ടത് മുസ്ലിങ്ങൾ തന്നെയാണ്.
നിങ്ങൾ അത് ചെയ്യുന്നില്ലെങ്കിൽ, ആരാണ് മിതവാദി മുസ്ലിം എന്ന് തപ്പിയെടുക്കേണ്ട ബാധ്യത പൊതുസമൂഹത്തിന് മാത്രമായി ഉണ്ടാവില്ല.
ആദ്യം സ്വയം ഒരു ആത്മപരിശോധന വേണം.
ഇല്ലെങ്കിൽ ഒരു കൂട്ടർ ഉണ്ടാക്കുന്ന പ്രശ്നങ്ങളുടെ ഭാരം മുഴുവൻ സാധാരണക്കാരായ മുസ്ലിങ്ങളുടെയും തലയിലാകും; അത് വിദ്വേഷത്തിന് വഴിവെക്കും.
സംഘികളെ തള്ളാൻ ഹിന്ദുക്കൾ മുന്നിട്ടിറങ്ങുന്നതുപോലെ, ജിഹാദികളെ തള്ളിപ്പറയാൻ മുസ്ലിങ്ങളും മുന്നോട്ടുവരണം.
നബിദിന റാലിയിലേക്ക് വണ്ടി ഇടിച്ചുകയറ്റിയ ഹിന്ദു തീവ്രവാദിയെ ഒരു കാരണവശാലും വെറുതെ വിടരുത്.
വിദ്വേഷത്തിന് മറുപടി ഒരിക്കലും മറ്റൊരു വിദ്വേഷമല്ല.
നിയമത്തിന്റെ പരമാവധി മാതൃകാപരമായ ശിക്ഷ അയാള്‍ക്ക് ലഭിക്കണം.
ക്രിസ്മസ് വേദികളിലേക്ക് ട്രക്ക് ഇടിച്ചുകയറ്റുന്ന ജിഹാദി 'വിജയ മാതൃകകൾ' നമുക്കിവിടെ വേണ്ടേ വേണ്ട.
Arif Hussain Theruvath
Ex-salafi
.png)
Post a Comment