സ്വപ്നം ഇസ്ലാമിൽ തെളിവല്ല.


സ്വപ്നം ഇസ്ലാമിൽ തെളിവല്ല, എന്ന് പറഞ്ഞാൽ അത് കൊണ്ട് ഇസ്ലാമിൽ ഒരു ഹുക്മ് സ്ഥിരപ്പെടുകയില്ല.
അഥവാ സ്ഥിരപ്പെട്ട ഹുക്മ് ഇല്ലാതാവുകയുമില്ല.
എന്നാൽ സ്വപ്നങ്ങൾ എല്ലാം അയാർഥാത്യങ്ങളാണെന്ന് ഇതിനർത്ഥമില്ല.
സ്വപ്നങ്ങൾ സ്വശരീരത്തിന്റെ ഇച്ചകളോ,പിശാചിന്റെ ഭയപ്പെടുത്തലുകളോ,അല്ലാഹുവിന്റെ സന്തോഷ വാർത്തകളോ ആവാമെന്ന് ഇബ്നു സീരീൻ (റ) പറഞ്ഞതായി ഹദീസിൽ കാണാം.
ഇമാം മുസ്ലിം(റ) സ്വഹീഹ് മുസ്ലിമിന്റെ ആമുഖത്തിൽ ഹദീസ് നിവേദകരുടെ യോഗ്യതയെക്കുറിച്ച് സംസാരിക്കവെ ഒരു സംഭവം ഉദ്ദരിക്കുന്നു:  


അലിയ്യുബ്നു മുസ്ഹിർ(റ) പറയുന്നു: ഞാനും ഹംസ(റ) യും അബാനുബ്നുഅബീഅയ്യാശിൽ നിന്ന് ആയിരത്തോളം ഹദീസുകൾ കേട്ടിരുന്നു. പിന്നീടൊരിക്കൽ ഞാൻ ഹംസ(റ)യെ കാണാനിടയായി. അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞ്. ഞാൻ നബി(സ)യെ സ്വപ്നത്തിൽ ദര്ഷിച്ചപ്പോൾ അബാനിൽ നിന്ന് കേട്ട മുഴുവൻ ഹദീസുകളും നബി(സ)യുടെ മുമ്പാകെ പ്രദർശിപ്പിച്ചു. എന്നാൽ അഞ്ചോ ആറോ ഹദീസുകൾ മാത്രമാണ് നബി(സ)ക്ക് പരിചയമുണ്ടായിരുന്നത്. (മുസ്ലിം 1/65)

ഇത് വിശദീകരിച്ച് ഇമാം നവവി(റ) എഴുതുന്നു:


ഖാസീ ഇയാസ്(റ) പറയുന്നു: അബാനുബ്നു അബീഅയ്യാശ് ദുർബ്ബലനായ റിപ്പോർട്ടർ ആണെന്ന സുസ്ഥിരമായ വസ്തുതയെ ശക്തിപ്പെടുത്തുന്ന ഒന്നായേ ഇതിനെ കാണാൻ പറ്റൂ. സ്വപ്നം കൊണ്ടുമാത്രം ഇദ്ദേഹത്തിന്റെ ദുർബ്ബലത സ്ഥിരപ്പെടുകയില്ല. സ്വപ്നം അടിസ്ഥാനമാക്കി മുമ്പ് സ്ഥിരപ്പെടാത്ത ഒരു സുന്നത്ത് സ്ഥിരപ്പെടുകയോ സ്ഥിരപ്പെട്ട ഒരു സുന്നത്ത് അസ്വീകാര്യമാവുകയോ ഇല്ല. ഇക്കാര്യം പണ്ഡിതലോകം ഏകോപിച്ചു പറഞ്ഞ കാര്യമാണ്. ഖാസി(റ)യുടെ സംസാരം ഇവിടെ അവസാനിക്കുന്നു. നമ്മുടെ അസ്വഹാബിൽപെട്ടവരും അല്ലാത്തവരും ഇക്കാര്യം പ്രസ്താവിച്ചിട്ടുണ്ട്. സ്വപ്നം അടിസ്ഥാനമാക്കി മതത്തിൽ സ്ഥിരപ്പെട്ടൊരു കാര്യം മാറ്റാൻ പറ്റില്ലെന്ന് എല്ലാവരും ഏകോപിച്ചു പറയുന്നു. "എന്നെ വല്ലവരും സ്വപ്നത്തിൽ കണ്ടാൽ എന്നെ തന്നെയാണ് അവർ കണ്ടത്" എന്ന ഹദീസിനു ഈ ആശയം എതിരല്ല. കാരണം  പ്രസ്തുത ഹദീസിന്റെ ആശയം നബി(സ)യെ ദർശിച്ചത് ശരിയാണെന്നും അത് പാഴ്കിനാവുകളിലോ പിശാച് സൃഷ്ടിക്കുന്ന ആശയ കുഴപ്പങ്ങളിലോപെട്ടതല്ലെന്നുമാണ്. എന്നാൽ മതപരമായൊരു നിയമം സ്ഥിരീകരിക്കാൻ അതുപോരാ. കാരണം നിദ്രയുടെ സമയം ക്രത്ത്യമായി കാര്യം വിലയിരുത്താനോ കേള്ക്കുന്നത് വേണ്ടപോലെ ഉറപ്പിക്കാനോ പറ്റിയ സമയമല്ല. ഒരാളുടെ റിപ്പോർട്ടും സാക്ഷ്യവും സ്വീകരിക്കാൻ അയ്യാൾ ഉണര്ച്ചയിലാകുകയും അശ്രദ്ദനോ മനപാടമാക്കൽ  മോശമായവനോ കൂടുതൽ പിഴവ് പറ്റുന്നവനോ ക്രത്യമായി കാര്യം വിലയിരുത്താൻ സാധിക്കാത്തവനോ ആവരുതെന്നു പണ്ഡിതലോകം ഉപാധിവെച്ചിട്ടുണ്ട്. നിദ്രയിലാണ്ടവനിൽ ഇപ്പറഞ്ഞ വിശേഷണങ്ങൾ ഇല്ലാത്തതിനാൽ അവന്റെ റിപ്പോർട്ട്‌ സ്വീകാര്യമല്ല. ഇപ്പറഞ്ഞതെല്ലാം സുസ്ഥിരമായ ഒരു നിയമത്തിനെതിരായി ഒരു മതപരമായ നിയമം സ്വപ്നത്തെ അടിസ്ഥാനമാക്കി സ്ഥാപിക്കുന്ന വിഷയത്തിലാണ്. എന്നാൽ നബി(സ) സ്വപ്നത്തിലൂടെ സുന്നത്തായ സ്ഥിരപ്പെട്ട ഒരു കാര്യം ചെയ്യാനോ നിഷിദ്ദമാണെന്ന്  സ്ഥിരപ്പെട്ട ഒരു കാര്യം ചെയ്യാതിരിക്കാനോ ഗുണകരമായ ഒരു കാര്യം നിർദ്ദേശിക്കുകയോ ചെയ്താൽ അതനുസരിച്ച് പ്രവർത്തിക്കൽ സുന്നത്താണെന്നതിൽ അഭിപ്രായാന്തരമില്ല അഭിപ്രായാന്തരമില്ല . കാരണം അത് സ്വപ്നത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള തീരുമാനമെടുക്കലല്ല. മറിച്ച് അത് മുമ്പേ സ്ഥിരപ്പെട്ട കാര്യമാണ്. (ശർഹു മുസ്ലിം 1/50)