രാത്രിയിലെ മുത്ത് നബി: നിശയുടെ നിശബ്ദതയിൽ മുത്തുനബിയുടെ ആരാധനകളെ കുറിച്ച് അൽപം..
പകലിലും രാത്രിയിലും വളരെ ധന്യമായ ജീവിതമായിരുന്നു പുണ്യ നബിയിലുണ്ടായിരുന്നത്. പകൽ മാന്യനും രാത്രി കള്ളനുമായി നടക്കുന്ന കാപട്യം വമിക്കുന്ന ദുർഗന്ധം അംശം പോലും പുണ്യ നബിയുടെ രാത്രി കാല ജീവതത്തിൽ പോലും കാണുവാൻ സാധിക്കുകയില്ല. ഉമ്മഹാത്തുൽ മുഅ്‌മിനീങ്ങളും അടുത്ത അനുചരരും അതിന് സത്യ സാക്ഷികളാണ്.
ഇബാദത്തിന്റെ ഏറ്റവും പ്രധാധപ്പെട്ട നിമിഷങ്ങളാണ് രാത്രി. ആരുമറിയാതെ രാത്രി കാലങ്ങളിൽ ചെയ്യുന്ന ആരാധനാ കർമ്മങ്ങൾക്കും പ്രാർത്ഥനക്കും മഹത്വമേറിയ ശ്രേഷ്ഠതയും പ്രതിഫലവുമുണ്ട്. അത് ഉമ്മത്തിനെ പഠിപ്പിക്കുകയും ജീവതത്തിൽ പകർത്തുകയും ചെയ്തവരാണ് പുണ്യ നബി(സ).
പുണ്യ നബി(സ)യുടെ രാത്രിയിലെ നീണ്ട നിസ്ക്കാരവും പ്രാർത്ഥനയും നബിയിൽ പ്രൊജ്വലിക്കുന്ന നക്ഷത്രങ്ങളാണ്. രണ്ട് കാലിൽ നീര് കെട്ടി വീർക്കുന്നത് വരെ നിസ്ക്കരിക്കുകയും പടച്ച റബ്ബിന്റെ സർവ്വ അനുഗ്രഹങ്ങൾക്കും പരമാവധാ നന്ദിയും കടപ്പാടും അറിയിക്കുവാനും ശ്രമിച്ചു കൊണ്ടിരിന്നു തിരു നബി(സ). അൽപ്പം പോലും നന്ദിയില്ലാത്ത നമുക്ക് മുന്നിലെ വ്യക്തമായ അദ്ധ്യായമാണ് തിരു നബി(സ) യുടെ രാത്രിയിലെ ഇബാദത്തുകൾ. പുതപ്പിന്റെ ചൂടും ആസ്വദിച്ച് പ്രഭാതം വരെ നിദ്രയുടെ സുഖം കണ്ടെത്തി സുബഹി നിസ്ക്കാരം നഷ്ടപ്പെടുത്തുന്നതിലൂടെ നമ്മൾ യതാർത്ഥത്തിൽ മുഷിപ്പിലേക്കാണെത്തിചേരുന്നത്. പ്രിയ പത്നി ആഇശാ(റ)ബീവി പറയുന്നു: "നബി(സ) തന്റെ ഇരു പാദങ്ങളും നീർ വന്ന് വീങ്ങുന്നത് വരെ രാത്രി നിന്ന് നിസ്ക്കരിക്കാറുണ്ടായിരുന്നു. ഒരിക്കൽ ഞാൻ ചോദിച്ചു. "അല്ലാഹുവിന്റെ റസൂലേ, അങ്ങ് എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്. അങ്ങയുടെ കഴിഞ്ഞു പോയതും വരാനിരിക്കുന്നതുമായ എല്ലാ പാപങ്ങളും അല്ലാഹു പൊറുത്തു തന്നിട്ടുണ്ടല്ലൊ." നബി(സ) മറുപടി പറഞ്ഞു: "നന്ദിയുള്ള ഒരടിമയാകാൻ ഞാൻ ഇഷ്ടപ്പെടുകയില്ലേ?"(റിയാളുസ്വാലിഹീൻ-ഹ-98). വിവാഹം ചെയ്തയച്ച പ്രിയ മകൾ ഫാത്വിമ(റ)യെ പോലും രാത്രി വിളിക്കുകയും നിസ്ക്കാരത്തിന്റെ കാര്യം അന്യേഷിക്കുകയും ചെയ്തിരുന്നു. അലിയ്യുബ്നു അബീത്വാലിബ്(റ)ൽ നിന്ന് നിവേദനം. നബി(സ) അലി(റ)യേയും ഫാത്വിമാ ബീവിയേയും രാത്രി മുട്ടി വിളിച്ചു ചോദിച്ചു. "നിങ്ങൾ നിസ്ക്കരിക്കുന്നില്ലേ?" (റിയാളുസ്വാലിഹീൻ-ഹ-1161)
