നിലവിളക്ക്:നാസർ ഫൈസി കൂടത്തായി 2019 ൽ എഴുതിയ ലേഖനം
വഖഫ് വിധിയിലെ 'നിലവിളക്ക് '
നാസർ ഫൈസി കൂടത്തായി
വില്പനയും വകമാറ്റവും പാടില്ലാത്ത വിധം വഖഫ് സ്വത്ത് പവിത്രമാണ്. സൂക്ഷ്മത പുലർത്തേണ്ടതാണ്. വഖഫ് സ്വത്തിന്റെ ഉടമസ്ഥൻ അല്ലാഹുവാണ്. അതിന്റെ കൈകാര്യ തർക്കത്തിൽ വിധി പറയുന്നതാണ് വഖഫ് ട്രിബ്യൂണൽ.ജഡ്ജിമാരുടെ നിയമന ഉൽഘാടനത്തിൽ മറ്റൊരു മതത്തിന്റെ ആചാരമായ നിലവിളക്ക് തെളിച്ചത് മന്ത്രിയുടെ സർവ്വ മത സത്യവാദം വെളിച്ചം കാണിക്കാനാണെങ്കിൽ സംഭവം വൈരുദ്ധ്യാധിഷ്ടിതമാണ്. ഹൈന്ദവ ദേവസ്വം ബോഡിന്റെ ചടങ്ങിന് ഫാതിഹ ചൊല്ലി തുടക്കം ആയിക്കൂടാത്ത പോലെ ഇസ്ലാമിന്റെ വഖഫ് ബോഡിൻറെ ചടങ്ങിനും നിലവിളക്ക് കൊളുത്തൽ ശരിയല്ല. നിലവിളക്ക് വെളിച്ചം തെളിക്കലല്ലേ എന്ന് ചോദിക്കേണ്ടതില്ല, ഫാതിഹ നേർമാർഗ്ഗ പ്രവേശനം ദൈവത്തോടർത്ഥിക്കലല്ലേ എന്ന ചോദ്യം ദേവസ്വം ബോർഡിൽ സ്വീകര്യമല്ലല്ലോ?
നവോത്ഥാനത്തിന്റെ പേരിൽ ആചാരലംഘനത്തിന് മുറവിളി കൂട്ടുന്നവർ പുരോഗമന കാലത്തും പട്ടാപകൽ നിലവിളക്ക് കൊളുത്തുന്ന പ്രാകൃത ആചാരം അതും മറ്റൊരു മതത്തിന് മാത്രം വിധി നിർണ്ണയിക്കുന്ന ചടങ്ങിന് വലിച്ചു കേറ്റുന്നതിന്റെ യുക്തി എന്താണ്?
ഈ ആചാരം ലംഘിക്കപ്പെടാതെ തന്നെ തുടരണമോ?
ഉൽഘാടനത്തിന് വേറെ പൊതു സമ്മതമായ എന്തെല്ലാം വഴികളുണ്ട്.
നിലവിളക്ക് പൊതുവേദിയിലെ ചടങ്ങാക്കുന്നത് സംബന്ധമായി മുകുന്ദൻ കുമാർ എം.പോരൂർ എഴുതിയത് വായിക്കാം " പ്രാചീനമായ അഗ്ന്യാരാധനയുടെ പ്രതിരൂപമാണ് നിലവിളക്ക്. ഇന്നും ആരാധനയുടെ ഭാഗമെന്ന നിലയിൽ ഹിന്ദുമത വിശ്വാസികൾ നിലവിളക്ക് കൊളുത്താറുണ്ട്. വ്യത്യസ്ത മതവിശ്വാസികളും മതവിശ്വാസികളല്ലാത്തവരുമുള്ള നമ്മുടെ സമൂഹത്തിൽ പൊതുപരിപാടികൾ എല്ലാവർക്കും പങ്കെടുക്കാൻ കഴിയുന്ന വിധത്തിൽ നടത്തേണ്ടതാണ്.നിലവിളക്കും പ്രാർത്ഥനയും മതവിശ്വാസവുമായി ബന്ധപ്പെട്ടതാണ്.പൊതു പരിപാടികളിൽ നിലവിളക്ക് കൊളുത്തൽ മറ്റുള്ളവരുടെ വ്യക്തിസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണ്. പഴയ ആചാരങ്ങൾ അതേപടി നിലനിർത്തലല്ല സംസ്കാരം. കാലഘട്ടത്തിനനുസരിച്ച് മാറ്റം വരുത്തേണ്ടതാണ്. ആയതിനാൽ നിലവിളക്ക് പോലുള്ള പ്രാകൃത ആചാരം പൊതുവേദികളിൽ നിരോധിച്ച് കൊണ്ട് സർക്കാർ ഉത്തരവ് ഇറക്കണം .പോലീസ് സ്റ്റേഷനിൽ ആയുധപൂജ നിരോധിച്ച സംഭവം മതൃകയാക്കാവുന്നതാണ്."
(മാതൃഭൂമി ,3/8/2015)
വിളക്കിനോടും വെളിച്ചത്തോടു മല്ലവിയോജിപ്പ്.നിലവിളക്കിലെ ഓരോ ഘടകവും ബഹുദൈവ ആരാധനയുമായ് ബന്ധപ്പെട്ടതാണ്. ആ ആരാധനയുടെ തന്നെ പകർപ്പാണ് സർക്കാർ പൊതുവേദിയിൽ തെളിയിക്കുന്ന നിലവിളക്ക്. അത് ഏകദൈവ വിശ്വാസികൾക്ക് സ്വീകാര്യമല്ല. ഏത് രാഷ്ട്രീയ പാർട്ടിയിലായിരുന്നാലും വിശ്വാസത്തിൽ സൂക്ഷ്മത വേണം..
നിലവിളക്കിന്‍റെ അടിസ്ഥാനം: -
∙ നിലവിളക്കിന്റെ അടിഭാഗം ബ്രഹ്മാവിനെയും തണ്ട് വിഷ്ണു ഭഗവാനെയും മുകൾ ഭാഗം ശിവനെയും കുറിക്കുന്നു.
∙ നിലവിളക്കിന്റെ നാളം ലക്ഷ്മിദേവിയെയും പ്രകാശം സരസ്വതിദേവിയെയും നാളത്തിലെ ചൂട് പാര്‍വ്വതി ദേവിയെയും സൂചിപ്പിക്കുന്നു.
നിലവിളക്കും വിളക്കും രണ്ടും രണ്ടാണ്.വിവഛേദം തിരിച്ചറിയണം. മുൻ കാലങ്ങളിൽ വൈദ്യുതി ഇല്ലാത്ത കാലത്ത് ഉപയോഗിച്ചു വന്ന തിരി കത്തിച്ച വിളക്കുകൾ മാറ്റാതെ വെച്ചതുണ്ടാവും. അവകളൊന്നും ഇപ്രകാരമുള്ള നിലവിളക്കല്ല.
നിലവിളക്ക് ആര് കൊളുത്തിയാലും ഹൈന്ദവ ആചാരമാണ്. തൗഹീദിന് വിരുദ്ധവുമാണ്
നാസർ ഫൈസി കൂടത്തായി
21/01/2019
Post a Comment