മതം നോക്കി തെരഞ്ഞുപിടിച്ചു തല്ലിക്കൊല്ലുന്ന ലോകത്ത് ഡോക്ടർ രേഖകൃഷ്ണന്റെ ഉൽകൃഷ്ടമായ മാതൃക ഇന്ത്യക്ക് അഭിമാനം - അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്

ഡോക്ടർ രേഖകൃഷ്ണന് ബിഗ് സല്യൂട്ട്

✒️അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്

     പട്ടാമ്പി സേവന ആശുപത്രിയിലെ ഡോക്ടർ രേഖകൃഷ്ണൻ ഒരു മുസ്ലിം സഹോദരിക്ക്  മരണസമയം കലിമ ചൊല്ലി കൊടുത്ത വാർത്ത വായിക്കാനിടയായി. പലവാസ്തവവിരുദ്ധമായ വാർത്തകളും വരുന്ന സോഷ്യൽ മീഡിയയിൽ ആയതുകൊണ്ട് അത് അവഗണിച്ചു.പക്ഷേ, ഇന്ന് അവരുമായി നടത്തിയ അഭിമുഖത്തിന്റെ വീഡിയോ പുറത്തുവന്നിരിക്കുന്നു. അതിൽ ഡോക്ടർ കാര്യങ്ങൾ സുവ്യക്തമായി പറയുന്നുണ്ട് :
      "കഴിഞ്ഞ 17 ദിവസമായി  വെൻറിലേറ്ററിൽ ആയിരുന്ന കോവിഡ് രോഗി മരണാസന്നയായെന്ന് മനസ്സിലാക്കിയപ്പോൾ കുടുംബവുമായി സംസാരിച്ചു വെൻറിലേറ്ററിൽ നിന്ന് മാറ്റി. രോഗിയുടെ ബന്ധുക്കൾക്ക് പ്രവേശനം ഇല്ലാത്തതുകൊണ്ട് കഴിഞ്ഞ 17 ദിവസമായി അവർ രോഗിയെ കണ്ടിട്ടില്ല. ഞാൻ വിവരങ്ങൾ അവരെ ധരിപ്പിക്കും. അത്രമാത്രം.ഇത് രോഗിയുടെ അവസാന നിമിഷങ്ങൾ ആണ് എന്നു മനസ്സിലാക്കിയപ്പോൾ കലിമ ചൊല്ലി കൊടുക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ഞാൻ ആലോചിച്ചു. എൻ്റെ സ്കൂൾ പഠനം യുഎഇയിൽ ആയതുകൊണ്ട് കലിമയും അതിൻറെ അർത്ഥവും ഒക്കെ ഞാൻ മനസ്സിലാക്കിയിരുന്നു. ഒരു നിമിഷം "ലാ ഇലാഹ ഇല്ലല്ലാഹ്" എന്ന കലിമ ആ സഹോദരിക്ക് ഞാൻ ചൊല്ലിക്കൊടുത്തു. ശേഷം മൂന്നുതവണ ശ്വാസോഛ്വാസം നടത്തിയ സഹോദരി യാത്രപറഞ്ഞു.ബന്ധുക്കൾ ഉണ്ടായിരുന്നുവെങ്കിൽ വളരെ പ്രാധാന്യപൂർവ്വം ചെയ്യുമായിരുന്ന അക്കാര്യം എനിക്ക് ചെയ്തു കോടുക്കാനായല്ലോ എന്ന സംതൃപ്തി ഇപ്പോഴും ഉണ്ട്."
      ഡോക്ടറുടെ അഭിമുഖത്തിലെ പ്രസക്തഭാഗം ആണ് മുകളിൽ കൊടുത്തത്.ഹിന്ദുവായ ഡോക്ടർ മുസ്ലിമായ രോഗിക്ക് മരണസമയം കലിമ ചൊല്ലി കൊടുക്കുന്നു! 'അല്ലാഹു ഒഴികെ ദൈവമേ ഇല്ല, മുഹമ്മദ് നബി അല്ലാഹുവിൻ്റെ ദൂതനാകുന്നു' എന്നാണ് കലിമയുടെ ആശയം.
     മതം നോക്കി തെരഞ്ഞുപിടിച്ചു തല്ലിക്കൊല്ലുന്ന ലോകത്ത് ഡോക്ടർ രേഖകൃഷ്ണൻ കാണിച്ച ഉൽകൃഷ്ടമായ മാതൃക ഇന്ത്യക്ക് അഭിമാനിക്കാൻ വക നൽകുന്നു.
     നജ്റാനിൽ നിന്ന് വന്ന ക്രൈസ്തവ പ്രതിനിധി സംഘത്തിന് പ്രാർത്ഥിക്കാൻ മദീനയിലെ മസ്ജിദുന്നബവിയിൽ സൗകര്യം ചെയ്തു കൊടുത്ത തിരു നബി ( സ്വ) യുടെ മാതൃകയും മുസ്‌ലിംകളുമായി അനുരജ്ഞനത്തിൽ കഴിയുന്ന അമുസ്ലിമിനെ വധിച്ചാൽ സ്വർഗ്ഗത്തിലെ സുഗന്ധം പോലും അനുഭവിക്കാൻ കഴിയില്ലെന്ന നബിവചനവും ഇതര മതസ്ഥരോടുള്ള ഇസ്ലാമിക സമീപനം വ്യക്തമാക്കുന്നു.ഇസ്ലാമിനെയും മുസ്ലിങ്ങളെയും വെറുപ്പോടെ മാത്രം കാണുന്നവർ ഇസ്ലാമിനെക്കുറിച്ച് പഠിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു..

അമ്പലക്കടവ് 
                        19/05/2021