പുണ്യ നബി(സ) നിസ്ക്കരിക്കുബോൾ സ്വഹാബാക്കളും ഒപ്പം കൂടുമായിരുന്നു. ഒരിക്കൽ ഇബ്നു മസ്ഊദ് (റ) പുണ്യ നബിയുടെ കൂടെ നിസ്ക്കരിച്ചു. നിസ്ക്കാരം ദൈർഘ്യമേറിയതായിരുന്നു. നബി(സ) നിസ്ക്കാരമൊന്ന് നിറുത്തിയിരുന്നെങ്കിലെന്ന് വിചാരിച്ച് പോയ അവസ്ഥയിൽ നീണ്ടിരുന്നു നിസ്ക്കാരം. അബ്ദുല്ലാഹി ബ്ന് മസ്ഊദ്(റ) പറയുന്നു. "ഞാൻ നബി(സ) യുടെ കൂടെ ഒരു രാത്രി നിസ്ക്കരിച്ചു. നബി(സ) നിറുത്തം ദീർഘിപ്പിച്ചത് കൊണ്ട് ഞാനൊരു ചീത്ത കാര്യം ഉദ്ദേശിച്ചു പോയി." (റിയാളുസ്വാലിഹീൻ-ഹ-1174)
ദീർഘമേറിയ നിസ്ക്കാരത്തിന്റെ മഹത്വത്തെ കുറിച്ച് പുണ്യ നബി പറയുന്നു. നബി(സ)യോട് ചോദിക്കപ്പെട്ടു. "ഏറ്റവും പ്രധാനമായ നിസ്ക്കാരം ഏതാണ്?" നബി(സ) പറഞ്ഞു: ദീർഘമായ നിറുത്തമുള്ളത്". (റിയാളുസ്വാലിഹീൻ-ഹ-1176)
പുണ്യ നബിയുടെ സുദീർഘമായ നിസ്ക്കാരത്തെ കുറിച്ച് ഹുദൈഫ(റ) പറഞ്ഞു തരുന്നുണ്ട്. വേഗം തീരുമെന്ന് കരുതി കൂടെ കൂടിയതാണ്. നിറുത്തവും റുകൂഉം സുജൂദും എല്ലാം നീളമേറിയതായിരുന്നു. മൂന്നര ജുസ്അ് ഓളം ഒന്നാം റകഅത്തിൽ തന്നെ ഓതി. സാവധാനത്തിലുള്ള പാരായണം. ചോദിക്കേണ്ടതും പറയേണ്ടതുമെല്ലാം തന്റെ ഉടമയോട് ആവശ്യപ്പെട്ടു കൊണ്ടുള്ള ഭക്തിനിർഭരമായ നിസ്ക്കാരം. എന്തൊരു രസമാണ് അത് ആസ്വദിക്കാൻ. ഹുദൈഫ(റ) പറയുന്നു: ഒരു രാത്രി നബി(സ)യുടെ കൂടെ ഞാൻ നിസ്ക്കരിച്ചു. നബി(സ) അൽബഖറ സൂറത്ത് ഓതാൻ തുടങ്ങി. ഞാൻ കരുതി നൂറാമത്തെ ആയത്ത് എത്തുബോൾ നബി(സ) റുകൂഅ് ചെയ്യും. പിന്നെയും ഓതി തുടങ്ങിയപ്പോൾ അത് മുഴുവനും ഓതിത്തീർത്തു കൊണ്ട് നിസ്ക്കാരം പൂർത്തിയാക്കുമെന്ന് ഞാൻ കരുതി. പിന്നെയും ഓതാൻ തുടങ്ങിയപ്പോൾ അത് കൊണ്ട് ഒരു റകഅത്ത് നിസ്ക്കരിക്കുമെന്ന് ഞാൻ കരുതി. എന്നാൽ നബി(സ) സൂറത്തുന്നിസാഅ് തുടങ്ങുകയും അതും കഴിഞ്ഞ് ആലുഇംറാൻ സൂറത്ത് ഓതി തുടങ്ങുകയും ചെയ്തു. സാവാധാനമാണ് നബി(സ) ഓതിയത്. തസ്ബീഹിന്റെ ആയത്ത് വരുമ്പോൾ തസ്ബീഹ് ചൊല്ലുകയും പ്രാർത്ഥനയുടെ ആയത്ത് വരുമ്പോൾ പ്രാർത്ഥിക്കുകയും അഭയം തേടുന്ന ആയത്ത് വരുമ്പോൾ അഭയം തേടുകയും ചെയ്യും. പിന്നീട് നബി(സ) റുകൂഅ് ചെയ്തു.
റുകൂഇൽ سُبْحَانَ رَبِّيَ الْعَظِيمِ
എന്നു പറഞ്ഞു. നബി(സ)യുടെ റുകൂഅ് ഏതാണ്ട് നബി(സ)യുടെ നിറുത്തത്തിന്റെ അത്ര തന്നെയുണ്ടായിരുന്നു.
നബി(സ) سَمِعَ اللَّهُ لِمَنْ حَمِدَهُ ، رَبَّنَا لَكَ الْحَمْدُ . എന്ന് പറഞ്ഞു ഉയരുകയും റുകൂഇന്റെ അത്ര തന്നെ സമയം നിൽക്കുകയും ചെയ്തു. പിന്നീട് നബി(സ) സുജൂദ് ചെയ്തു. سُبْحَانَ رَبِّيَ الأَعْلَىഎന്നു പറഞ്ഞു. നബി(സ)യുടെ സുജൂദും ഏതാണ്ട് നബി(സ)യുടെ നിറുത്തതിന്റെ അത്ര തന്നെയുണ്ടായിരുന്നു. (റിയാളുസ്വാലിഹീൻ-ഹ-1175)
ഇഖ്ബാൽ റഹ്മാനി.കാമിച്ചേരി
Post a Comment